Flash News

തൂത്തുക്കൂടി കൂട്ടക്കൊല; ജാലിയന്‍ വാലാബാഗിനെ ഓര്‍മിപ്പിക്കുന്നത്: പിയുസിഎല്‍

ന്യൂഡല്‍ഹി/ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള സ്റ്റെര്‍ലൈറ്റ് ചെമ്പുശുദ്ധീകരണ പ്ലാന്റിനെതിരേ സമരം നടത്തിയവര്‍ക്കു നേരെ പോലിസ് നടത്തിയ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവം അപലപനീയമെന്നു പീപ്പീള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍). തൂത്തുക്കുടിയില്‍ നടന്നതു സ്വാതന്ത്ര്യ സമരകാലത്തു ബ്രിട്ടീഷുകാര്‍ നടത്തിയ ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയെ അനുസ്മരിപ്പിക്കുന്നതാണെന്നു പിയുസിഎല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
പോലിസ് യൂനിഫോമിലല്ലാത്ത വിദഗ്ധരായ വെടിവയ്പുകാരെ ഉപയോഗിച്ചാണു പോലിസ് ക്രൂരത നടത്തിയതെന്നു വ്യക്തമാക്കുന്ന തെളിവുകളാണു പുറത്തുവന്നിരിക്കുന്നത്. സമരക്കാരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വെടിവയ്പ് നടത്തിയിരിക്കുന്നത്്. കൊല്ലപ്പെട്ടവരില്‍ മിക്കവര്‍ക്കും വെടിയേറ്റിരിക്കുന്നത് അരയ്ക്കു മുകളിലാണെന്നതു ഇതിനു തെളിവാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
40 മുതല്‍ 50 വരെ റൗണ്ട് വെടിവച്ചുവെന്നതും ആശങ്കപ്പെടുത്തുന്നതാണെന്നു പിയുസിഎല്‍ നാഷനല്‍ പ്രസിഡന്റ് രവികിരണ്‍ ജെയ്ന്‍, ജനറല്‍ സെക്രട്ടറി ഡോ. വി സുരേഷ് എന്നിവര്‍ ഒപ്പുവച്ച വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
എന്നാല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പദവിയിലുള്ള മൂന്ന് ഉദ്യോഗസ്ഥരാണു വെടിവയ്പിന് ഉത്തരവിട്ടതെന്നു പോലിസ് സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു. തൂത്തുക്കുടി സിപ്‌കോട്ട്, നോര്‍ത്ത്, സൗത്ത് പോലിസ് സ്‌റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രക്ഷോഭകരാണു സംഘര്‍ഷത്തിനു തുടക്കമിട്ടതെന്നും അതിനാല്‍ വെടിവയ്പിനു നിര്‍ബന്ധിതരാവുകയായിരുന്നുവെന്നും മൂന്ന് എഫ്‌ഐആറുകളിലും ആരോപിക്കുന്നു. എന്നാല്‍ എഫ്‌ഐആറില്‍ പറയുന്ന കാര്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.
അതിനിടെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കമ്പനിക്ക് ഭൂമി അനുവദിച്ചതു തമിഴ്‌നാട് വ്യവസായ വികസന കോര്‍പറേഷന്‍ റദ്ദാക്കി. തിങ്കളാഴ്ച പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ഉത്തരവിട്ടതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നടപടി.
13 പേര്‍ കൊല്ലപ്പെട്ട സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വിരുദ്ധ സമരം സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. പ്രതിഷേധം കനക്കുമ്പോഴും പ്രദേശത്തു രണ്ടാമത്തെ പ്ലാന്റ് തുറക്കാനുള്ള ശ്രമത്തിലായിരുന്നു കമ്പനി. ഇതിന് അനുവദിച്ച ഭൂമിയാണു സര്‍ക്കാര്‍ ഇപ്പോള്‍ റദ്ദാക്കിയത്. കമ്പനിയുടെ രണ്ടാം പ്ലാന്റിനെതിരായ സമരത്തിന്റെ 100ാം ദിവസമാണ് വെടിവയ്പുണ്ടായത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു മെയ് 23ന് രണ്ടാം പ്ലാന്റിന്റെ നിര്‍മാണപ്രവൃത്തികള്‍ ഹൈക്കോടതി തടഞ്ഞിരുന്നു.
അതേസമയം തൂത്തുക്കുടിയില്‍ ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണു പോലിസ് സമരക്കാര്‍ക്കു നേരെ വെടിവച്ചതെന്നു തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി വ്യക്തമാക്കി. നിയമസഭയുടെ മേശപ്പുറത്തു വച്ച റിപോര്‍ട്ടിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആരുടെയും പ്രേരണയ്ക്കു വഴങ്ങരുതെന്നും സമാധാനപാലനത്തിനു സഹകരിക്കണമെന്ന് അദ്ദേഹം തൂത്തുക്കുടിയിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
മന്ത്രിസഭ വിളിച്ചുകൂട്ടി നയപരമായ തീരുമാനമെടുക്കുന്നതിനു പകരം ചെമ്പു സംസ്‌കരണ ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവു പുറപ്പെടുവിച്ച സര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷ നേതാവ് എ കെ സ്റ്റാലിന്‍ ചോദ്യം ചെയ്തു. സര്‍ക്കാര്‍ ഉത്തരവു ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ളതാണെന്നും അദ്ദേഹം ആരോപിച്ചു. കറുത്തവസ്ത്രം ധരിച്ചാണു ഡിഎംകെ എംഎല്‍എമാര്‍ ഇന്നലെ സഭയിലെത്തിയത്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് അവര്‍ പിന്നീട് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Next Story

RELATED STORIES

Share it