തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കുന്നതിനോട് നാട്ടുകാര്‍ക്ക് എതിര്‍പ്പ്

തൂത്തുക്കുടി: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കുന്നതിനോട് ഭൂരിപക്ഷം നാട്ടുകാര്‍ക്കും എതിര്‍പ്പാണെന്നു ദേശീയ ഹരിത കോടതി നിയോഗിച്ച വിദഗ്ധ സമിതി.
ഞായറാഴ്ചയാണ് മേഘാലയ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് തരുണ്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘം തൂത്തുക്കുടിയിലെത്തി തെളിവെടുപ്പ് നടത്തുകയും പൊതുജനങ്ങളുടെ അഭിപ്രായം തേടുകയും ചെയ്തത്.
തമിഴ്‌നാട്, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡുകളിലെ അംഗങ്ങള്‍ കൂടി ഉള്‍പ്പെട്ട സംഘത്തിനൊപ്പം ജില്ലാ കലക്ടര്‍ സന്ദീപ് നന്ദുരി, ജില്ലാ പോലിസ് മേധാവി മുരളി രംഭ എന്നിവരും തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണ ഫാക്ടറിയില്‍ പരിശോധനയ്‌ക്കെത്തി. സമീപത്തെ കുമാരഗിരി കുളത്തിലെ വെള്ളത്തിന്റെ ഗുണനിലവാരവും സംഘം പരിശോധിച്ചു. സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ പ്രക്ഷോഭം ആരംഭിച്ച കുമാരട്ടിയപുരം ഗ്രാമവും വിദഗ്ധ സമിതി സന്ദര്‍ശിച്ചു.
സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് സംഘം പ്ലാന്റ് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായം തേടിയത്. സമിതി മുമ്പാകെ രേഖാമൂലം അഭിപ്രായം നല്‍കിയവരില്‍ ഭൂരിപക്ഷവും പ്ലാന്റ് വീണ്ടും തുറക്കരുതെന്ന് അഭിപ്രായപ്പെടുകയായിരുന്നു. നാട്ടുകാരുടെ പ്രതിനിധികളില്‍ ഭൂരിപക്ഷവും സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കരുതെന്നാവശ്യപ്പെട്ടതായി തരുണ്‍ അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തിയ ശേഷം പ്ലാന്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it