Flash News

തൂത്തുക്കുടി : മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍

തൂത്തുക്കുടി : മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍
X


തൂത്തുക്കുടി : തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ വേദാന്ത സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരായ പ്രക്ഷോഭത്തിനു നേര്‍ക്കുണ്ടായ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ അനുവദിക്കില്ലെന്നും ബന്ധുക്കള്‍ പ്രഖ്യാപിച്ചു.
പ്ലാന്റ് അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടുള്ള സമരത്തിന്റെ നൂറാം ദിവസമായ ഇന്നലെ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെയായിരുന്നു വെടിവയ്പ്.
നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധക്കാര്‍ കലക്ടറേറ്റിലേക്ക് തള്ളിക്കയറിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് വെടിവയ്പില്‍ കലാശിച്ചത്. സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്്്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരില്‍ ഗ്ലസ്റ്റണ്‍, തമിഴരശ്, മണ്‍മുഖം, മണിരാജ്, ആന്റണി സെല്‍വരാജ്, രഞ്ജിത്ത് കുമാര്‍, സ്‌നൗലിന്‍, വിനീത എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മലിനീകരണം ചൂണ്ടിക്കാട്ടിയാണ് ഫാക്ടറി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിനിറങ്ങിയത്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കു നേരെ കല്ലേറുമുണ്ടായി. ഫാക്ടറിയിലേക്ക് മാര്‍ച്ച് നടത്താന്‍ പോലിസ് അനുമതി നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇന്നലെ സമീപത്തെ ചര്‍ച്ചിനടുത്ത് തടിച്ചുകൂടിയ 20,000ഓളം വരുന്ന പ്രതിഷേധക്കാര്‍ ജില്ലാ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. സമരക്കാരെ നേരിടാന്‍ നാലായിരത്തോളം വരുന്ന പോലിസ് സംഘമാണ് തൂത്തുക്കുടിയില്‍ ഉണ്ടായിരുന്നത്.
പ്രതിഷേധക്കാര്‍ പോലിസിനെ കല്ലെറിഞ്ഞതായും വാഹനങ്ങള്‍ മറിച്ചിട്ടതായും റിപോര്‍ട്ടുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് ചൂരലും കണ്ണീര്‍വാതകവും പ്രയോഗിച്ചു.  പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്കു തീക്കൊളുത്തി. സര്‍ക്കാര്‍ കാറുകളും വിന്‍ഡ് സ്‌ക്രീനുകളും തകര്‍ത്തു.
അക്രമം അവസാനിക്കാത്തതിനെ തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് പോലിസിന്റെ വിശദീകരണം. ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ്‌വെടിവച്ചതെന്ന് ഫിഷറീസ് മന്ത്രി ഡി ജയകുമാര്‍ പറഞ്ഞു. ഫാക്ടറിക്കു ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്ലാന്റിനെതിരേ നിയമപ്രകാരമുള്ള നടപടിയുണ്ടാവുമെന്നും ജനങ്ങള്‍ ശാന്തരാവണമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രതികരിച്ചു.
Next Story

RELATED STORIES

Share it