തൂത്തുക്കുടി മാതൃകയില്‍ സമരത്തിനു ഗുജറാത്ത് കര്‍ഷകര്‍

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തുത്തുക്കുടിയില്‍ വെടിവയ്പിലേക്കു നയിച്ച സമരത്തിനു പിന്നാലെ ഗുജറാത്തിലെ കര്‍ഷകരും പ്രക്ഷോഭത്തിലേക്ക്. കര്‍ഷകരുടെ ഭൂമിയടക്കം തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന കല്‍ക്കരി ഖനന കമ്പനി നടപടികള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നാണു കര്‍ഷകരുടെ താക്കീത്. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡിനെതിരേയാണ് ഭാവ്‌നഗറിലെ കര്‍ഷകരുടെ പ്രതിഷേധം.
12 ഗ്രാമങ്ങളിലായി 1,414 ഹെക്റ്റര്‍ ഭൂമിയാണു കമ്പനി ഖനനത്തിനായി ഏറ്റെടുക്കാനിരിക്കുന്നത്. ഗുജറാത്ത് ഇപ്പോള്‍ അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ വക്കിലാണെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭാ നേതാവ് അതുല്‍ അഞ്ചന്‍ പറഞ്ഞു. കനത്ത പ്രക്ഷോഭമാണു വരാനിരിക്കുന്നത്. കര്‍ഷകര്‍ മാത്രമല്ല, മുഴുവന്‍ ഗ്രാമീണരും സമരത്തിനിറങ്ങും. നിരവധി സംഘടനകളാണു പ്രക്ഷോഭത്തിനു സന്നദ്ധമായി രംഗത്തുള്ളത്. തൂത്തുക്കുടിയിലേതിനു സമാനമായ സാഹചര്യം തന്നെയാണ് ഇവിടെയുമെന്നു സര്‍ക്കാര്‍ മനസ്സിലാക്കണം. എന്നാല്‍ തൂത്തുക്കുടിയിലേതു പോലെ ഈ സമരത്തെ കൈകാര്യം ചെയ്യാനാണു സര്‍ക്കാര്‍ ശ്രമമെങ്കില്‍ സംസ്ഥാനം മുഴുവന്‍ കത്തുക തന്നെ ചെയ്യുമെന്നും അതുല്‍ അഞ്ചന്‍ താക്കീതു നല്‍കി.
അതേസമയം നിരവധി ഗ്രാമങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഭൂമി, ഖനനത്തിനായി 1997ല്‍ കമ്പനിക്ക് അനുവദിച്ചു നല്‍കിയതാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമം അവഗണിച്ചാണ് സര്‍ക്കാര്‍ കമ്പനിക്കൊപ്പം നില്‍ക്കുന്നതെന്നു കര്‍ഷകര്‍ ചൂണ്ടിക്കാണിച്ചു. ഏതാവശ്യത്തിന് അനുവദിച്ചതാണെങ്കിലും അഞ്ചു വര്‍ഷക്കാലം ഉപയോഗിക്കാതെ കിടന്നാല്‍ ആ ഭൂമി ഉടമസ്ഥര്‍ക്കോ, കര്‍ഷകര്‍ക്കോ തിരികെനല്‍കണമെന്നാണ് നിയമം. ഈ നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കേണ്ടതെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it