തൂത്തുക്കുടിക്കാരുടെ സമരം മണ്ണും വായുവും സംരക്ഷിക്കാന്‍

ചെന്നൈ: വേദാന്ത ഗ്രൂപ്പിന് കീഴിലുള്ള സ്‌റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പു ശുദ്ധീകരണശാല പൂട്ടണമെന്ന് ആവശ്യപ്പെട്ട് തൂത്തുക്കുടി നിവാസികളുടെ സമരം ആരംഭിച്ചിട്ട് 100 ദിവസം. സമരത്തിനു നേര്‍ക്ക് ഇന്നലെ പോലിസ് നടത്തിയ വെടിവയ്പില്‍ നിരവധി പേര്‍ക്കാണു ജീവന്‍ നഷ്ടമായത്. കമ്പനിക്കെതിരേയും പ്ലാന്റ് ശേഷി വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരേയും നിരവധി പ്രക്ഷോഭങ്ങളാണു തൂത്തുക്കുടിയില്‍ അടുത്തിടെ നടന്നത്. ഒടുവില്‍ കലക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചാണ് വെടിവയ്പില്‍ കലാശിച്ചത്. പ്രതിവര്‍ഷം 4,00,000 ടണ്‍ ചെമ്പ് ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് സ്‌റ്റെര്‍ലൈറ്റിന്റെ പ്ലാന്റ്. മാര്‍ച്ച് 27 മുതല്‍ പ്ലാന്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരിക്കുകയാണ്. പ്ലാന്റിന്റെ ശേഷി 8,00,000 ടണ്ണായി ഉയര്‍ത്താനായിരുന്നു കമ്പനി ലക്ഷ്യമിട്ടത്.
പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വേദാന്തയുടെ ലൈസന്‍സിനുള്ള അപേക്ഷ നിരസിച്ചു. മലിനീകരണ ബോര്‍ഡിന്റെ ഉന്നതാധികാര സമിതി ജൂണ്‍ ആറിനാണ് അടുത്ത ഹിയറിങ് വച്ചിരിക്കുന്നത്. സ്‌റ്റെര്‍ലൈറ്റ് കമ്പനി പരിസരപ്രദേശത്തുള്ള നദിയിലേക്ക് ചെമ്പുമാലിന്യങ്ങള്‍ തള്ളുന്നുവെന്നും പ്ലാന്റിന്റെ ബോര്‍വെല്ലുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഭൂഗര്‍ഭജല പരിശോധന റിപോര്‍ട്ട് നല്‍കിയിട്ടില്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കുന്നു. കമ്പനി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസ് ദേശീയ ഹരിത ട്രൈബ്യൂണലില്‍ നടന്നപ്പോള്‍ ആഴ്ചകളോളം കമ്പനി പ്രവര്‍ത്തനരഹിതമായിരുന്നു.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആര്‍ക്ക് വേണമെങ്കിലും പ്ലാന്റ് പരിശോധിക്കാമെന്നും കമ്പനി സിഇഒ പി രാംനാഥ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, പ്രക്ഷോഭകര്‍ ഇതു നിഷേധിച്ചു. പ്ലാന്റിന്റെ ഉള്‍വശത്തല്ല മലിനീകരണം നടക്കുന്നതു കമ്പനിക്ക് പുറത്താണെന്നാണ് അവരുടെ പക്ഷം.
തൂത്തുക്കുടി സ്റ്റീവ്‌ഡോര്‍സ് അസോസിയേഷന്‍, കെമിക്കല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍, വിന്‍ഡിങ് വയര്‍ മാനുഫാക്ചറിങ് അസോസിയേഷന്‍ എന്നിവര്‍ കമ്പനി പൂട്ടുന്നതിനെതിരേ ശക്തമായി രംഗത്തുണ്ട്. ആയിരക്കണക്കിന് ആളുകളുടെ ജീവിതമാര്‍ഗം ഇല്ലാതാകുമെന്നും ചെമ്പുവ്യവസായം തന്നെ പ്രതിസന്ധിയിലാവുമെന്നുമാണ് ഇവരുടെ വാദം. ഇന്ത്യയുടെ ചെമ്പ് വിപണിയുടെ 35 ശതമാനവും സ്‌റ്റെര്‍ലൈറ്റിന്റെ കൈപ്പിടിയിലാണ്. ഗള്‍ഫ്, ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ് ഇവരുടെ പ്രധാന കയറ്റുമതി.
Next Story

RELATED STORIES

Share it