thrissur local

തൂക്കുപാലങ്ങളില്‍ ഭാരം കൂടിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

ചാവക്കാട്: നഗരസഭയിലെ തൂക്കുപാലങ്ങളില്‍ ഭാരം കൂടിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. താലൂക്ക് ആശുപത്രിക്ക് പുറകിലുള്ള തൂക്കുപാലത്തില്‍ കൂടി ഭാരം കൂടിയ വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ പാലത്തിന്റെ ഷീറ്റിന് കേടുപാട് സംഭവിക്കുകയാണെന്ന് കൗണ്‍സിലര്‍ പി ഐ വിശ്വംഭരന്‍ നഗരസഭയില്‍ നല്‍കിയ കത്തിനെത്തുടര്‍ന്നാണ് നടപടി.
കനോലി കനാലിന് കുറുകെയുള്ള നഗരസഭയുടെ എല്ലാ തൂക്കുപാലങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ യോഗത്തെ അറിയിച്ചു. ഇതിനായി പാലത്തിന്റെ ഇരുഭാഗത്തും ഇരുമ്പ് ക്രോസ്ബാര്‍ നിര്‍മ്മിക്കും. കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് സ്വന്തമായി വാഹനം വാങ്ങാനുള്ള ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ തീരുമാനം യോഗം അംഗീകരിച്ചു. വാഹനം ലഭ്യമാകുന്നത് വരെ നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ട്രാക്ടര്‍ ഇതിനായി ഉപയോഗിക്കും.
ജനകീയാസൂത്രണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എ എച്ച് അക്ബര്‍ പ്രമേയം അവതരിപ്പിച്ചു. നഗരസഭ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ച മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണം, പൊതുശ്മശാന നവീകരണം തുടങ്ങിയ പല പ്രവൃത്തികളും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ കരാര്‍ വെക്കാനാവാത്ത സാഹചര്യത്തിലാണ്.
സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഫണ്ട് ലാപ്‌സാകും. ഇക്കാര്യങ്ങള്‍ പരിശോധിച്ച് നഗരസഭയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രമേയം. അംഗപരിമിതര്‍ക്കുള്ള മുച്ചക്രവാഹനത്തിന്റെ വിതരണോദ്ഘാടനം കൗണ്‍സില്‍ യോഗത്തിനുശേഷം ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it