തൂക്കിക്കൊലയാണ് കൂടുതല്‍ സുരക്ഷിതമെന്ന് കേന്ദ്രം

തൂക്കിക്കൊലയാണ് കൂടുതല്‍ സുരക്ഷിതമെന്ന് കേന്ദ്രം
X
ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കുന്ന കേസുകളില്‍ മരണംവരെ തൂക്കിലേറ്റുന്ന രീതിയാണ് സുരക്ഷിതവും വേഗമേറിയതുമെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി. വിഷം കുത്തിവച്ചുള്ള വധശിക്ഷയും വെടി വച്ചു കൊല്ലുന്നതും കൂടുതല്‍ പ്രാകൃതവും മനുഷ്യത്വരഹിതവും തടവുകാരനു കൂടുതല്‍ ഭയം ഉണ്ടാക്കുന്നതുമാണെന്നാണു സര്‍ക്കാര്‍ നിലപാട്.
തൂക്കിക്കൊല്ലുന്ന വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രിംകോടതി അഭിഭാഷകനായ റിഷി മല്‍ഹോത്ര നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ നല്‍കിയ എതിര്‍സത്യവാങ് മൂലത്തിലാണു കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ നിലപാടു വ്യക്തമാക്കിയത്.
തൂക്കിക്കൊല്ലുന്നതു വഴി പെട്ടെന്നു മരണം നടക്കില്ലെന്നും അന്തസ്സോടെ മരിക്കാനുള്ള പൗരന്റെ അവകാശത്തിന്റെ ലംഘനമാണിതെന്നുമാണു മല്‍ഹോത്രയുടെ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.



തൂക്കിക്കൊല്ലുന്നതു എളുപ്പത്തിലും ലളിതമായും ചെയ്യാം, അപകടസാധ്യത ഒഴിവാക്കാം, സാവധാനമുള്ള മരണസാധ്യതയും ഒഴിവാക്കാം തുടങ്ങിയ ന്യായങ്ങളാണു തൂക്കിക്കൊല്ലുന്നതിന് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.
1973ലെ ക്രിമിനല്‍ നടപടിക്രമത്തിലെ (സിആര്‍പിസി) വധശിക്ഷയുമായി ബന്ധപ്പെട്ട സെക് ഷന്‍ 354 (5) ഇന്ത്യന്‍ ഭരണഘടനയുടെ അധികാരത്തെ ലംഘിക്കുന്നതാണെന്നും ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതാണെന്നുമാണു പൊതുതാല്‍പര്യ ഹരജിയില്‍ പറയുന്നത്.
എന്നാല്‍, ഇവ നിയമനിര്‍മാണ നയത്തിന്റെ മാത്രമായ പ്രത്യേകതയാണെന്നും വൈകാരികമായ വിഷയമാണെന്നും ഇവ ഒരു പൊതുതാല്‍പര്യ ഹരജിയിലൂടെ പരിഗണിക്കേണ്ട കാര്യമല്ലെന്നുമാണു കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. സിആര്‍പിസിയിലെ സെക്ഷന്‍ 354 (5) പ്രകാരം വധശിക്ഷ നടപ്പാക്കുന്ന രീതിയാണ് വിവരിക്കുന്നത്.
ആരെയെങ്കിലും വധശിക്ഷയ്ക്കു വിധേയരാക്കുമ്പോള്‍ കഴുത്തില്‍ കുരുക്കിട്ടു മരിക്കുന്നതു വരെ തൂക്കുകയാണ് എന്നാണു പറയുന്നതെന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലുണ്ട്.
Next Story

RELATED STORIES

Share it