kozhikode local

തുവ്വക്കോട് മലയിലെ അനധികൃത പടക്കനിര്‍മാണശാലയില്‍ റെയ്ഡ്

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് മലയില്‍ അനധികൃത പടക്ക നിര്‍മാണ കേന്ദ്രങ്ങളില്‍ പോലിസ് റെയ്ഡ് നടത്തി. അഞ്ചു വീടുകളില്‍ സൂക്ഷിച്ചിരുന്ന ഉഗ്രശേഷിയുള്ള 350 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ റെയ്ഡില്‍ കണ്ടെത്തി.
മൂന്ന് പേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വടകര എസ്പി പ്രതീഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കൊയിലാണ്ടി പ്രിന്‍സിപ്പല്‍ എസ്‌ഐ നിപുന്‍ ശങ്കര്‍, എസ്‌ഐമാരായ അശോകന്‍ ചാലില്‍, പി ജെ.അബ്രഹാം, ബോംബ് സ്‌ക്വാഡ് എസ്‌ഐ എം സുധാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഷാഡോ പോലിസടക്കം നാല്‍പ്പതോളം പോലിസുകാര്‍ പങ്കെടുത്തു. ടിന്‍സി എന്ന പോലീസ് നായയോടൊപ്പം ഡോഗ് സ്‌ക്വാഡും തിരച്ചിലില്‍ പങ്കാളികളായി. ശനിയാഴ്ച അതിരാവിലെ തുടങ്ങിയ റെയ്ഡ് വൈകുവരെ തുടര്‍ന്നു.തുവ്വക്കോട് മാവുള്ളി മീത്തല്‍ കുഞ്ഞിരാമന്‍ നായര്‍,കായക്കല്‍ ആനന്ദന്‍, പുതിയ പുരയില്‍ മീത്തല്‍ ബാബു എന്നിവരാണ് പോലിസ് കസ്റ്റഡിയില്‍ ഉള്ളത്.
ക്ഷേത്രോല്‍സവങ്ങളോടനുബന്ധിച്ച് അനധികൃത പടക്ക നിര്‍മാണ കേന്ദ്രങ്ങള്‍ തുവ്വക്കോട് ഭാഗത്ത് സജീവമായത് പോലിസിന്റെ ശ്രദ്ദയില്‍പ്പെട്ടിരുന്നു. യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പടക്ക നിര്‍മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. പൊട്ടാസ്യം സള്‍ഫൈറ്റ്, അലുമിനിയം പൗഡര്‍, സള്‍ഫര്‍ പൗഡര്‍, കരിമരുന്ന്, തിരികള്‍, അമിട്ട് നിര്‍മ്മാണത്തിനുപയോഗിക്കുന്ന വസ്ത്തുക്കള്‍,ഓലപ്പടക്കത്തിനുപയോഗിക്കുന്ന പനയോലകള്‍ എന്നിവയെല്ലാം റെയ്ഡില്‍ കണ്ടെത്തി. ആറ് ചാക്ക് ഓലപ്പടക്കങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it