തുവര സംസ്‌കരിച്ചില്ല; മഹാരാഷ്ട്ര സര്‍ക്കാരിന് 1,000 കോടി നഷ്ടം

മുംബൈ: 3,000 കോടി രൂപയ്ക്കു സംഭരിച്ച തുവര പരിപ്പാക്കാന്‍ സംസ്‌കരിക്കാത്തതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് 1,000 കോടിയുടെ നഷ്ടം സംഭവിച്ചേക്കുമെന്ന് സംസ്ഥാന വിപണന വകുപ്പ് ഉദ്യോഗസ്ഥര്‍. 2016 ഡിസംബര്‍ മുതല്‍ 2017 ജൂണ്‍ വരെ 67.34 ലക്ഷം ക്വിന്റല്‍ തുവരയാണ് സംഭരിച്ചത്. തുവര സംസ്‌കരിച്ച് പരിപ്പാക്കിയാലേ ദീര്‍ഘകാലം സൂക്ഷിച്ച് വിപണിയിലെത്തിക്കാനാവൂ. എന്നാല്‍, ഇതുവരെ 95 ശതമാനം തുവരയും സംസ്‌കരിച്ചിട്ടില്ല. ഉപയോഗശൂന്യമാവുന്ന തുവര വലിച്ചെറിയുകയേ മാര്‍ഗമുള്ളൂ എന്ന് അധികൃതര്‍ പറഞ്ഞു.
വിളവെടുത്ത തുവരയുടെ ആയുസ്സ് ആറുമാസം മുതല്‍ ഒരുവര്‍ഷം വരെയാണ്. 2017 ജൂണിനു മുമ്പ് സംഭരിച്ച തുവരയുടെ ആയുസ്സ് ഏതാണ്ട് അവസാനിച്ചു. കേടുവന്ന തുവര പിന്നീട് സംസ്‌കരിച്ച് തുവരപ്പരിപ്പാക്കാന്‍ കഴിയില്ല. ഇതു വന്‍ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും. തുവര സംഭരിക്കുന്നതിലും സംസ്‌കരിക്കുന്നതിലും വന്ന വീഴ്ചകള്‍ക്ക് സിഎജി സംസ്ഥാന സര്‍ക്കാരിനെ ശാസിച്ചിരുന്നു.
ഒരു ഭക്ഷ്യസംസ്‌കരണ കമ്പനിക്ക് അനര്‍ഹമായി ആനുകൂല്യം നല്‍കിയതിന് മഹാരാഷ്ട്ര സ്റ്റേറ്റ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (എംഎസ്എംഎഫ്) ജനറല്‍ മാനേജറെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ കമ്പനിക്കെതിരേ കേസെടുക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിറക്കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it