തുളുനാട്ടില്‍ ത്രികോണ മല്‍സരത്തിന് അരങ്ങൊരുങ്ങി

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

മഞ്ചേശ്വരം: ഭാഷാ സംഗമഭൂമിയായ കേരള-കര്‍ണാടക അതിര്‍ത്തിയിലെ മഞ്ചേശ്വരം മണ്ഡലത്തില്‍ ഈ പ്രാവശ്യവും ത്രികോണ മല്‍സരത്തിന് അരങ്ങൊരുങ്ങി. സിറ്റിങ് എംഎല്‍എ യുഡിഎഫിലെ പി ബി അബ്ദുര്‍റസാഖ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, മുന്‍ എംഎല്‍എ സിപിഎമ്മിലെ അഡ്വ. സി എച്ച് കുഞ്ഞമ്പു എന്നിവരാണ് മണ്ഡലത്തില്‍ മാറ്റുരയ്ക്കുന്നത്. എസ്ഡിപിഐ, പിഡിപി, വെല്‍ഫയര്‍ പാര്‍ട്ടികള്‍ക്ക് മണ്ഡലത്തില്‍ ശക്തമായ അടിത്തറയുണ്ട്.
2011ല്‍ മുസ്‌ലിംലീഗിലെ പി ബി അബ്ദുര്‍റസാഖ് 49,817 വോട്ടിനാണ് വിജയിച്ചത്. ബിജെപിയിലെ കെ സുരേന്ദ്രനെ 5528 വോട്ടുകള്‍ക്കാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. സിറ്റിങ് എംഎല്‍എ സി എച്ച് കുഞ്ഞമ്പു മൂന്നാംസ്ഥാനത്തായിരുന്നു.
1957ലെ ആദ്യ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രന്‍ എം ഉമേശ് റാവു വിജയിച്ചു. 60ലും 67ലും സ്വതന്ത്രനായും 65ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലും കള്ളിഗെ മഹാബല ഭണ്ഡാരി വിജയിച്ചു. 70ലും 77ലും എം രാമപ്പയും(സിപിഐ) 1980ലും 82ലും ഡോ. എ സുബ്ബറാവും(സിപിഐ) വിജയിച്ചു. 19 വര്‍ഷം മുസ്‌ലിംലീഗിലെ ചെര്‍ക്കളം അബ്ദുല്ല ഭരിച്ച മണ്ഡലം 2006ല്‍ സിപിഎമ്മിലെ സി എച്ച് കുഞ്ഞമ്പു കൈക്കലാക്കി. 2011ല്‍ യുഡിഎഫിലെ പി ബി അബ്ദുര്‍റസാഖ് മണ്ഡലം തിരിച്ചുപിടിച്ചു.
വിവിധ കാലയളവില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ കെ ജി മാരാര്‍, സി കെ പത്മനാഭന്‍, ബാലകൃഷ്ണ ഷെട്ടി എന്നിവരെയാണ് ചെര്‍ക്കളം പരാജയപ്പെടുത്തിയത്. സംഘപരിവാരം താമര വിരിയിക്കുമെന്ന് കാലാകാലങ്ങളില്‍ വീരവാദം മുഴക്കുന്ന മണ്ഡലം കൂടിയാണിത്. അതിര്‍ത്തി മേഖലയായതിനാല്‍ സംഘപരിവാരത്തിന് ശക്തമായ അടിത്തറയുമുണ്ട്. തുളു, കന്നഡ, കൊങ്കിണി, മറാഠി, ബ്യാരി, ഉര്‍ദു, മലയാളം തുടങ്ങി എട്ടോളം ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങളാണ് മണ്ഡലത്തില്‍ വസിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ അഞ്ചും യുഡിഎഫ് നേടി. മഞ്ചേശ്വരം, മീഞ്ച, വോര്‍ക്കാടി, മംഗല്‍പാടി, കുമ്പള പഞ്ചായത്തുകളും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തും യുഡിഎഫാണ് ഭരിക്കുന്നത്. എന്‍മകജെ നറുക്കെടുപ്പിലൂടെ ബിജെപിക്ക് ലഭിച്ചു. പുത്തിഗെയില്‍ സിപിഎമ്മും പൈവളിഗെയില്‍ യുഡിഎഫ് പിന്തുണയോടെ എല്‍ഡിഎഫും ഭരിക്കുന്നു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം സി എച്ച് കുഞ്ഞമ്പുവും സിറ്റിങ് എംഎല്‍എ റസാഖും വീണ്ടും മല്‍സര രംഗത്തിറങ്ങിയതോടെ അത്യുത്തര കേരളം വീറും വാശിയും നിറഞ്ഞ പോരാട്ടത്തിന് വേദിയാവാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ജനുവരിയിലെ കണക്കു പ്രകാരം മഞ്ചേശ്വരം മണ്ഡലത്തില്‍ 2,04,101 വോട്ടര്‍മാരാണുള്ളത്. മഞ്ചേശ്വരം താലൂക്ക് യാഥാര്‍ഥ്യമായത് ഈ സര്‍ക്കാരിന്റെ കാലത്താണ്. മഞ്ചേശ്വരം തുറമുഖം, പ്രധാനപ്പെട്ട റോഡുകള്‍ എന്നിവയും വികസന നേട്ടങ്ങളാണ്. പിഡിപി സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍നിന്നു പുറത്താക്കിയ മുഹമ്മദ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it