Alappuzha local

തുറമുഖശൃംഖല വികസിപ്പിക്കും: മന്ത്രി കടന്നപ്പള്ളി

ആലപ്പുഴ: കേരളത്തിലെ റോഡ്, റയില്‍ ഗതാഗത രംഗത്തെ ക്ലേശങ്ങള്‍ക്ക് പരിഹാരമായി വാണിജ്യ വ്യാവസായിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി തുറമുഖശൃംഖല വികസിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. വികസനത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളുമായി ഉള്‍നാടന്‍ ജലഗതാഗതത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും കഴിയുംവിധമാണ് പദ്ധതികള്‍. ആലപ്പുഴയിലെ തുറമുഖ ഓഫിസ് മന്ദിരം, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, നവീകരിച്ച സിഗ്നല്‍ സ്റ്റേഷന്‍ എന്നിവയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ തീരദേശം നിതാന്ത ജാഗ്രത ആവശ്യപ്പെടുന്ന കേന്ദ്രമാണ്. മല്‍സ്യതൊഴിലാളികള്‍ക്കൊപ്പം രാജ്യരക്ഷയും പ്രധാനമാണ്. കാസറഗോഡ് മുതല്‍ വിഴിഞ്ഞം വരെയുള്ള തീരദേശത്ത് തുറമുഖ വകുപ്പിന്റെ നവീകരണം സമയബന്ധിതമായി തീര്‍ക്കേണ്ടതുണ്ട്. ആലപ്പുഴ തുറമുഖത്തിന്റെ ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യം പുനര്ജനിപ്പിക്കുന്നതിന്റെ ഭാഗമായി ഇവിടെ തുറമുഖ ചരിത്രമ്യൂസിയവും താമസിയാതെ നിര്‍മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ആലപ്പുഴയെ പഴയതുപോലെ വ്യവസായ നഗരമായി മാറ്റാന്‍ ഇനിക്കഴിയില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക് അതിനെ പൈതൃക ടൂറിസം നഗരമായി പുനസംവിധാനം ചെയ്യുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടു. പണമില്ലായ്മ ഇതിന് ഒരു തടസമാകില്ല. അതോടൊപ്പം പഴയ തുറമുഖ തൊഴിലാളികളുടെ പ്രശ്‌നം അവസാനിപ്പിക്കാനും നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.  പായ്ക്കപ്പലുകള്‍ക്ക് അടുക്കാന്‍ കഴിയുംവിധമുള്ള മറീന തുറമുഖമാണ് ലക്ഷ്യം. നിലവിലുള്ള കടല്‍പ്പാലം നിലനിര്‍ത്തി പുനര്‍നിര്‍മിക്കും. ഇതിനുള്ള പാരിസ്ഥിതി ആഘാത പഠനത്തിന്റെ അവസാന തെളിവെടുപ്പ് അടുത്തുതന്നെ നടക്കും. അവരുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ടെന്റര്‍ വിളിക്കാനും ആഗസ്‌തോടെ പാലം പണി പൂര്‍ത്തിയാക്കാനും കഴിയുന്നതോടെ ആലപ്പുഴയുടെ മുഖഛായ തന്നെ മാറുമെന്ന് ധനമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it