തുറന്ന വായ; ചരിത്രത്തിന്റെ ഉമിനീരും

എ മൈനസ് ബി / വിജു വി നായര്‍

ടുവില്‍ നരേന്ദ്ര മോദി ഒന്നു വാ തുറന്നു! അല്ല, എപ്പോഴാണ് അതൊന്ന് അടച്ചുവച്ചിട്ടുള്ളതെന്ന മറുചോദ്യമിരിക്കട്ടെ. രാജ്യത്തെ കീറിമുറിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ കേസുകെട്ടിന്റെ കാര്യമാണിവിടെ പരാമൃഷ്ടം. ദാദ്രിയില്‍ ബീഫ് കഴിച്ചെന്നു പറഞ്ഞ്, മട്ടന്‍ ശാപ്പിട്ട മുഹമ്മദ് അഖ്‌ലാഖ് എന്ന ദരിദ്ര പൗരനെ തച്ചുകൊന്നിട്ട് മാസം ഒന്നാകുന്നു. ഗോമാതാവിനെ മറയാക്കി രാജ്യവ്യാപകമായി വര്‍ഗീയ രാഷ്ട്രീയം അരങ്ങുതകര്‍ക്കുന്നു. ടി കലാപരിപാടിക്ക് കര്‍ട്ടനിടാന്‍ പ്രധാനമന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന ആവലാതി മൂത്തുവന്നപ്പോഴാണ് മോദി ഈ വഴിക്കൊന്നു വാ തുറക്കാന്‍ മെനക്കെടുന്നത്. അതാ ഇപ്പോ നന്നായത്. സഹികെട്ട് രാഷ്ട്രപതിയിറങ്ങി സാരോപദേശ ലൈനില്‍ ഒരു കിഴുക്കു കൊടുത്തപ്പോഴാണ് മോദി ആദ്യമായി വാ തുറന്നത്. 'ഹിന്ദുക്കളും മുസ്‌ലിംകളും പരസ്പരം പോരടിക്കുന്നതിനു പകരം പട്ടിണിക്കെതിരേ പോരാടുക' എന്നൊരു ഉപന്യാസവെടി. അതില്‍ത്തന്നെയുണ്ടായിരുന്നു കാപട്യത്തിന്റെ കതിന.

കഴിഞ്ഞ ഒന്നര കൊല്ലമായി താമരഭരണത്തിനു കീഴില്‍ ഏതെങ്കിലും മുസ്‌ലിം പൗരന്‍ എടങ്ങേറുണ്ടാക്കിയതായി കേട്ടുകേള്‍വിയില്ല.  പള്ളി കത്തിക്കല്‍, ലൗജിഹാദ്, ബീഫ്, യുക്തിവാദിവധം, എഴുത്തുകാരെ വിരട്ടല്‍ എന്നുവേണ്ട, ഏത് അക്രമമെടുത്താലും പ്രതിക്കൂട്ടില്‍ ഹിന്ദുത്വ വാനരന്മാര്‍ മാത്രം എന്നിരിക്കെയാണ് 'ഹിന്ദു-മുസ്‌ലിം സംഘര്‍ഷം' എന്ന സാമാന്യവല്‍ക്കരണം പ്രധാനമന്ത്രി നടത്തുന്നത്. ഇരകളെ പിടിച്ചു പ്രതികളാക്കുന്ന ഈ ചെട്ടിമിടുക്ക് ഗുജറാത്ത് വംശഹത്യയുടെ പിറ്റേന്നു തൊട്ട് മോദി ആവര്‍ത്തിച്ചു തെളിയിച്ചിട്ടുള്ളതാണ്. ഇവിടെ പട്ടിണിക്കെതിരേ സംയുക്ത പോരാട്ടത്തിന് ആഹ്വാനം ചെയ്യുന്ന സര്‍വസൈന്യാധിപന്‍ ഇപ്പോഴും തന്റെ സ്വന്തം പടയാളികള്‍ ചീറ്റുന്ന വര്‍ഗീയ വിഷം കണ്ട ഭാവം നടിക്കുന്നില്ല.

കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ തൊട്ട് ന്യൂനപക്ഷ മന്ത്രി നജ്മ ഹിബത്തുല്ല വരെ പാടുപെടുന്നതത്രയും ദാദ്രിയിലെ കുറ്റവാളികളെ മോചിപ്പിക്കാനാണ്.  രാജ്യം ഭരിക്കുന്നവര്‍ക്ക് ഇങ്ങനെയൊക്കെ ആവാമെങ്കില്‍ പിന്നെ മറാത്തികളുടെ പേറ്റന്റ് കക്ഷത്തിലുള്ള ശിവസേനയ്ക്കാണോ വയ്യാത്തത്? ഹിന്ദുത്വപരിവാരത്തിനുള്ളില്‍ ചില്ലറ രാഷ്ട്രീയനഷ്ടമുണ്ടായതില്‍ ആശങ്ക പൂണ്ടിരുന്ന താക്കറേ മാഫിയ പ്രതിച്ഛായ വീണ്ടെടുക്കാന്‍ നടപ്പു ദേശീയ കാന്‍വാസിനെത്തന്നെ വസൂലാക്കുന്നു: ഗുലാം അലിയുടെ പാട്ട്, കസൂരിയുടെ പുസ്തകം ഇത്യാദിയൊന്നും മറാത്താ മണ്ണില്‍ പാടില്ല.

പാകിസ്താനോട് ചര്‍ച്ച നടത്താന്‍ ബിജെപി ഭരണകൂടം ശ്രമിക്കുന്നതിലാണ് ഇഷ്ടന്മാരുടെ പിടി. ബിജെപി ബുദ്ധിജീവിയായ സുധീന്ദ്ര കുല്‍ക്കര്‍ണിയെ അക്ഷരാര്‍ഥത്തില്‍ ടാറടിച്ചുകൊണ്ട് ശിവസൈനികര്‍ സ്വന്തം നിലവാരം പുതുക്കുകയായി. അതോടെ മോദിക്ക് പുതിയ പിടിവള്ളിയായി: 'പ്രതിപക്ഷം വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്നു' എന്നായി പ്രധാനമന്ത്രി. 'ദാദ്രി സംഭവം ദുഃഖകരം, അസ്വീകാര്യം' എന്നൊരു വിലാപകാവ്യവും ടിയാന്‍ വിരചിച്ചുകളഞ്ഞു. (അതുതന്നെ ആനന്ദ് ബസാര്‍ പത്രികയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് പുറത്തുവന്നത്). അതിനൊരു ടിപ്പണിയും: 'കേന്ദ്രം എന്തു ചെയ്യാന്‍?' എന്താണീ 'ബബ്ബബ്ബ'ക്ക് അര്‍ഥം? ദാദ്രിയിലെ പ്രതികള്‍ പ്രതിപക്ഷവും യുപി സര്‍ക്കാരുമാണെന്ന്! ബീഫ് കഥ ആസൂത്രണം ചെയ്തതും ആളെ തട്ടിയതും ഹിന്ദുത്വ പരിവാരമാണെന്ന് യുപി പോലിസ് കണ്ടെത്തിയതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്. ടിയാന്റെ സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ ഒരുപടികൂടി മുമ്പേറായി കടന്നിരുന്നു: 'ദാദ്രിയിലേത് വെറും ഒരപകടമാണ്.' പരേതന്റെ മകളെ ബലാല്‍സംഗം ചെയ്യാത്തതില്‍ ആള്‍ക്കൂട്ടത്തെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല. നജ്മയാകട്ടെ, 'ഒക്കെ കഴിഞ്ഞുപോയ സംഭവമല്ലേ' എന്ന് ആവര്‍ത്തിച്ചു നടക്കുന്നു. തന്റെ മന്ത്രിസഭയുടെ വായ്ത്താരിക്കുള്ള ആശീര്‍വാദമാണ് മോദി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

പ്രശ്‌നത്തില്‍ പ്രതിഷേധമുയര്‍ത്തിയവരെല്ലാം 'വ്യാജ മതേതരക്കാരും വോട്ടുബാങ്ക് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുമാണെ'ന്ന ശിഷ്ടവാക്യം കൂടി അറിഞ്ഞാലേ പ്രധാനമന്ത്രിയുടെ മനസ്സു തുറക്കലിന്റെ ഇംഗിതം പൂര്‍ണമാവൂ. പശുപ്രശ്‌നമുണ്ടാക്കിയതും അതിന്മേല്‍ വോട്ടുരാഷ്ട്രീയം കളിക്കുന്നതും ആരെന്ന് ഇനിയാരും തിരക്കിപ്പോവരുത്. പ്രധാനമന്ത്രി ഉത്തരം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി ശോഭ സുരേന്ദ്രന്മാരെപ്പോലെ ടി ഔദ്യോഗിക ഉത്തരം ചൊല്ലി നടക്കുക. അതാണ് പൗരധര്‍മം. ആ ധര്‍മാചരണത്തിന്റെ അക്കൗണ്ടിലാണ് കഴിഞ്ഞയാഴ്ച പടിഞ്ഞാറന്‍ യു.പിയിലെ മയന്‍പൂരില്‍ അടുത്ത ദാദ്രിക്ക് അരങ്ങൊരുക്കിയത്. ചത്തുപോയ ഒരു പശുവിനെ ഒരു പവിത്ര ഹിന്ദുവെടുത്ത് ഒരു സംഘം തോല്‍ക്കച്ചവടക്കാര്‍ക്ക് കൊടുക്കുന്നു- അന്തരിച്ച ഗോമാതാവിന്റെ തോലുരിച്ചുകൊള്ളാന്‍. ഉരുവിനെ അവര്‍ കൊണ്ടുപോയതും പവിത്ര ഹിന്ദുവിന്റെ പരിശുദ്ധ പുത്രന്‍ ആളെയിറക്കുന്നു: 'ദേ, മുസ്‌ലിംകള്‍ നമ്മുടെ ഗോമാതാവിനെ തട്ടി തോലുരിക്കുന്നു.' ദാദ്രിയില്‍ ഒരു ക്ഷേത്രപൂജാരിയായിരുന്നു ഉപകരണമെങ്കില്‍, ഇവിടെ പശുവിന്റെ ഉടമ തന്നെയായി ആസൂത്രകന്‍. കഴിഞ്ഞ കൊല്ലം ജൂലൈയില്‍ ഡല്‍ഹി കോര്‍പറേഷനിലെ ഒരു തൊഴിലാളിയെ ഇതേപോലെ ആള്‍ക്കൂട്ടം വകവരുത്തിയ സംഭവം അന്നു വലിയ വാര്‍ത്തയായിരുന്നു.

ഒരുപറ്റം പശുക്കളുടെ ജഡവുമായി പോവുന്ന വഴിക്കാണ് ഗോഹത്യയില്‍ ക്ഷുഭിതരായ ഗോഭക്തര്‍ ചാടിവീണ് കുറ്റവാളിയെ കാലപുരിക്ക് അയച്ചത്. പിറ്റേന്നുതന്നെ വാര്‍ത്ത മുങ്ങി. കാരണം പരേതന്റെ പേര് ശങ്കര്‍. ജാതി ദലിതന്‍. നഗരത്തില്‍ ചത്തുകിടന്ന പശുക്കളെ മറവു ചെയ്യാന്‍ കൊണ്ടുപോവുന്നതിനിടെയാണ് മതവികാരം വ്രണപ്പെട്ടതും ആള്‍ക്കൂട്ട ന്യായാസനം ഉണര്‍ന്നു പ്രവര്‍ത്തിച്ചതും. ഓര്‍ക്കണം, പരിശുദ്ധ ഗോഭക്തരാരും പശു ചത്താല്‍ കുഴിച്ചിടുന്ന പണിയെടുക്കില്ല. ടി ധര്‍മാചരണത്തിനു ദലിതന്‍ വേണം. അതെന്തായാലും, ശങ്കറിനെ തല്ലിക്കൊന്ന് ഹിന്ദുധര്‍മം പാലിച്ച മഹാന്മാരെല്ലാം ഇന്ന് കേസ്‌വിമുക്തരായി സ്വതന്ത്രരായി വിലസുന്നു. കാരണം, മുസ്‌ലിം എന്നു തെറ്റിദ്ധരിച്ചാണ് ദലിതനെ കൊന്നതെന്നും ആയതിനു സര്‍വാത്മനാ മാപ്പ് അപേക്ഷിക്കുന്നതായും പരേതന്റെ ഭാര്യയെ സംഘപരിവാരം ധരിപ്പിച്ചു. തല്‍ക്ഷണം ദൃക്‌സാക്ഷികള്‍ കൂറുമാറുന്നു, കോടതി കേസുകെട്ട് അടയ്ക്കുന്നു. ദലിതരെ ഹിന്ദുത്വ വോട്ടുശ്രേണിയിലേക്ക് വശീകരിക്കുന്നതിന്റെ ഭാഗമായാണ് ഗോവധപ്പേരില്‍ ദലിതരെ തട്ടുന്ന പഴയ ശൈലിക്ക് വ്യതിയാനം വരുത്തുന്നത്. പശുവുമായി കൂട്ടിക്കെട്ടുന്ന ഉരുവിന്റെ പേര് 'മുസല്‍മാന്‍' എന്നാക്കുന്നു.

അതുകൊണ്ട് ശങ്കറിന്റെ വിധവയ്ക്ക് ക്ഷമാപണമെങ്കിലും കിട്ടുന്നു. അഖ്‌ലാഖിന്റെ വിധവയ്ക്ക് അതിനുള്ള അവകാശം പോലുമില്ല. രസമതുമല്ല: മുസ്‌ലിമിനെ തട്ടിയതില്‍ കുഴപ്പമില്ല. ആളു തെറ്റിയതിനാണ് മാപ്പപേക്ഷ! ഈ സംഭവങ്ങളിലെല്ലാം അന്തര്‍ലീനമാകുന്ന ഒരു രാഷ്ട്രീയ ശൈലിയുണ്ട്- അലിബിയുടെ. ബിഹാറില്‍ ദലിതരെ കൂട്ടത്തോടെ വകവരുത്താന്‍ തെല്ലു കാലം മുമ്പുവരെ ഹിന്ദുത്വ പരിവാരത്തിന്റെ രണ്‍വീര്‍ സേന പ്രചരിപ്പിച്ചിരുന്ന ഒരു ന്യായമുണ്ട്: 'ഇവറ്റകളെല്ലാം നക്‌സലുകള്‍. ഇന്ന് തീര്‍ക്കാത്തപക്ഷം നാളെ ഇവര്‍ കൂടുതല്‍ നക്‌സലുകള്‍ക്ക് ജന്മം കൊടുക്കും.' മുമ്പ് നീഗ്രോകളെ തട്ടിക്കളയാന്‍ അമേരിക്കയില്‍ വെള്ളക്കാര്‍ പറഞ്ഞ അലിബി ന്യായം കേള്‍ക്കുക: 'കറുത്തവന്മാരൊക്കെ മോഷ്ടാക്കള്‍, ബലാല്‍ക്കാരികള്‍, കൊലയാളികള്‍.' ഇന്ന് ഹിന്ദുത്വ പരിവാരം പ്രചരിപ്പിക്കുന്ന അലിബികള്‍ക്ക് ഈ വംശീയോച്ചാടന യുക്തിയോടുള്ള സാധര്‍മ്യം കാണുക.

ബീഫ്, ലൗജിഹാദ്, ഭീകരപ്രവര്‍ത്തനം. ഗോമാതാവിന്റെ ഘാതകരും നമ്മുടെ പെണ്ണുങ്ങളെ റാഞ്ചുന്നവരും രാജ്യത്തെ തകര്‍ക്കാന്‍ വിധ്വംസകപ്പണി എടുക്കുന്നവരും ഒരേ കൂട്ടര്‍. അവര്‍ക്കു വേണ്ടി വാ തുറക്കുന്നത് വ്യാജ മതേതരത്വവും വോട്ടുബാങ്ക് രാഷ്ട്രീയവും. ഇതല്ലേ മോദി നന്മയില്‍ ഗോപാലന്‍ ലൈനില്‍ തട്ടിവിടുന്നത്? കേരളത്തിലേക്കു വരുക. വെള്ളാപ്പള്ളിയെ അലിബിയാക്കി മോദിസംഘം ഉദ്യമിക്കുന്ന ധ്രുവീകരണം നോക്കുക. ദ്വിമുന്നണി രാഷ്ട്രീയത്തില്‍ വിള്ളലിടാന്‍ വര്‍ഗീയതയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ബിജെപി കരുതുന്നു. ഉടനെ വരുന്ന തിരഞ്ഞെടുപ്പുകള്‍ വഴി അധികാരത്താമര വിരിയിക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കുമറിയാം. എന്നാല്‍, വര്‍ഗീയ ധ്രുവീകരണത്തിനുള്ള കുത്തിത്തിരിപ്പു വഴി വിത്തുപാടമൊരുക്കുക.  അതിനുള്ള വഴിയാണ് പിന്നാക്ക ഹിന്ദുവോട്ടിന്റെ അഴിച്ചിടല്‍. സംസ്ഥാനത്തെ ഏറ്റവും വലിയ ജാതിസമുദായമായ ഈഴവരെ, അവരുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണം അഹിന്ദുക്കളാണെന്ന് ധരിപ്പിച്ചുവശാക്കുന്നതാണ് ബിജെപി നേതൃത്വം ഉന്നമിടുന്ന വര്‍ഗീയ ധ്രുവീകരണം. അതിന് അവര്‍ക്കുള്ള ഉത്തോലകം മാത്രമാണ് വെള്ളാപ്പള്ളി.
Next Story

RELATED STORIES

Share it