thrissur local

തുറക്കുളം മാര്‍ക്കറ്റ് പരിസരത്ത് മീറ്റ് പ്രോസസിങ് സെന്റര്‍



കുന്നംകുളം: തുറക്കുളം മാര്‍ക്കറ്റ് പരിസരത്ത് മീറ്റ് പ്രോസസിങ് സെന്റര്‍ ആരംഭിക്കാന്‍ കിഫ്ബി തയ്യാറെടുക്കുന്നു. ഇതിനെതുടര്‍ന്ന് ഇന്നലെ അധികൃതര്‍ സ്ഥലം പരിശോധിച്ചു. ആറു കോടി ചെലവില്‍ അത്യാധുനിക സൗകര്യത്തോടെയാണ് സെന്റര്‍ നിര്‍മിക്കുക. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പണം സ്വരൂപിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച സമിതിയാണ് കിഫ്ബി. കേരളത്തില്‍ സ്വകാര്യ നിക്ഷേപത്തില്‍ ആധുനിക അറവ് ശാല നിര്‍മിക്കാന്‍ ആലപ്പുഴ, കണ്ണൂര്‍ ഉള്‍പ്പടേയുള്ള വിവിധ ജില്ലകളില്‍ സ്ഥലം നോക്കിയെങ്കിലും നിയമം അനുശാസിക്കുന്ന രീതിയിലുള്ള സ്ഥലം ലഭ്യമായില്ലെന്നതിനാലാണ് പദ്ധതി കുന്നംകുളത്തേക്കെത്തുന്നത്. തുറക്കുളം മാര്‍ക്കറ്റ് പരിസരത്ത് 50 സെന്റ് സ്ഥലം നഗരസഭ നല്‍കും. ഇതില്‍ വലുതും ചെറുതുമായ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിനുള്ള സൗകര്യമുണ്ടാകും. ഒപ്പം മാലിന്യം സംസ്‌ക്കരിച്ച് വളമാക്കി മാറ്റുന്നതിനുള്ള പ്ലാന്റും ആലോചനയിലാണ്. പദ്ധതി സമര്‍പ്പിക്കാനുള്ള അവസാന ദിവസം നാളെയാണെന്നും ജനവാസ മേഖലയിലല്ലാതെ പദ്ധതി നടപ്പിലാക്കാന്‍ അനുയോജ്യമായ സ്ഥലമാണ് കുന്നംകുളത്തുള്ളതെന്നും കിഫ്ബി പ്രൊജക്ട് ഇന്‍സ്‌പെക്ടര്‍ പി വി മോഹനന്‍ പറഞ്ഞു. ശുചിത്വ മിഷ്യനാണ് നിര്‍വഹണ ചുമതല. പദ്ധതി കിഫ്ബി ബോര്‍ഡംഗീകരിച്ചാല്‍ ഉടന്‍ തന്നെ പ്രവര്‍ത്തി ആരംഭിക്കാനാകുമെന്നതാണ് പ്രത്യേകത. കിഫ്ബിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ആവശ്യമില്ല. പദ്ധതി ബോ ര്‍ഡംഗീകരിച്ചാല്‍ നേരിട്ട് ടെന്‍ഡറിലേക്ക് കടക്കാം. രാവിലെ 10ഓടെയാണ് ശുചിത്വ മിഷ്യന്‍ ഉദ്യോഗസ്ഥ എ എസ് ധന്യക്കൊപ്പം കിഫ്ബി ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധനയ്‌ക്കെത്തിയത്. നഗരസഭ ചെയര്‍പഴ്‌സണ്‍ സീതാ രവീന്ദ്രന്‍, സ്ഥിരം സമിതി അംഗങ്ങളായ ഷാജി ആലിക്കല്‍, സുമ ഗംഗാധരന്‍, കൗണ്‍സിലര്‍ കെ എ അസീസ്, നഗരസഭ എന്‍ജിനീയര്‍മാര്‍, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇവരെ അനുഗമിച്ചിരുന്നു. മാലിന്യ സംസ്‌ക്കരണ പ്ലാ ന്റുകൂടി സ്ഥാപിക്കണമെങ്കില്‍ പരിസരത്തെ 25 സെന്റോളം സ്ഥലം അക്വയര്‍ ചെയ്യേണ്ടി വന്നേക്കും. നിലവില്‍ തുറക്കുളം മാര്‍ക്കറ്റിനായി നല്‍കിയ 2.1 ഏക്കര്‍ സ്ഥലത്ത് നിന്നു തന്നെയാണ് അറവുശാലയ്ക്ക് സ്ഥലം നല്‍കേണ്ടിവരിക. ഏഴു വര്‍ഷം മുമ്പ് അറവുശാല നിര്‍മാണം ഏറ്റെടുത്ത ഐആര്‍ടിസി നിര്‍മാണ പ്രവര്‍ത്തനം നടത്താതിരുന്നതിനാല്‍ ഇവര്‍ക്ക് അന്ന് നല്‍കിയ 23 ലക്ഷം രൂപ തിരിച്ചുപിടിക്കാന്‍ നഗരസഭ ആലോചിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it