തുര്‍ക്കി സ്‌ഫോടനം: രണ്ടു പോലിസുകാര്‍ കൊല്ലപ്പെട്ടു

അങ്കാറ: തെക്കു കിഴക്കന്‍ തുര്‍ക്കിയില്‍ കുര്‍ദ് സായുധസംഘം നടത്തിയ കാര്‍ബോംബ് ആക്രമണത്തില്‍ രണ്ടു പോലിസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള നുസൈബിന്‍ പട്ടണത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ 14 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. പോലിസ് സ്‌റ്റേഷനും പോലിസ് ഹൗസിങ് കോംപ്ലക്‌സും നിലകൊള്ളുന്ന മേഖലയോട് ചേര്‍ന്നാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ പോലിസ് ഹൗസിങ് കോംപ്ലക്‌സിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തിനു പിന്നില്‍ നിരോധിത കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ)യാണെന്ന് അധികൃതര്‍ ആരോപിച്ചു. സര്‍ക്കാരും പികെകെയും തമ്മിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ ധാരണ ജൂലൈയില്‍ തകര്‍ന്നതിനു പിന്നാലെ തുര്‍ക്കിയില്‍ സംഘര്‍ഷം വര്‍ധിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it