തുര്‍ക്കി സ്‌ഫോടനം: ആക്രമണത്തിനു പിന്നില്‍ കുര്‍ദ് സായുധ സംഘമെന്നു തുര്‍ക്കി

അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 28 പേര്‍ മരിച്ചു. 60ലധികം പേര്‍ക്കു പരിക്കേറ്റു. പാര്‍ലമെന്റ് മന്ദിരവും സൈനിക ആസ്ഥാനവും സ്ഥിതി ചെയ്യുന്ന മേഖലയിലാണ് സ്‌ഫോടനം. സിഗ്‌നല്‍ കാത്തുനിന്ന സൈനികവാഹനങ്ങള്‍ കടന്നുപോകവെയാണ് വന്‍ സ്‌ഫോടനം നടന്നത്. സൈനികവാഹനങ്ങളെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനങ്ങളെന്ന് സുരക്ഷാഏജന്‍സികള്‍ അറിയിച്ചു. മരിച്ചവരില്‍ 26 പേര്‍ സൈനികരാണ്.
സിറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുര്‍ദ് സായുധസംഘമായ വൈപിജി(പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്)യാണ് ആക്രമണത്തിനു പിന്നിലെന്ന് പ്രധാനമന്ത്രി അഹ്മദ് ദാവുദോഗ്‌ളു ആരോപിച്ചു. തുര്‍ക്കിയിലെ നിരോധിത സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയില്‍നിന്ന് അക്രമികള്‍ക്ക് സഹായം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ആരോപണം വൈപിജി നിഷേധിച്ചു. സിറിയന്‍ പൗരനും വൈപിജി അംഗവുമായ സാലിഹ് നാസറാണ് ആക്രമണം നടത്തിയതെന്ന് ദാവുദോഗ്‌ളു വ്യക്തമാക്കി.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് 14 പേര്‍ അറസ്റ്റിലായിട്ടുണ്ട്. അതിനിടെ, തെക്കു കിഴക്കന്‍ തുര്‍ക്കിയില്‍ സൈനിക വാഹനത്തിനു നേരെയുണ്ടായ മറ്റൊരാക്രമണത്തില്‍ ആറു സൈനികര്‍ കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടവരുടെ സംസ്‌കാരച്ചടങ്ങുകള്‍ വ്യാഴാഴ്ച വൈകീട്ട് നടക്കും. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. മാസങ്ങള്‍ക്കിടെ തുര്‍ക്കി ദര്‍ശിച്ച നാലാമത്തെ വലിയ സ്‌ഫോടനമാണിത്.
കഴിഞ്ഞ വര്‍ഷം അങ്കാറയിലും സിറിയന്‍ അതിര്‍ത്തിയിലും നടന്ന സ്‌ഫോടനങ്ങളില്‍ നൂറോളം പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തെ ലോകനേതാക്കള്‍ അപലപിച്ചു. ആക്രമണത്തെ അപലപിച്ച ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെലാ മെര്‍ക്കല്‍ തുര്‍ക്കി ജനതയ്ക്കു പൂര്‍ണ പിന്തുണ അറിയിച്ചു. ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ്പ് ഹാമണ്ടും ആക്രമണത്തെ അപലപിച്ചു.
തുര്‍ക്കി ജനതയ്ക്കും സര്‍ക്കാരിനും യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ പ്രതിനിധി ഫെഡറിക്ക മൊഗേറിനി പിന്തുണ പ്രഖ്യാപിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ്, ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി പൗലോ ജെന്റിലോനി, പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം തുടങ്ങിയരും പിന്തുണയുമായെത്തി.
Next Story

RELATED STORIES

Share it