World

തുര്‍ക്കി കാടുകളില്‍ തിരച്ചില്‍ തുടങ്ങി; ഖഷഗ്ജി മരിച്ചെന്ന് കരുതുന്നു: ട്രംപ്

റിയാദ്: ഖഷഗ്ജി മരിച്ചതായി കരുതുന്നുവെന്നും ഈ കൊലപാതകത്തിന്റെ ഉത്തരവാദി സൗദി ഭരണകൂടമാണെന്ന് വ്യക്തമായാല്‍ നേരിടേണ്ടിവരിക കടുത്ത പ്രത്യാഘാതങ്ങളായിരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ എന്താണു സംഭവിച്ചതെന്നു വ്യക്തമാവണം. അങ്ങിനെ സംഭവിച്ചിരിക്കാമെന്നാണ് താന്‍ കരുതുന്നത്.
അതു വളരെ ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സൗദിയുടെ ഉന്നതതല ഇടപെടല്‍ നടന്നിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടുകളില്‍ അദ്ദേഹം വിശ്വാസ്യത അറിയിക്കുകയും ചെയ്തു. അതേസയമം ഖഷഗ്ജിയുടെ തിരോധാനത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സൗദി അറേബ്യക്കു കുറച്ചുകൂടി ദിവസം അനുവദിക്കണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ട്രംപിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം സൗദിയെ പിന്തുണച്ച ട്രംപ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദിയും തുര്‍ക്കിയും സന്ദര്‍ശിച്ച ശേഷം നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിലപാട് മാറ്റിയത്.
ഖഷഗ്ജി കൊല്ലപ്പെട്ടതിനു തെളിവായി ലഭിച്ച ശബ്ദരേഖകള്‍ തങ്ങള്‍ ആര്‍ക്കും കൈമാറിയിട്ടില്ലെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂത്ത് കാവൂസ് ഒഗ്‌ലു. ശബ്ദരേഖകള്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോക്ക് കൈമാറിയെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. ഖഷഗ്ജി തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുതാര്യമായി ലോകത്തെ അറിയിക്കുമെന്നും കാവൂസ് ഒഗ്‌ലു അറിയിച്ചു.
തിരോധാനവുമായി ബന്ധപ്പെട്ട് ഇസ്താംബൂളിള്‍ പ്രാന്തപ്രദേശങ്ങളിലെ കാടുകളിലും മര്‍മര കടലിനു സമീപവും തിരച്ചില്‍ ആരംഭിച്ചതായി രണ്ടു തുര്‍ക്കിഷ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഖഷഗ്ജിയുടെ മൃതദേഹം ഇസ്താംബൂളിന് സമീപത്തെ ബെല്‍ഗ്രാഡ് കാടുകളില്‍ ഉപേക്ഷിച്ചിരിക്കാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു തിരച്ചില്‍ നടത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൗദി കോണ്‍സുലേറ്റില്‍ നടത്തിയ പരിശോധനയില്‍ നിരവധി സാംപിളുകള്‍ കണ്ടെത്തിയതായും അവ ഡിഎന്‍എ പരിശോധനയ്ക്കു വിധേയമാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ഒരാള്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടതായി തുര്‍ക്കി മാധ്യമ—ങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കൊലപാതകം നടത്തിയെന്നു സംശയിക്കുന്ന 15 പേരില്‍ ഒരാളായ മഷാല്‍ സഅദ് അല്‍ ബുസ്താനിയാണ് കൊല്ലപ്പെട്ടത്. തുര്‍ക്കിയില്‍ നിന്നു സൗദിയിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം.
ഖഷഗ്ജിയുടെ കൊലപാതകത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി അടുപ്പമുള്ള ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമേല്‍ കുറ്റം ആരോപിക്കുന്നത് സൗദി ഭരണകൂടം പരിഗണിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. ബിന്‍ സല്‍മാന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ജനറല്‍ അഹ്മദ് അല്‍ അസ്സീരിയെയാരിക്കും സൗദി ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുക എന്നും ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ഈ മാസം രണ്ടിന് ഇസ്താബുളിലെ സൗദി കോണ്‍സുലേറ്റിലെത്തിയ ഖഷഗ്ജിയെ കാണാതാവുകയായിരുന്നു.

Next Story

RELATED STORIES

Share it