തുര്‍ക്കി ഇരട്ടസ്‌ഫേടനം: മരണം 95 ആയി

അങ്കറ: തുര്‍ക്കി തലസ്ഥാനമായ അങ്കറയിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 95 ആയി ഉയര്‍ന്നു. പരിക്കേറ്റ 245ലധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. 48 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്നു തുര്‍ക്കി ഭരണകൂടം അറിയിച്ചു. അതേസമയം, കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കിടെ അനുശോചനവുമായി ആയിരങ്ങള്‍ തലസ്ഥാനത്ത് ഒരുമിച്ചു കൂടി. ആക്രമണമുണ്ടായ സ്ഥലത്തിനു സമീപം തടിച്ചു കൂടിയ ജനങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കി. ബോംബാക്രമണം നടന്ന സ്ഥലത്ത് പൂക്കള്‍ അര്‍പ്പിക്കാന്‍ ശ്രമിച്ചവരും സുരക്ഷാസൈന്യവും തമ്മില്‍ ചെറിയ തോതില്‍ ഏറ്റുമുട്ടി.

അതേസമയം, സ്‌ഫോടനങ്ങളില്‍ 128 പേര്‍ കൊല്ലപ്പെട്ടെന്നു ശനിയാഴ്ചയിലെ റാലിയുടെ സംഘാടകരായ കുര്‍ദ് അനുകൂല എച്ച്.ഡി.പി. പാര്‍ട്ടി വ്യക്തമാക്കി. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്നു തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദൊഗ്‌ലു അറിയിച്ചു. സംഭവത്തില്‍ രാജ്യത്തു മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.ആക്രമണത്തെ യു.എസ്. പ്രസിഡന്റ് ബറാക് ഒബാമ, ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജലാ മെര്‍ക്കല്‍, റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ തുടങ്ങിയവര്‍ അപലപിച്ചു. 'തീവ്രവാദത്തിനെതിരായ' തുര്‍ക്കി പൗരന്മാരുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഒബാമ പറഞ്ഞു. സമാധാനത്തിനായി റാലി നടത്തിയവര്‍ക്കു നേരെയുള്ള ആക്രമണം നിതീകരിക്കാവുന്നതല്ലെന്നു നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോറ്റന്‍ബര്‍ഗ് പറഞ്ഞു. ആക്രമണം നടന്നതിനു പിന്നാലെ സര്‍ക്കാരിനെതിരായ ആക്രമണങ്ങളില്‍നിന്നു കുര്‍ദ് തീവ്രപക്ഷമായ പി.കെ.കെ. ഏകപക്ഷീയ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പൗരന്മാര്‍ ആക്രമണത്തിന് ഇരയായതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് കുര്‍ദ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. തലസ്ഥാനമായ അങ്കറയിലെ സെന്‍ട്രല്‍ ട്രെയിന്‍ സ്‌റ്റേഷനു സമീപം നൂറുകണക്കിനു പേര്‍ പങ്കെടുത്ത സമാധാന റാലിക്കിടെയാണ് സ്‌ഫോടനമുണ്ടായത്.
Next Story

RELATED STORIES

Share it