തുര്‍ക്കിയുമായുള്ള സൈനിക സഹകരണം റഷ്യ നിര്‍ത്തി

മോസ്‌കോ: റഷ്യന്‍ യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയ പശ്ചാത്തലത്തില്‍ തുര്‍ക്കിയുമായുള്ള സൈനിക സഹകരണം റഷ്യ താല്‍ക്കാലികമായി റദ്ദാക്കി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുമെന്നാണ് സൂചന. റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് സൈനിക സഹകരണം നിര്‍ത്തിയതായി പ്രഖ്യാപിച്ചത്.
റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് തുര്‍ക്കി സന്ദര്‍ശനം ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. അതിനിടെ, മുന്‍കൂട്ടി ആസൂത്രണം ചെയ്ത നടപടിയുടെ ഭാഗമായാണ് റഷ്യന്‍ വിമാനം തുര്‍ക്കി വെടിവച്ചു വീഴ്ത്തിയതെന്നു റഷ്യ ആരോപിച്ചു. തുര്‍ക്കിയുടെ ആസൂത്രിതമായ പ്രകോപനമാണ് സംഭവത്തിനു പിന്നിലെന്ന് ഗൗരവമായി സംശയിക്കുന്നു. എന്നാല്‍, തുര്‍ക്കിക്കെതിരേ യുദ്ധമൊന്നുമില്ല. തുര്‍ക്കിയിലെ ജനങ്ങളോടുള്ള റഷ്യയുടെ മനോഭാവത്തിനു മാറ്റവുമില്ല. എന്നാല്‍, തുര്‍ക്കിയുമായുള്ള ബന്ധം മോസ്‌കോ ഗൗരവമായി പുനഃപരിശോധിക്കുമെന്നു മുന്നറിയിപ്പ് നല്‍കുന്നു- റഷ്യന്‍ വിദേശകാര്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, വെടിവച്ചിട്ട വിമാനത്തിലെ പൈലറ്റ് രക്ഷപ്പെട്ടതായി സിറിയയിലെ റഷ്യന്‍ സൈനിക കേന്ദ്രം അറിയിച്ചു. രക്ഷപ്പെട്ട പൈലറ്റ് തങ്ങളുടെ കേന്ദ്രത്തില്‍ സുരക്ഷിതനായിരിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പാരഷൂട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മറ്റൊരു പൈലറ്റ് ചൊവ്വാഴ്ച തന്നെ കൊല്ലപ്പെട്ടിരുന്നു.
തുര്‍ക്കി-റഷ്യ ബന്ധം വഷളായതിനെ തുടര്‍ന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും സമാധാനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭവത്തെ പിന്നില്‍ നിന്നുള്ള കുത്തായാണ് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ വിശേഷിപ്പിച്ചത്. സംഭവത്തിനു ശേഷം റഷ്യയെ സമീപിക്കാതെ നാറ്റോ അംഗങ്ങളുമായി ബന്ധപ്പെട്ട തുര്‍ക്കിയുടെ നടപടിയെയും പുടിന്‍ വിമര്‍ശിച്ചു. വിമാനത്തിലെ പൈലറ്റുമാര്‍ യാതൊരുവിധ പ്രകോപനവും സൃഷ്ടിച്ചിരുന്നില്ലെന്നും പുടിന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it