Editorial

തുര്‍ക്കിയിലെ ഹിതപരിശോധന



തുര്‍ക്കിയുടെ ഭരണം പാര്‍ലമെന്ററി സംവിധാനത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറുന്നതു സംബന്ധിച്ച് നടന്ന ഹിതപരിശോധനാ ഫലം പുറത്തുവന്നതോടെ യൂറോപ്പില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് അതു വഴിവച്ചിരിക്കുകയാണ്. രാജ്യത്തെ സമ്മതിദായകരില്‍ 51.41 ശതമാനം പേര്‍ ഭരണഘടനാ ഭേദഗതിയെ അനുകൂലിച്ചപ്പോള്‍ 47 ശതമാനത്തോളം പേര്‍ എതിര്‍ത്താണ് വോട്ട് ചെയ്തത്. വിജയപരാജയങ്ങള്‍ക്കിടയിലെ നേരിയ വോട്ട്‌വ്യത്യാസം എതിരാളികള്‍ പ്രചാരണായുധമാക്കുമ്പോള്‍ ഏറെ മുന്നറിയിപ്പുകള്‍ നിറഞ്ഞ വിജയമായാണ് അനുകൂലികള്‍ പോലും ഇതിനെ വിലയിരുത്തുന്നത്.പ്രസിഡന്റിനു കൂടുതല്‍ എക്‌സിക്യൂട്ടീവ് അധികാരം വകവച്ചുനല്‍കുന്നതാണ് പുതിയ ഭരണഘടനാ ഭേദഗതി. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും പ്രസിഡന്റ് സ്ഥാനത്തേക്കും പാര്‍ലമെന്റിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്ന രീതിയാണ് അതു മുന്നോട്ടുവയ്ക്കുന്നത്. പുതിയ ഭരണഘടനപ്രകാരം മന്ത്രിമാരടക്കം ഭരണമേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയമിക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ടായിരിക്കും. ഹിതപരിശോധനാ ഫലത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷകക്ഷിയായ റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി രംഗത്തുവന്നിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പു കമ്മീഷന്‍ അതു തള്ളിക്കളഞ്ഞിരിക്കുകയാണ്. ഹിതപരിശോധനയെക്കുറിച്ചു ചില യൂറോപ്യന്‍ നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങളെ കടുത്ത ഭാഷയിലാണ് തുര്‍ക്കി നേരിട്ടത്. ഭരണഘടനാ ഭേദഗതിയെ അനുകൂലിക്കുന്ന വോട്ടുകള്‍ 49 ശതമാനമായിരുന്നുവെങ്കില്‍ ഈ നേതാക്കള്‍ തുര്‍ക്കിയുടെ ജനാധിപത്യത്തെ വാനോളം പുകഴ്ത്തുമായിരുന്നുവെന്നാണ് പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹീം ഖലിന്റെ പ്രതികരണം. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിധേയമായ ജനാധിപത്യത്തിലേ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ളൂ എന്നതൊരു വസ്തുതയാണ്. തുര്‍ക്കിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന പട്ടാള അട്ടിമറിശ്രമത്തോടും ഈജിപ്തില്‍ നടന്ന രക്തരൂഷിതമായ പട്ടാളവിപ്ലവത്തോടും യൂറോപ്യന്‍ രാജ്യങ്ങള്‍ കൈക്കൊണ്ട നിലപാടുകള്‍ ജനാധിപത്യത്തോടുള്ള അവരുടെ പ്രതിബദ്ധതയില്‍ സംശയം ജനിപ്പിക്കുന്നുണ്ട്.അതേസമയം, തുര്‍ക്കിയിലെ ഭരണഘടനാ ഭേദഗതി ആ രാജ്യത്തെ ജനാധിപത്യക്രമത്തെ കാലക്രമേണ ദുര്‍ബലപ്പെടുത്തുമോ എന്ന ആശങ്കയും അസ്ഥാനത്തല്ല. കമാല്‍ ആത്തതുര്‍ക്കിന്റെ കാലം തൊട്ട് സൈനികരായിരുന്നു തുര്‍ക്കിയില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുത്തിരുന്നത്. ഇസ്‌ലാമിക പ്രതിപക്ഷം ജനസ്വാധീനം വിപുലമാക്കുകയും തുടര്‍ന്ന് അധികാരത്തിലെത്തുകയും ചെയ്തതോടെയാണ് അതില്‍ മാറ്റം വന്നത്. പ്രസിഡന്‍ഷ്യല്‍ സമ്പ്രദായം ജനാധിപത്യക്രമത്തിന്റെ ഭാഗം തന്നെയാണ്. അമേരിക്കപോലെ നിരവധി രാജ്യങ്ങളില്‍ അതു നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വ്യക്തികള്‍ക്കു നല്‍കപ്പെടുന്ന വിപുലമായ അധികാരങ്ങള്‍ ഭരണകൂട അതിക്രമങ്ങളിലേക്കും സ്വേച്ഛാധിപത്യത്തിലേക്കും വഴിതെളിക്കുന്നത് തടയാന്‍ സ്വതന്ത്ര സംവിധാനങ്ങള്‍ രാജ്യത്തുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. അത്തരമൊരു കരുതല്‍ സംവിധാനത്തിന്റെ അഭാവത്തിലാണ് ഈ ഭരണഘടനാ ഭേദഗതിയെങ്കില്‍ രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന ജനാധിപത്യക്രമം പഴയ കമാലിസ്റ്റ് വ്യവസ്ഥിതിയുടെ മാറിയ രൂപമാവാനുള്ള സാധ്യത ഏറെയാണ്.
Next Story

RELATED STORIES

Share it