തുര്‍ക്കിക്കെതിരായ ആംനസ്റ്റി വാദം തള്ളി കാമറണ്‍

ലണ്ടന്‍: അഭയാര്‍ഥികളെ സംബന്ധിച്ചിടത്തോളം തുര്‍ക്കി സുരക്ഷിതമായ ഇടമല്ലെന്ന ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ വാദം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ തള്ളി.
സിറിയയില്‍നിന്നുള്ള 26 ലക്ഷം അഭയാര്‍ഥികള്‍ക്കു സുരക്ഷിത താവളം ഒരുക്കിയ രാജ്യമാണു തുര്‍ക്കിയെന്നും ആംനസ്റ്റി പ്രസ്താവന തുര്‍ക്കി ജനതയെ അപമാനിക്കുന്നതാണെന്നും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയവേ അദ്ദേഹം പറഞ്ഞു. അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കുന്നതിന് യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും തമ്മിലുണ്ടാക്കിയ ഉടമ്പടിയെക്കുറിച്ചായിരുന്നു ചോദ്യം. ഉടമ്പടിപ്രകാരം തുര്‍ക്കിക്കു നല്‍കുന്ന മൂന്ന് ശതലക്ഷം യൂറോ തുര്‍ക്കിയിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്കുവേണ്ടി ചെലവഴിക്കാനുള്ളതാണ്, അല്ലാതെ തുര്‍ക്കിയുടെ ആവശ്യത്തിനുള്ളതല്ലെന്നും കാമറണ്‍ വ്യക്തമാക്കി.
തുര്‍ക്കിയുമായി യൂറോപ്യന്‍ യൂനിയന്‍ ഉണ്ടാക്കിയ ഉടമ്പടി അഭയാര്‍ഥികളെ സ്വീകരിക്കാനുള്ള ബ്രിട്ടന്റെ പദ്ധതിയെ ബാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സിറിയയുടെ അയല്‍രാഷ്ട്രങ്ങളിലെ അഭയാര്‍ഥി ക്യാംപുകളില്‍ നിന്ന് 20,000 അഭയാര്‍ഥികളെ 2020വരെ സ്വീകരിക്കുമെന്ന് ബ്രിട്ടന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ 1000 അഭയാര്‍ഥികളെയാണ് ബ്രിട്ടന്‍ സ്വീകരിച്ചത്.
Next Story

RELATED STORIES

Share it