kannur local

തുരുത്തി ബൈപാസ്: ദേശീയപാത ഉപരോധം മാറ്റി

പാപ്പിനിശ്ശേരി:  തുരുത്തി പട്ടികജാതി കോളനിയിലെ 21 ദലിത് കുടുംബങ്ങളെ കുടിയിറക്കി ദേശീയപാത ബൈപാസ് നിര്‍മിക്കുന്നതിനെതിരേ രൂപീകരിച്ച കര്‍മസമിതി ഇന്നു ചുങ്കത്ത് നടത്താനിരുന്ന ദേശീയപാത ഉപരോധം മാറ്റി. കര്‍മസമിതി ഭാരവാഹികളുമായി വളപട്ടണം എഎസ്പി അരവിന്ദ് സുകുമാരന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. പകരം അയ്യങ്കാളി ജന്മദിനമായ ഈമാസം 18 ന് നിയമസഭാ മാര്‍ച്ച് നടത്താന്‍ തുരുത്തിയിലെ സമരപ്പന്തലില്‍ ചേര്‍ന്ന
സമരസമിതിയുടെയും സമരസഹായ സമിതിയുടെയും സംയുക്ത യോഗം തീരുമാനിച്ചു. ബൈപാസിനായി കുടിയൊഴിപ്പിക്കുന്നതിനെതിരേ പ്രദേശവാസികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒന്നര മാസമായി പന്തല്‍കെട്ടി സമരം നടക്കുകയാണ്. കഴിഞ്ഞ ദിവസം പഠനം ബഹിഷ്‌കരിച്ച് തുരുത്തിയിലെ 10 വിദ്യാര്‍ഥികള്‍ നിരാഹാരം നടത്തിയിരുന്നു. തുരുത്തി വഴിയുള്ള അശാസ്ത്രീയമായ അലൈന്‍മെന്റ് ഒഴിവാക്കണമെന്നും ഇരകളുടെ പ്രശ്‌നം മനസ്സിലാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. വിവിധ ദലിത് സംഘടനകള്‍ ഏറ്റെടുത്തതോടെയാണ് സമരം ശക്തിപ്രാപിച്ചത്. യോഗത്തില്‍ ശ്രീരാമന്‍ കൊയ്യോന്‍ അധ്യക്ഷത വഹിച്ചു. കസ്തൂരി ദേവന്‍, ലീല, രമേശന്‍, മുട്ടം പുരുഷു, നിരിച്ചന്‍ ബാലകൃഷ്ണന്‍, സി ബാലകൃഷ്ണന്‍, രാജന്‍ വേളാപുരം, കുഞ്ഞമ്പു കല്ല്യാശ്ശേരി, കെ നിഷില്‍കുമാര്‍, കെ സിന്ധു സംസാരിച്ചു.
Next Story

RELATED STORIES

Share it