തുണീസ്യന്‍ അതിര്‍ത്തി പട്ടണത്തില്‍ ഏറ്റുമുട്ടല്‍; നിരവധി പേര്‍ കൊല്ലപ്പെട്ടു

തുനിസ്: ലിബിയയുമായി അതിര്‍ത്തി പങ്കിടുന്ന തുണീസ്യയിലെ ബെന്‍ ഗാര്‍ഡന്‍ നഗരത്തില്‍ സായുധസംഘവും സുരക്ഷാസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടല്‍ അവസാനിച്ചിട്ടുണ്ടെങ്കിലും കൊല്ലപ്പെട്ടവരുടെ എണ്ണം വ്യക്തമല്ല.
ഏറ്റുമുട്ടലുകളില്‍ സായുധസംഘത്തിലെ 10 പേര്‍ കൊല്ലപ്പെട്ടെന്നാണ് സൈനികവക്താവ് അറിയിച്ചത്. അക്രമി സംഘം സൈനിക ബാരക്കിനും നാഷനല്‍ ഗാര്‍ഡ്‌സിനും നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. റോക്കറ്റ് ഗ്രനേഡുകള്‍ ഉള്‍പ്പെടെയുള്ള വന്‍ പ്രഹര ശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. സംഘര്‍ഷത്തിനിടെ സംഘം ഒരു ആംബുലന്‍സും കവര്‍ന്നു. 'തീവ്രവാദ സംഘം' രാജ്യത്തേക്ക് നുഴഞ്ഞുകയറിയെന്നു തുണീസ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതിനു പിന്നാലെ ബെന്‍ ഗാര്‍ഡനില്‍ സുരക്ഷാ സൈനികോദ്യോഗസ്ഥര്‍ തിരച്ചില്‍ ശക്തമാക്കിയിരുന്നു.
ലിബിയയില്‍ ഐഎസിനെതിരേയുള്ള ആക്രമണങ്ങള്‍ക്കു പിന്നാലെയാണ് തിരച്ചില്‍ തുടങ്ങിയത്. ലിബിയയിലേക്കുള്ള തന്ത്രപ്രധാന പ്രവേശനമാര്‍ഗമായ ബെന്‍ ഗാര്‍ഡന്‍ ആയുധക്കടത്തുകാരുടെയും കള്ളക്കടത്തുകാരുടെയും വിഹാര കേന്ദ്രമാണ്.
ലിബിയന്‍ അതിര്‍ത്തിയില്‍ ഉടനീളം തുണീസ്യ കമ്പിവേലികളും മറ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേണ്ടത്ര ഫലപ്രാപ്തിയില്ലെന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്.
Next Story

RELATED STORIES

Share it