തുടര്‍സാക്ഷരതാപ്രവര്‍ത്തനം പ്രതിസന്ധിയില്‍

നാരായണന്‍  കരിച്ചേരി

കണ്ണൂര്‍: കേരളത്തിലെ തുടര്‍വിദ്യാഭ്യാസ സാക്ഷരതാപ്രവര്‍ത്തനം അധികൃതരുടെ അനാസ്ഥമൂലം പ്രതിസന്ധിയിലേക്ക്. പ്രേരകുമാര്‍ ആത്മഹത്യ ചെയ്തതായും റിപോര്‍ട്ടുണ്ട്. ലോകത്തിനു തന്നെ മാതൃകയായി 1998 മുതല്‍ സംസ്ഥാനത്തു നടന്നുവരുന്ന സാക്ഷരതാപ്രവര്‍ത്തനം പ്രേരകുമാരോടുള്ള അവഗണനമൂലം നിലനില്‍പ് ഭീഷണി നേരിടുന്നു.
12,000, 15,000 രൂപ ഓണറേറിയമായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍, ഉള്ള വേതനവും കേരള സാക്ഷരതാ മിഷന്‍ വെട്ടിക്കുറച്ചു. പ്രേരകുമാരില്‍ 87 ശതമാനവും സ്ത്രീകളാണ് എന്നത് ദൈന്യത വെളിപ്പെടുത്തുന്നു. നാലാംതരം തുല്യത, ഏഴാംതരം തുല്യത, 10ാംതരം തുല്യത, പ്ലസ്ടു തുല്യത പഠന പരിപാടികളില്‍ ലക്ഷക്കണക്കിനുപേര്‍ ഇതിനകം ഗുണഭോക്താക്കളായി. 11ാം പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഈ പ്രവര്‍ത്തനത്തിന് തുക നിഷേധിച്ചു. 2009 മാര്‍ച്ച് 31ന് കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവുമുണ്ടായി. ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍വിദ്യാഭ്യാസ പരിപാടി സ്വന്തംനിലയില്‍ ഏറ്റെടുത്തു. പ്രേരകുമാര്‍ക്ക് അന്നത്തെ ഇടതുസര്‍ക്കാര്‍ വേതനം വര്‍ധിപ്പിച്ച് ബജറ്റില്‍ തുക വകയിരുത്തി.
എസ്എസ്എല്‍സിയും ബിരുദാനന്തര ബിരുദവും തുടങ്ങി ഉന്നത വിദ്യാഭ്യാസം നേടിയ 25നും 60 ഇടയിലുള്ളവരാണ് പ്രേരകുമാരായി പ്രവര്‍ത്തിക്കുന്നത്. 2300ലധികം സാക്ഷരതാപ്രവര്‍ത്തകരാണ് സംസ്ഥാനത്തുള്ളത്. ഒരുവര്‍ഷമായി നടത്തുന്ന പുതുമയാര്‍ന്ന പ്രവര്‍ത്തനമാണ് ആദിവാസി സാക്ഷരത, തീരദേശ സാക്ഷരത, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള സാക്ഷരത തുടങ്ങിയവ.
2011ലെ കണക്കുപ്രകാരം കേരളത്തില്‍ അഞ്ചുശതമാനം സാക്ഷരതാ വളര്‍ച്ചയുണ്ടായത് പ്രേരകുമാരുടെ പ്രവര്‍ത്തനഫലമായാണെന്ന് പ്രേരക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി വസന്ത തേജസിനോട് പറഞ്ഞു. കൂടാതെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ ജില്ലയായി കണ്ണൂര്‍ തിരഞ്ഞെടുക്കപ്പെട്ടതും ഇതിന്റെ ഭാഗമായാണ്്. തുടര്‍ച്ചയായി മൂന്നുവര്‍ഷം ദേശിയ പുരസ്‌കാരമായ സത്യന്‍ മൈത്രി അവാര്‍ഡും കേരളത്തിനു ലഭിച്ചു.
Next Story

RELATED STORIES

Share it