തുടര്‍പരിശോധന കാക്കനാട് ലാബില്‍ നടത്തില്ല

കൊച്ചി: വിശദ പരിശോധനയ്ക്കായി സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കാക്കനാട് റീജ്യനല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബില്‍ എത്തിച്ച ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ അന്വേഷണ സംഘം തിരികെ വാങ്ങി. തുടര്‍പരിശോധന ഹൈദരാബാദിലെ ലാബില്‍ നടത്തിയേക്കും. മണിയുടെ മരണം സംബന്ധിച്ച് അന്വേഷിക്കുന്ന പോലിസ് സംഘം കഴിഞ്ഞ ദിവസമാണ് കാക്കനാട് ലാബില്‍ എത്തി സാമ്പിളുകള്‍ തിരികെ വാങ്ങിയത്. മണി മരിക്കുന്നതിനു മുമ്പ് ചികില്‍സയിലിരുന്ന കൊച്ചിയിലെ ആശുപത്രി അധികൃതര്‍ ശേഖരിച്ചിരുന്ന അദ്ദേഹത്തിന്റെ മൂത്രം, രക്തം അടക്കം 25ഓളം സാമ്പിളുകളാണ് കഴിഞ്ഞ ദിവസം വിശദ പരിശോധനയ്ക്കായി കാക്കനാട് ലാബില്‍ എത്തിച്ചത്. എന്നാല്‍, ഇവ വീണ്ടും കാക്കനാട് ലാബില്‍ പരിശോധിക്കേണ്ടതില്ലെന്ന സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം ലാബിലെത്തി അധികൃതര്‍ക്കു കൈമാറിയ ശേഷം സാമ്പിളുകള്‍ തിരികെ വാങ്ങി. ഹൈദരാബാദിലെ ലാബിലായിരിക്കും തുടര്‍പരിശോധന നടത്തുകയെന്നാണു വിവരം. ഈ മാസം ആറിനായിരുന്നു കലാഭവന്‍ മണി മരിച്ചത്. ഗുരുതരമായ കരള്‍രോഗമായിരുന്നു മരണകാരണമെന്നാണ് ആദ്യം പുറത്തുവന്ന റിപോര്‍ട്ടെങ്കിലും മണിയുടെ ശരീരത്തില്‍ മീഥെയില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം ഉള്ളതായി ആശുപത്രി അധികൃതര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് മണിയുടെ ആന്തരികാവയവങ്ങള്‍ കാക്കനാട് റീജ്യനല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബില്‍ പരിശോധന നടത്തിയത്. ക്ലോറിപൈറിഫോസ് എന്ന കീടനാശിനിയുടെ അംശം മണിയുടെ ഉള്ളില്‍ ഉണ്ടായിരുന്നുവെന്നായിരുന്നു ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. കീടനാശിനിക്കൊപ്പം ഈഥെയില്‍, മീഥെയില്‍ ആല്‍ക്കഹോള്‍ എന്നിവയുടെ അംശം പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മണിയുടെ മരണകാരണം ക്ലോറിപൈറിഫോസ് എന്ന കീടനാശിനിയായിരുന്നുവെന്നും പരിശോധന നടത്തിയ കാക്കനാട് ലാബിലെ ജോയിന്റ് കെമിക്കല്‍ എക്‌സാമിനര്‍ കെ മുരളീധരന്‍ നായര്‍ അന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍, മണിയുടെ ശരീരത്തില്‍ കീടനാശിനിയില്ലെന്നായിരുന്നു മണിയെ ചികില്‍സിച്ചിരുന്ന സ്വകാര്യ ആശുപത്രി അധികൃതരുടെ നിലപാട്. ഇത്തരത്തില്‍ ഭിന്നാഭിപ്രായം ഉടലെടുത്തതോടെ അന്വേഷണ സംഘവും ആശയക്കുഴപ്പത്തിലായി. മീഥെയില്‍, ഈഥെയില്‍ ആല്‍ക്കഹോള്‍ എന്നിവയുടെ അളവ് പരിശോധനാ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും ക്ലോറിപൈറിഫോസ് എന്ന കീടനാശിനിയുടെ അളവ് എത്രയെന്നു വ്യക്തമാക്കിയിരുന്നില്ല. ഇതും ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍, ഇത്തരം നിരവധി പരിശോധനകള്‍ കാക്കനാട് റീജ്യനല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബില്‍ നടത്താറുണ്ടെന്നും വിഷത്തിന്റെ അളവ് ഒരു റിപോര്‍ട്ടിലും സൂചിപ്പിക്കാറില്ലെന്നും കാക്കനാട് ലാബ് ജോയിന്റ് കെമിക്കല്‍ എക്‌സാമിനര്‍ കെ മുരളീധരന്‍ നായര്‍ തേജസിനോടു പറഞ്ഞു. ഇക്കാരണത്താലാണ് കലാഭവന്‍ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ കീടാനാശിനിയുടെ അളവ് റിപോര്‍ട്ടില്‍ രേഖപ്പെടുത്താതിരുന്നത്. പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ കീടനാശിനി കണ്ടെത്തിയിരുന്നുവെന്നും മുരളീധരന്‍ നായര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it