തുടര്‍ച്ചയായ 12ാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് ടിഡിപി, എഐഎഡിഎംകെ അംഗങ്ങള്‍ നടത്തുന്ന പ്രതിഷേധത്തെ തുടര്‍ന്ന് തുടര്‍ച്ചയായ 12ാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു.
ഇന്നലെ ലോക്‌സഭ സമ്മേളിച്ച ഉടന്‍ തന്നെ മുദ്രാവാക്യം വിളികളും പ്ലക്കാര്‍ഡുകളുമേന്തി അംഗങ്ങള്‍ സ്പീക്കറുടെ ഇരിപ്പിടത്തിനു മുമ്പിലെത്തിയതോടെ ചോദ്യോത്തര വേള തുടങ്ങാനാവാതെ സഭ 12 മണിവരെ പിരിയുന്നതായി അറിയിച്ചു.
രാജ്യസഭയിലും ആന്ധ്രപ്രദേശില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള അംഗങ്ങള്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങളുന്നയിച്ച് മുദ്രാവാക്യം വിളിച്ചു സഭാ നടപടികള്‍ തടസ്സപ്പെടുത്തി. ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാര്‍ മരിച്ച വിവരം സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രസ്താവന നടത്തുകയും തുടര്‍ന്ന്, പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ചുരുങ്ങിയ വാക്കുകളില്‍ സംസാരിക്കുകയും ചെയ്ത ഉടന്‍ തന്നെ എഐഎഡിഎംകെ, ടിഡിപി എംപിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചു.
ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഭരണകക്ഷിയായ ടിഡിപിയും ടിആര്‍എസും, കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെയും ഡിഎംകെയും മല്‍സരിച്ച് പ്രതിഷേധിച്ചതോടെ സഭാ നടപടികള്‍ തടസ്സപ്പെട്ടു.
ഇതോടെ, രാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിച്ചു. മാര്‍ച്ച് അഞ്ചിന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തുടര്‍ച്ചയായ 12ാം ദിനമാണ് നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ പിരിയുന്നത്. ഏപ്രില്‍ ആറിനാണ് സഭാ സമ്മേളനം അവസാനിക്കുന്നത്.
കേന്ദ്രത്തിനെതിരേ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസ്സും കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇന്നലെയും പരിഗണിച്ചില്ല. സഭാ നടപടികള്‍ ക്രമപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ സുമിത്രാ മഹാജന്‍ പ്രമേയം പരിഗണിക്കാതെ മാറ്റിവച്ചത്.ടിഡിപിയിലെ വൈ വി സുബ്ബ റെഡ്ഡിയും തോട്ട നരസിംഹവും അവിശ്വാസപ്രമേയത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും സഭാ നടപടികള്‍ ക്രമപ്രകാരമല്ലാത്തതിനാല്‍ തനിക്കത് പരിഗണിക്കാനാവുന്നില്ലെന്നും സുമിത്രാ മഹാജന്‍ പറഞ്ഞു.
അതേസമയം, സിപിഎം, എന്‍സിപി, സമാജ്‌വാദി പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ അവരവരുടെ സീറ്റുകളിലിരുന്നാണ് പ്രതിഷേധിച്ചത്.
Next Story

RELATED STORIES

Share it