തുടര്‍ച്ചയായ സ്ഥലംമാറ്റം: കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

പുനലൂര്‍: തുടര്‍ച്ചയായുള്ള സ്ഥലംമാറ്റത്തില്‍ മനംനൊന്ത് ഇടമണ്‍ ആയിരനെല്ലൂരില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ഇടമണ്‍ ആയിരനെല്ലൂര്‍ പട്ടയ കുപ്പില്‍ നിഷാന മന്‍സിലില്‍ നാസറുദ്ദീന്‍ (55) ആണ് മരിച്ചത്.
മൂന്നു മാസം മുമ്പ് കെഎസ്ആര്‍ടിസി പുനലൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആയിരുന്ന നാസറുദ്ദീനെ കണ്ണൂര്‍ പയ്യന്നൂരിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. അവിടെ നിന്ന് വീണ്ടും പത്തനംതിട്ട ഡിപ്പോയിലേക്ക് ട്രാന്‍സ്ഫര്‍ നല്‍കി. പത്തനംതിട്ട ഡിപ്പോയില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും അന്യായമായ ട്രാന്‍സ്ഫറില്‍ മനംനൊന്ത് നാസറുദ്ദീന്‍ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. ബുധനാഴ്ച രാത്രിയില്‍ പുനലൂര്‍ വരെ പോവുകയാണെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ നാസറുദ്ദീനെ ആയിരനെല്ലൂര്‍ പാലത്തിനോട് ചേര്‍ന്ന താല്‍ക്കാലിക ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ വഴിയാത്രക്കാരാണ് തൂങ്ങിനില്‍ക്കുന്നത് കണ്ടത്. നാസറുദ്ദീന്റെ മൃതദേഹത്തില്‍ തെന്മല എസ്‌ഐ പ്രവീണ്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
ആത്മഹത്യാക്കുറിപ്പില്‍ കെഎസ്ആര്‍ടിസി പുനലൂര്‍ ഡിപ്പോ എടിഒ അജീഷ് കുമാറിനെക്കുറിച്ച് പറയുന്നുണ്ട്. അജീഷ് കുമാര്‍ തിരുവനന്തപുരത്ത് വലിയ പിടിപാടുള്ള ആളാണെന്നും ഇദ്ദേഹത്തെ കാണുമ്പോള്‍ തൊഴുകൈയോടെ വണങ്ങുകയും ബഹുമാനിക്കുകയും പേടിക്കുകയും വേണം, അല്ലാത്തപക്ഷം തന്റെ അവസ്ഥ സഹപ്രവര്‍ത്തകരായ നിങ്ങള്‍ക്കും ഉണ്ടാവുമെന്നും കത്തില്‍ പറയുന്നു. കെഎസ്ആര്‍ടിസിയില്‍ ജോലി നേടാന്‍ ശ്രമിക്കാതെ മറ്റെന്തെങ്കിലും ജോലി നേടാന്‍ മകന്‍ ശ്രമിക്കണമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it