Flash News

തുടര്‍ച്ചയായ ബില്ലുകള്‍ : കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിംകോടതി നോട്ടീസ്‌



ന്യൂഡല്‍ഹി:  ധനചട്ടങ്ങളുടെ മറവില്‍ വിവിധ നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഭേദഗതികള്‍ ചോദ്യം ചെയ്ത് രണ്ടു സന്നദ്ധ സംഘടനകള്‍ നല്‍കിയ പൊതു താല്‍പര്യ ഹരജിയില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചു.  അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ (സിപിഐഎല്‍) എന്നീ സര്‍ക്കാരിതര സംഘടനകള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ധനചട്ടം 2017, ധനചട്ടം 2016 എന്നിവയിലൂടെ കമ്പനി നിയമം, ആദായനികുതി നിയമം, ജനപ്രാതിനിധ്യ നിയമം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, വിനോദ സംഭാവനാ നിയന്ത്രണ നിയമം എന്നിവയില്‍ ഭേദഗതി വരുത്തിയതിനെ ചോദ്യം ചെയ്താണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ നിയമങ്ങളില്‍ ഭേദഗതി വരുത്തിയതിലൂടെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരിധിയില്ലാതെ കോര്‍പറേറ്റ് കമ്പനികളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കാനാവും. ഇന്ത്യയിലെയും വിദേശത്തെയും കമ്പനികളില്‍ നിന്നുള്ള അജ്ഞാത ധനസഹായം ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നുമാണ് പ്രമുഖ അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, നേഹ രതി എന്നിവര്‍ മുഖേന നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. സംഭാവനകള്‍ പണമായി സ്വീകരിക്കാന്‍ പാടില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യസഭയെ മറിക്കടന്ന് ഇത്തരത്തില്‍ കൊണ്ടുവന്ന വിവിധ നിയമങ്ങളിലെ ഭേദഗതികള്‍ ധനകാര്യ ബില്ലായി നിയമ വിരുദ്ധമായി കൊണ്ടുവന്നതാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ധനചട്ടം 2017ലൂടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934ലെ 135ാം വകുപ്പില്‍ വരുത്തിയ ഭേദഗതി, 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 29സിയില്‍ വരുത്തിയ മാറ്റം,  ആദായ നികുതി നിയമം 1961ലെ  13 എ വകുപ്പില്‍ വരുത്തിയ ഭേദഗതി, 2013ലെ കമ്പനി നിയമത്തിലെ  182ാം വകുപ്പില്‍ നടത്തിയ ഭേദഗതി, 2010ലെ വിനോദ സംഭാവനാ നിയന്ത്രണ നിയമത്തിലെ വകുപ്പ് 2ല്‍ നടത്തിയ ഭേദഗതി എന്നിവ ഭരണഘടനാ വിരുദ്ധവും അധികാര വികേന്ദ്രീകരണ തത്വങ്ങളുടെ ലംഘനവുമാണെന്നാണ് ഹരജിയില്‍ പറയുന്നത്. ഭരണഘടനയുടെ അടിസ്ഥാന ഘടകമായ പൗരന്റെ അറിയാനുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Next Story

RELATED STORIES

Share it