malappuram local

തുഞ്ചന്‍പറമ്പില്‍ 3,638 കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്നു



തിരൂര്‍: വിജയദശമി ദിനത്തില്‍ മലയാള ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ചന്റെ തിരുസന്നിധിയില്‍ ആയിരങ്ങള്‍ ഹരിശ്രീ  കുറിച്ചു. സംസ്ഥാനത്തിന്റെ നാനാദിക്കുകളില്‍ നിന്നായി ആചാര്യ മുറ്റത്തെത്തിയ 3638 കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്നപ്പോള്‍ നൂറോളം കവികളും വിദ്യാരംഭം കുറിച്ചു. കൃഷ്ണശിലാ മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലുമാണ് എഴുത്തിനിരുത്തിയത്. കൃഷ്ണശിലാമണ്ഡപത്തില്‍ പാരമ്പര്യ എഴുത്താശാന്‍മാരും സരസ്വതിമണ്ഡപത്തില്‍ സാഹിത്യ സാംസ്‌കാരിക നായകരും എഴുത്തുകാരുമാണ് കുരുന്നുകളുടെ നാവിന്‍തുമ്പില്‍ ആദ്യാക്ഷരം കുറിച്ചുനല്‍കിയത്. പുലര്‍ച്ചെ അഞ്ചിന് തുടങ്ങിയ എഴുത്തിനിരുത്തല്‍ ഉച്ചവരെ നീണ്ടു. രാവിലെ ഒമ്പതരയോടെ കവികളുടെ വിദ്യാരംഭം തുടങ്ങി. തുഞ്ചന്‍ സ്മാരക ഹാളില്‍ നടന്ന കവികളുടെ വിദ്യാരംഭ ചടങ്ങില്‍   മുതിര്‍ന്ന കവികളും   നൂറോളം നവാഗതരും കവിതകള്‍ അവതരിപ്പിച്ചു. തങ്ങളുടെ ആദ്യ കവിതകള്‍ അവതരിപ്പിച്ച്  നവകവികള്‍ സായൂജ്യരായി.എം ടി വാസുദേവന്‍ നായര്‍ തുഞ്ചന്‍ സ്മാരക ഹാളിലാണ് കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ചുനല്‍കിയത്. സരസ്വതീ മണ്ഡപത്തില്‍ സാഹിത്യകാരന്മാരായ കെ പി രാമനുണ്ണി, ആലേങ്കാട് ലീലാകൃഷ്ണന്‍, രാധാമണി അയിങ്കലത്ത്, പി കെ ഗോപി , കാനേഷ് പുനൂര്‍, കെ പി സുധീര, പി കെ രാധാമണി, ആനന്ദ് കാവാലം , കെ എക്‌സ് ആന്റോ തുടങ്ങിയവരും കൃഷ്ണശിലാ മണ്ഡപത്തില്‍ എഴുത്താശാന്‍മാരായ വഴുതക്കാട് മുരളി എന്നിവരുടെ നേതൃത്വത്തിലാണ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയത്. പുലര്‍ച്ചെ മൂന്നരയോടെ തന്നെ തുഞ്ചന്റെ നഗരവീഥികള്‍ ജനനിബിഡമായി. കാലത്ത് മുതല്‍ നീണ്ട വരിയായിരുന്നു തുഞ്ചന്റെ സന്നിധിയില്‍. മുതിര്‍ന്ന പോലീസുദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ സുരക്ഷയൊരുക്കി. അഗ്‌നിശമന വിഭാഗം, ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സേവനവും ഒരുക്കി. ചടങ്ങുകള്‍ക്കായി തുഞ്ചന്‍ ട്രസ്റ്റ്  വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയത് വലിയ അനുഗ്രഹമായി.ദൂരദിക്കുകളില്‍ നിന്നുള്ളവര്‍ വെള്ളിയാഴ്ച തന്നെ തുഞ്ചന്റെ മണ്ണില്‍ എത്തിയിരുന്നു. കുട്ടികളുമായി നേരത്തെ തന്നെയെത്തിയ ഈ രക്ഷിതാക്കളും ബന്ധുക്കളും നഗരത്തിലെ ലോഡ്ജുകളും ബന്ധുവീടുകളിലുമൊക്കെയാണ് താമസിച്ചത്.
Next Story

RELATED STORIES

Share it