Kollam Local

തുക അനുവദിച്ചിട്ട് അഞ്ചുവര്‍ഷം: വെട്ടിയതോട് പാലംപണി ഇതുവരേയും തുടങ്ങിയില്ല

ശാസ്താംകോട്ട: തുക അനുവദിച്ച് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പടിഞ്ഞാറേ കല്ലട വെട്ടിയതോട് പുതിയപാലത്തിന്റെ നിര്‍മാണം തുടങ്ങാനായില്ല. പാലത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിലുണ്ടാകുന്ന കാലതാമസമാണ് നിര്‍മാണം വൈകാന്‍ കാരണം. അപകടാവസ്ഥയിലായ വെട്ടിയതോട് പാലത്തിന് പകരം പുതിയപാലം നിര്‍മിക്കുന്നത് 2.7 കോടി രൂപയാണ് ബജറ്റില്‍ അന്ന് അനുവദിച്ചത്. നിലവിലുള്ള പാലത്തിന് സമീപം റോഡിലെ വളവ് പൂര്‍ണമായും ഒഴിവാക്കിയാണ് പുതിയപാലം നിര്‍മാണം ഉദ്ദേശിച്ചത്. ഇതിന് രണ്ട് സ്വകാര്യവ്യക്തികളുടെ സ്ഥലം ഏറ്റെടുത്ത് നല്‍കണമായിരുന്നു. ഇതിനുള്ള നടപടികള്‍ ഏങ്ങും എത്താത്തതാണ് പാലം നിര്‍മാണം നീണ്ടുപോകാന്‍ കാരണമായത്. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് പാലത്തിനും അപ്രോച്ച് റോഡിനും ആവശ്യമായ സ്ഥലം ഏറ്റെുത്ത് നല്‍കിയാല്‍ മാത്രമേ പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങുകയുള്ളു. അതേസമയം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന നിലവിലുള്ള പാലം ദിനംപ്രതി അപകടാവസ്ഥയിലാവുകയാണ്. അരനൂറ്റാണ്ടിലധികം പഴക്കമുള്ള പാലമാണിത്. പാലത്തിന്റെ ഇരുവശത്തേയും കൈവരികള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ ഇവയുടെ സ്ഥാനത്ത് അധികൃതര്‍ കമ്പികൊണ്ട് കൈവരി നിര്‍മിച്ചിരിക്കുകയാണ്. പാലത്തിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റുകളും ഇളകി വീണുകൊണ്ടിരിക്കുകയാണ്. താലൂക്ക് വികസനസമിതിയിലടക്കം വിഷയം നിരവധിതവണ ചര്‍ച്ച ചെയ്‌തെങ്കിലും പാലം നിര്‍മാണത്തിന്റെ നടപടികള്‍ മാത്രം ഒന്നുമായില്ല. അനുവദിച്ച 2.7കോടി രൂപയ്ക്ക് ഇനി പാലംപണി നടക്കുമോയെന്നും കണ്ടറിയണം. പാലത്തിന്റെ ഇരുവശവും ഇപ്പോള്‍ കാടുമൂടി കിടക്കുന്നതിനാല്‍ ഇത്തരത്തിലും അപകടസാധ്യതയുണ്ട്.
Next Story

RELATED STORIES

Share it