തീവ്രവാദ ബന്ധം: ട്വിറ്റര്‍ 1,25,000 അക്കൗണ്ടുകള്‍ റദ്ദാക്കി

വാഷിങ്ടണ്‍: തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നാരോപിച്ച് 1,25,000 അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കി. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരേ നടപടി സ്വീകരിച്ചുവരുകയാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.
റദ്ദാക്കിയ അക്കൗണ്ടുകളില്‍ ഭൂരിഭാഗവും ഐഎസ് അനുഭാവികളുടേതാണെന്നാണ് കമ്പനിയുടെ ഭാഷ്യം. ഉപയോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ക്കെതിരേ നടപടി സ്വീകരിച്ചത്. അക്കൗണ്ടുകള്‍ക്ക് മേലുള്ള നിരീക്ഷണം തുടരുമെന്നും ട്വിറ്റര്‍ അധികൃതര്‍ വ്യക്തമാക്കി.
പരാതികളില്‍ ഉടനടി നടപടി സ്വീകരിക്കാനും ജീവനക്കാര്‍ക്ക് കമ്പനി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സായുധസംഘങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്നു ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
2014ല്‍ നടത്തിയ പഠനത്തില്‍ 46,000 അക്കൗണ്ടുകള്‍ സായുധസംഘങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ആശയ പ്രചാരണത്തിനും റിക്രൂട്ടിങിനും ഐഎസ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നതായി സുരക്ഷാവൃത്തങ്ങള്‍ പറയുന്നു. ജനുവരിയില്‍ ദേശീയ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയ സൈറ്റുകളിലെ സുരക്ഷ സംബന്ധിച്ചു വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രമുഖ കമ്പനികള്‍ പങ്കെടുത്തിരുന്നില്ല. അതേസമയം, ഇപ്പോഴുണ്ടായ ട്വിറ്റര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് യുഎസ് സുരക്ഷാവിഭാഗം പ്രതികരിച്ചു.
Next Story

RELATED STORIES

Share it