Articles

തീവ്രവാദികള്‍ ഉണ്ടാവുന്നത്

അവകാശങ്ങള്‍ നിഷേധങ്ങള്‍
ബാബുരാജ് ബി എസ്
കഴിഞ്ഞ ദിവസം ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ നേതാവ് ജെയ്‌സന്‍ കൂപ്പര്‍ മാധ്യമം പത്രാധിപര്‍ക്ക് ഒരു തുറന്ന കത്തെഴുതി. മൂന്നാറിലെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകന്‍ മനോജിനെ മാവോവാദി പാര്‍ട്ടി മെംബറാണെന്നു പറഞ്ഞ് അറസ്റ്റ് ചെയ്ത സംഭവം റിപോര്‍ട്ട് ചെയ്യവെ ജെയ്‌സനെ വയനാട്ടിലെ മാവോവാദി നേതാവെന്ന് വിശേഷിപ്പിച്ചതിനെക്കുറിച്ചായിരുന്നു കത്ത്. മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന, പതിതരോടൊപ്പം എന്നും നിന്നിട്ടുള്ള ഒരു പത്രം സ്്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് സനാതനസത്യമെന്ന നിലയില്‍ അവതരിപ്പിച്ചതിനെക്കുറിച്ചാണ് ജെയ്‌സന്‍ എഴുതിയത്. ഇതു കഴിഞ്ഞ് അടുത്ത ദിവസം മറ്റൊന്നു കൂടി സംഭവിച്ചു. മനോജിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി പത്രങ്ങള്‍ക്ക് ഒരു പ്രസ്താവന നല്‍കി. അതു പ്രസിദ്ധീകരിച്ച മാധ്യമത്തിന്റെ ഇടുക്കി എഡിഷന്‍ ജെയ്‌സന്റെ ഒരു ചിത്രത്തോടെയാണ് പുറത്തിറങ്ങിയത്. ഒപ്പം ഒരു അടിക്കുറിപ്പും: 'സമരപ്പന്തലില്‍ എത്തിയ മാവോവാദി നേതാവ് ജെയ്‌സന്‍ കൂപ്പര്‍.' പത്രങ്ങള്‍ പോലിസ് താല്‍പര്യത്തിനു വേണ്ടി വാര്‍ത്തകള്‍ എഴുതുന്നത് പുതിയ കാര്യമല്ല. കുറച്ച് കൊല്ലം മുമ്പ് തിരുവനന്തപുരത്തെത്തിയ ഒരു നാടകസംഘത്തെ പോലിസ് അറസ്റ്റ് ചെയ്തത് എല്‍ടിടിഇ സംഘമാണെന്ന പത്രവാര്‍ത്ത ചൂണ്ടിക്കാട്ടിയാണ്. പത്രങ്ങള്‍ വാര്‍ത്ത കൊടുത്തതാവട്ടെ രഹസ്യപ്പോലിസിനെ ഉദ്ധരിച്ചും. അന്ന് സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ സക്കറിയയുടെ ഇടപെടലുകളെ തുടര്‍ന്നാണ് അതേക്കുറിച്ചുള്ള വാര്‍ത്തപോലും പുറത്തുവന്നത്.  കഴിഞ്ഞ വര്‍ഷം ദലിത് സംഘടനകളുടെ മുന്‍കൈയില്‍ തൃശൂരില്‍ നടന്ന ഒരു കൂട്ടായ്മയും ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടിരുന്നു. സംഘാടകസമിതിയില്‍ പങ്കെടുക്കുകയും ഭാരവാഹിയാവുകയും ചെയ്ത പത്രലേഖകനാണ് കൂട്ടായ്മയില്‍ മാവോവാദി നുഴഞ്ഞുകയറ്റമെന്ന് വാര്‍ത്തയെഴുതിയത്. മുതലമടയിലെ മണ്ണെടുപ്പിനെതിരേയുള്ള സമരത്തിലും ഇത്തരം പ്രചാരണങ്ങള്‍ സജീവമായിരുന്നു. ഇതൊക്കെ പത്രങ്ങളുടെ ചെയ്തികളാണെങ്കില്‍ സമരങ്ങളെ അടിച്ചൊതുക്കാന്‍ പോലിസും സര്‍ക്കാരും ഇതേ ആയുധം ഉപയോഗിക്കാറുണ്ട്. മുത്തങ്ങ സമരകാലത്ത് ആദ്യം ആരോപിച്ചത് പിന്നില്‍ എല്‍ടിടിഇയാണെന്നാണ്. മാവോവാദി പിന്തുണയുണ്ടെന്നും പ്രചരിപ്പിക്കപ്പെട്ടു. കാതിക്കുടം നിറ്റാ ജലാറ്റിന്‍ ഫാക്ടറിക്കെതിരേ നടന്ന സമരത്തിലും ഇതേ അടവ് പ്രയോഗിച്ചിരുന്നു. തൊട്ടടുത്ത നിയോജകമണ്ഡലത്തിലെ എംഎല്‍എയായ ടി എന്‍ പ്രതാപനാണ് ആരോപണവുമായി വന്നത്. അന്യപ്രദേശക്കാര്‍ സമരത്തില്‍ നുഴഞ്ഞുകയറിയിരിക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഏറ്റവും അവസാനം പുതുവൈപ്പില്‍ സമരം നടത്തുന്നവര്‍ക്കെതിരേയും ഇതുയര്‍ന്നു. സമരക്കാരെ തല്ലിച്ചതച്ച പോലിസ് പറഞ്ഞ ന്യായീകരണം മോദിക്കെതിരേ തീവ്രവാദി ആക്രമണത്തിനുള്ള സാധ്യതയുണ്ടെന്നും അതില്ലാതാക്കാനുള്ള ശ്രമമാണ് ലാത്തിച്ചാര്‍ജില്‍ കലാശിച്ചതെന്നുമാണ്. സമരസമിതിയില്‍ മാവോവാദികളും മുസ്‌ലിം തീവ്രവാദികളും ഐഎസും എന്നാണു പറയുന്നത്. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളെയും പ്രതിരോധങ്ങളെയും നിയമവിരുദ്ധമായി നേരിടാനുള്ള ഇത്തരം നീക്കങ്ങള്‍ ജനാധിപത്യസംവിധാനത്തെ വല്ലാതെ ദുര്‍ബലപ്പെടുത്തുമെന്നതാണു യാഥാര്‍ഥ്യം. അതേസമയം, ഭരണകൂടത്തിന്റെ കോടാലിക്കൈകളായി സമരക്കാരും മാറാറുണ്ടെന്ന യാഥാര്‍ഥ്യവും കാണാതിരുന്നുകൂടാ. പോലിസിന്റെ ആക്രമണവും തങ്ങളുടെ മുന്‍കൈ നഷ്ടപ്പെടുമെന്നുമൊക്കെയുള്ള ഭയമാണ് സമരക്കാരെ ഇതിനു പ്രേരിപ്പിക്കുന്നത്. ചെങ്ങറ സമരക്കാരാണ് ഇത്തരം നീക്കം നടത്തിയ ആദ്യവിഭാഗം. മാവോവാദികള്‍ക്കും എന്‍ഡിഎഫിനും ആര്‍എസ്എസിനും പ്രവേശനമില്ലെന്ന ബോര്‍ഡ് തൂക്കിയാണ് അവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.  തീവ്രവാദ ടാഗ് തല്‍ക്കാലം സ്വന്തം കഴുത്തിലില്ലെന്ന ആശ്വാസത്തില്‍ ഒരു സോളിഡാരിറ്റി നേതാവ് എഫ്ബി പോസ്റ്റില്‍ എഴുതിയത് മാവോവാദികള്‍ ജനകീയ സമരങ്ങളെ സഹായിച്ച് ബുദ്ധിമുട്ടിക്കരുതെന്നാണ്. അതിനദ്ദേഹം നിരവധി ന്യായങ്ങളും നിരത്തി. അദ്ദേഹം പറഞ്ഞതുപോലെ പോലിസ് അത്തരം തന്ത്രങ്ങള്‍ ഉപയോഗിക്കാറുണ്ടെന്നത് സത്യവുമാണ്. അതേസമയം, തീവ്രവാദി ആരോപണം ഒരു ഭരണകൂടതന്ത്രമാണെന്നു മനസ്സിലാക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏറ്റവും ഒടുവില്‍ പുതുവൈപ്പിലെ തീവ്രവാദി സാന്നിധ്യമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നതില്‍ അദ്ദേഹത്തിന്റെ തന്നെ സഹോദരസംഘടനകളുമുണ്ടെന്ന കാര്യം ഒരു ഓര്‍മപ്പെടുത്തലാണ്. ജെയ്‌സനിലേക്കു തന്നെ തിരിച്ചുവരാം. തന്നെ കുടുക്കാന്‍ ശ്രമിക്കുന്ന പത്രത്തോടായി അദ്ദേഹം എഴുതുന്നു: ''മുസ്‌ലിംകള്‍ രാജ്യദ്രോഹികളും രാജ്യസ്‌നേഹം തെളിയിക്കാന്‍ ബാധ്യസ്ഥരുമായി മാറിയിരിക്കുന്ന രാജ്യത്ത്, ഏതൊരു മുസ്‌ലിമും ഏതു നിമിഷവും രാജ്യദ്രോഹമുദ്രയ്ക്ക് അര്‍ഹനായി മാറാനിടയുള്ള രാജ്യത്ത്, ഞാന്‍ വിധേയനാവുന്ന അനീതിക്ക് നിങ്ങളുടെ സമ്മതമുണ്ടാവരുതേ എന്നാണ് എനിക്ക് നിങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത്.''
Next Story

RELATED STORIES

Share it