Kollam Local

തീവ്രവാദത്തിന്റെ പേരില്‍ സര്‍ക്കാര്‍ കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു: എസ്ഡിപിഐ



കൊല്ലം: തീവ്രവാദത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എ കെ സലാഹുദ്ദീന്‍. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ എസ്ഡിപിഐ രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധങ്ങളുടെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കടയില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ജനകീയ സമരങ്ങളെയും തീവ്രവാദ മുദ്രചാര്‍ത്തി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നു. കള്ളപ്പണവും ഭീകരവാദവും തുടച്ചുനീക്കാന്‍ വേണ്ടിയാണെന്ന മോദിയുടെ വാക്ക് വിശ്വസിച്ചാണ് നോട്ടുനിരോധന സമയത്ത് ജനം മൗനം പാലിച്ചത്. എന്നാല്‍ വാഗ്ദാനങ്ങളൊന്നും പാലിക്കാതെ മോദി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. രാജ്യ സുരക്ഷയില്‍ പൊതിഞ്ഞ് സങ്കുചിത താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ഒരു പതിവാക്കി മാറ്റി. കള്ളപ്പണം പിടികൂടി ഓരോ പൗരന്റേയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നായിരുന്നു ബിജെപിയുടെ പ്രഖ്യാപനം. ഇത് വിശ്വാസിച്ച് അക്കൗണ്ട് തുടങ്ങിയ സാധാരണക്കാരെ മോദിക്ക് പുറമെ ബാങ്കുകളും ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനമെന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെറിയുന്ന തീരുമാനത്തിനെതിരേ ആദ്യം രംഗത്തുവന്നത് എസ്ഡിപിഐ ആയിരുന്നു. അന്ന് മുഖ്യധാര പാര്‍ട്ടികളെല്ലാം മൗനം പാലിക്കുകയാണ് ചെയ്തത്. കള്ളപ്പണത്തിന്റെ പേരിലാണ് രാഷ്ട്രീയ പാര്‍ട്ടികളേയും മോദി നിശബ്ദമാക്കിയത്. നോട്ടുനിരോധനം കൊണ്ട് ഗുണം ലഭിച്ചത് ബിജെപിക്കും കോര്‍പറേറ്റുകള്‍ക്കും ഇവിടുത്തെ ബാങ്കുകള്‍ക്കും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ വൈസ് പ്രസിഡന്റ് വി ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ, സെക്രട്ടറി റിയാസ് കണ്ണനല്ലൂര്‍, ഷറാഫത്ത് മല്ലം, ജില്ലാ സെക്രട്ടേറിയറ്റംഗം കെ എസ് പുരം ഷാജഹാന്‍, എ കെ ഷരീഫ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ നിസാര്‍, മുന്‍ ജില്ലാ പ്രസിഡന്റ് എ എ ഷാഫി, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജവാദ്, മണ്ഡലം ഭാരവാഹികളായ നുജുമുദ്ദീന്‍ അഞ്ചുമുക്ക്, സബീര്‍ പള്ളിമുക്ക്, നാസര്‍ കുരുടന്റയ്യം, സുലൈമാന്‍ റോഡുവിള, നൗഫല്‍ ചടയമംഗലം, റിയാദ് കേരളപുരം, ഷഫീഖ് കരുവ, ഹാരിസ് കൂട്ടിക്കട സംസാരിച്ചു.
Next Story

RELATED STORIES

Share it