thrissur local

തീവ്രപരിചരണ വിഭാഗങ്ങളില്‍ നിരീക്ഷണം ശക്തമാക്കണം: മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍: തീവ്രപരിചരണ കേന്ദ്രങ്ങള്‍ ഇഷ്ടാനുസരണം പ്രഖ്യാപിക്കാനും ഫീസ് ഈടാക്കാനും ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് അവസരം നല്‍കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നിരീക്ഷിച്ചു.
ഇത്തരം ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ അവശ്യ ആധുനിക സജ്ജീകരണങ്ങളും വിദഗ്ധ ജീവനക്കാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ടോ എന്നത് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പരിശോധിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. ആശുപത്രിക്കുളളിലെ തീവ്രപരിചണ വിഭാഗം സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി സോജന്‍ ജോസ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.
സംസ്ഥാനത്തെ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലെ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കണം. ഇവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നവര്‍ ആരെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മാനുഷിക പരിഗണന ഐ സി യുവിലെ രോഗികള്‍ക്ക് ഉറപ്പാക്കണം. സി സി ടി വി ഇല്ലാത്ത ഐ സി യു വില്‍ ഒന്നിലധികം തവണ ബന്ധുക്കള്‍ക്ക് പ്രവേശനം നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.
തീവ്രപരിചണ വിഭാഗത്തിലെ രോഗികള്‍ മരിച്ചിട്ടും ചികില്‍സ തുടര്‍ന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യങ്ങളില്‍ മൃതദേഹങ്ങള്‍ യഥാസമയം വിട്ട് കൊടുക്കാത്ത മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കണം. മൃതദേഹത്തെ മാനിക്കാത്തവരെ നിയമാനുസൃതം ശിക്ഷിക്കണം- കമ്മീഷന്‍ വ്യക്തമാക്കി.
ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളില്‍ പാര്‍ശ്വസംരക്ഷണമുളള കിടക്കകള്‍ ഉറപ്പാക്കണം. നാഷണല്‍ അക്രിഡിറ്റേഷന്‍ ബ്യൂറോ ഓഫ് ഹോസ്പിറ്റല്‍സ് മാനദണ്ഡങ്ങള്‍ അനുസരിച്ചാവണം ആരോഗ്യ ഡയറക്ടറുടെ വിലയിരുത്തല്‍. നിശ്ചിത ഇടവേളകളില്‍ നിരീക്ഷണം ശക്തമാക്കണം. കമ്മീഷന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it