Articles

തീവ്രദേശീയത: ഗുണഭോക്താക്കള്‍ ബിജെപി മാത്രമല്ല

അവകാശങ്ങള്‍ നിഷേധങ്ങള്‍' - ബാബുരാജ്  ബി  എസ്

മഴവില്‍ മാവോ മായാ മുന്നണി' എന്നാണ് വടയമ്പാടിയിലെ സമരക്കാരെ ഇടത് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ വിശേഷിപ്പിച്ചത്. അങ്ങനെ ഒരു പ്രയോഗം നടത്തുന്നത് അദ്ദേഹം സ്വയമൊരു സര്‍ഗാത്മക സാഹിത്യകാരന്‍ ആയതുകൊണ്ടാണ്. പോലിസുകാരില്‍ സര്‍ഗാത്മക സാഹിത്യകാരന്മാര്‍ കുറവായതുകൊണ്ട് അവര്‍ അതിനെ മാവോവാദി, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടുകെട്ടെന്ന് വിശേഷിപ്പിച്ചു. പുറത്തുനിന്നു വന്നവര്‍, നുഴഞ്ഞുകയറ്റക്കാര്‍, തീവ്രവാദികള്‍ തുടങ്ങിയവയാണ് ഇതോടൊപ്പം ചേര്‍ന്നുവരുന്ന മറ്റു പ്രയോഗങ്ങള്‍. കേരളത്തിലെ സൂക്ഷ്മ രാഷ്ട്രീയപ്രയോഗത്തെ സംശയത്തിന്റെയും രാജ്യദ്രോഹത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ പ്രയോഗം അത്ര തന്നെ സര്‍ഗാത്മകത കുറഞ്ഞ ഇടത്-ലിബറല്‍-ദേശീയവാദ-ബുദ്ധിജീവികളും ഏറ്റുവിളിക്കാറുണ്ട്.
ദശകങ്ങളുടെ പഴക്കമുണ്ടെങ്കിലും കേരളത്തെ സംബന്ധിച്ചിടത്തോളം തൊണ്ണൂറുകളിലാണ് ഈ ആശയം ഇന്നത്തെ രീതിയില്‍ അവതരിപ്പിക്കപ്പെടുന്നത്. ആ കാലത്താണ് വടക്കേ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റം വ്യാപകമാവുന്നത്. അതിനു മുമ്പും കുടിയേറ്റം കേരളത്തില്‍ ഉണ്ടായിട്ടുണ്ട്, തമിഴ് തൊഴിലാളികളും മറ്റുമായി. കൂറത്തമിഴന്‍, അണ്ണാച്ചി എന്നൊക്കെയാണ് വംശീയവാദത്താല്‍ പ്രചോദിതരായ നാം അവര്‍ക്കു കൊടുത്ത പേര്. ഇതൊക്കെയാണെങ്കിലും മലയാളി ഭാവനയെ പ്രകോപിപ്പിക്കാന്‍ മാത്രം തമിഴ് തൊഴിലാളി പ്രാപ്തനായിരുന്നില്ല. അവന്‍ അരികുകളില്‍ മനുഷ്യനായിപ്പോലും അംഗീകരിക്കപ്പെടാതെ മരംവെട്ടികളും തോട്ടിപ്പണിക്കാരുമായി കഴിഞ്ഞുകൂടി.
തൊണ്ണൂറുകളില്‍ ഉത്തരേന്ത്യക്കാര്‍ വ്യാപകമായി കേരളത്തിലേക്കു കുടിയേറി. ബംഗാള്‍, ബിഹാര്‍, ഒഡീഷ, യുപി എന്നിവിടങ്ങളില്‍ നിന്നുള്ള ഇവര്‍ ആലുവയിലെയും പെരുമ്പാവൂരിലെയും പ്ലൈവുഡ്-ഇഷ്ടികക്കളങ്ങളിലാണ് തടിച്ചുകൂടിയത്. മുന്‍കാലങ്ങളില്‍ കുടിയേറിയ തമിഴരില്‍നിന്നു വ്യത്യസ്തമായി കുടുംബസമേതമായിരുന്നില്ല ഇവരുടെ വരവ്. 'നുഴഞ്ഞുകയറ്റ'ത്തെക്കുറിച്ചുള്ള മോടിപിടിപ്പിക്കപ്പെട്ട കഥകള്‍ക്ക് ഇതു സാധ്യതയൊരുക്കി. ബംഗ്ലാദേശി അനധികൃത  കുടിയേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇക്കാലത്ത് സജീവമായി. അതുപക്ഷേ, നീണ്ടുനിന്നില്ല. അതിനിടയിലാണ് മാവോയിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ സജീവമായത്. 2008 ആവുമ്പോഴേക്കും ഇതരസംസ്ഥാന തൊഴിലാളികളും മാവോവാദികളും ഉള്‍പ്പെടുന്ന പുതിയൊരു ചിഹ്നവ്യവസ്ഥ രൂപംകൊണ്ടു. മറുനാടന്‍ തൊഴിലാളികളിലൂടെ മാവോവാദികള്‍ നുഴഞ്ഞുകയറുന്നുവെന്നായിരുന്നു പ്രചാരണം. ബംഗാളി ഭാഷതന്നെ മാവോവാദി ഭാഷയായി. ബംഗാളി സംസാരിക്കുന്നയാളെ സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത സംഭവം കൊല്ലത്തു നിന്ന് റിപോര്‍ട്ട് ചെയ്തത് ഓര്‍ക്കുന്നു.
ഇക്കാലത്ത് ഇതര സംസ്ഥാനക്കാരുടെ താമസസ്ഥലങ്ങളില്‍ റെയ്ഡുകള്‍ വ്യാപകമായി നടന്നു. കുടിയേറ്റക്കാര്‍ പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം പോലും ഇക്കാലത്തുണ്ടായി. ഇതിനിടയില്‍ മാവോവാദി നേതാവ് മല്ലരാജറെഡ്ഡി അങ്കമാലിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഒളിവില്‍നിന്നു പ്രവര്‍ത്തിക്കുന്ന അഡ്വക്കറ്റ് ദമ്പതിമാരെക്കുറിച്ചുള്ള കഥകള്‍ അക്കാലത്ത് സായാഹ്നപത്രങ്ങളുടെ ഇഷ്ടഭോജ്യമായിരുന്നു. പില്‍ക്കാല കേരളത്തിന് അറിയാവുന്നപോലെ ആലുവ, പെരുമ്പാവൂര്‍ മേഖലയായിരുന്നില്ല, മാവോവാദികള്‍ തങ്ങളുടെ പ്രവര്‍ത്തനമേഖലയായി തിരഞ്ഞെടുത്തത്. മറിച്ച് സുരക്ഷാ സ്റ്റേറ്റിനെ കുറിച്ചുള്ള ഭാവനകള്‍ അത്തരമൊരു സാധ്യത മെനഞ്ഞെടുക്കുകയായിരുന്നു.
ഇതിന്റെ തന്നെ ആവര്‍ത്തനം പിന്നീട് മറ്റൊരു രൂപത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി, കാതിക്കുടം നീറ്റ ജലാറ്റിന്‍ സമരകാലത്ത്. പുറത്തുനിന്നു ചിലര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന പ്രസ്താവനയോടെ ടി എന്‍ പ്രതാപനാണ് അതിനു തുടക്കമിട്ടത്. പോലിസും പത്രങ്ങളും മാവോവാദി കഥകളുമായി അതിനെ മോടിപിടിപ്പിച്ചു. ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ മലയാളി/ മലയാളിയല്ലാത്ത എന്നായിരുന്നെങ്കില്‍ കാതിക്കുടത്ത് നാട്ടുകാരന്‍/വരത്തന്‍ എന്നായി അത് പരിവര്‍ത്തിക്കപ്പെട്ടു.
അകത്തും പുറത്തുമെന്ന ദ്വന്ദ്വത്തെ നിര്‍വചിക്കുകയാണ് ഇത്തരം പ്രയോഗങ്ങളുടെ ദൗത്യം. സ്റ്റേറ്റും അതിന്റെ അധികാരവുമാണ് ഈ നിര്‍വചനത്തിന്റെ മാനദണ്ഡം. സ്‌റ്റേറ്റിനെ കുറിച്ചുള്ള ഈ സങ്കല്‍പ്പമാവട്ടെ അയവേറിയതും സാഹചര്യങ്ങളാല്‍ നിര്‍ണയിക്കപ്പെടാവുന്നതുമാണ്. ഒരു പഞ്ചായത്തിനെയും ജില്ലയെയും സംസ്ഥാനത്തെയും പോലും അടിസ്ഥാനമാക്കാവുന്നിടത്തോളം അയവേറിയത്. വടയമ്പാടിയില്‍ പര്‍ദയിട്ട പെണ്‍കുട്ടികളുടെ സാന്നിധ്യം പുറത്തുനിന്നുള്ള ഇടപെടലിനു സൂചനയായാണ് പോലിസും അശോകന്‍ ചരുവിലും എംഎല്‍എ വി പി സജീന്ദ്രനും കരുതുന്നത്. അവിടെ മതം തന്നെയാണ് ആളുകളെ പുറത്താക്കുന്നത്. എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി, മാവോവാദി കൂട്ടുകെട്ടും പുറംശക്തികളുടെ സാന്നിധ്യത്തെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. മുസ്‌ലിംകള്‍ തങ്ങളുടെ പഞ്ചായത്തില്‍ പോലുമില്ലെന്ന് ആവര്‍ത്തിക്കുന്ന എന്‍എസ്എസ് നേതാക്കളും അതേ രാഷ്ട്രീയം പ്രയോഗിക്കുന്നു.
അപരവല്‍ക്കരിക്കപ്പെട്ട പ്രതിഭാസം ഒരു ഹാങര്‍ പോലെയാണ്. എന്തും അതില്‍ തൂക്കിയിടാം. അധികാരവും പോലിസ് സംവിധാനങ്ങളും അപരവല്‍ക്കരിക്കപ്പെട്ട പ്രസ്ഥാനത്തെ, ആശയത്തെ പിശാചുവല്‍ക്കരിക്കുന്നതാണ് ആദ്യഘട്ടം. പിന്നീട് ഇതുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ പലതും കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ബോബ് മാര്‍ലിയും കഞ്ചാവും മുസ്‌ലിം തൊപ്പിയും താടിയും ഒക്കെ വിവിധ ഘട്ടങ്ങളില്‍ ഇങ്ങനെ കൂട്ടിച്ചേര്‍ക്കപ്പെട്ട ചിഹ്നങ്ങളാണ്.
അപരവല്‍ക്കരണം ഇരട്ടമുഖമുള്ള പ്രതിഭാസമാണ്. ഒരുഭാഗത്ത് അധികാരം അപരവല്‍ക്കരണം സൃഷ്ടിക്കുന്നു. പക്ഷേ, അത് പാതിയേ ആവുന്നുള്ളൂ. ബാക്കി പൊതുമണ്ഡലത്തിലാണ് പൂര്‍ത്തിയാവുന്നത്. ഇതില്‍ ബുദ്ധിജീവികളും മാധ്യമങ്ങളും പങ്കുവഹിക്കുന്നു. സര്‍ക്കാരും ഇതേ കാര്യം തന്നെ ചെയ്യുന്നു. തീവ്രദേശീയതയുടെ ഗുണഭോക്താക്കള്‍ ബിജെപിക്കാര്‍ മാത്രമല്ല, ലിബറലുകളും ഇടതുപക്ഷവുമാണെന്നു വരുന്നത് സങ്കടം തന്നെ.
Next Story

RELATED STORIES

Share it