തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം; എട്ട് തീവണ്ടികള്‍ റദ്ദാക്കി

കൊച്ചി: എറണാകുളത്തിനും ഇടപ്പള്ളിക്കും ഇടയില്‍ ട്രാക്ക് നവീകരണത്തിന്റെ ഭാഗമായി സപ്തംബറിലും ഒക്ടോബര്‍ ആദ്യവും തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സപ്തംബര്‍ ഒന്നിനു ശേഷമുള്ള ഈ മാസത്തെ എല്ലാ ചൊവ്വ, ശനി, ഞായര്‍ ദിവസങ്ങളിലും ഒക്ടോബര്‍ രണ്ട്, ആറ് തിയ്യതികളിലും ഇന്റര്‍സിറ്റി എക്‌സ്പ്രസ് അടക്കം എട്ടു തീവണ്ടികള്‍ റദ്ദാക്കി.
എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്പ്രസ്, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കോട്ടയം-നിലമ്പൂര്‍ പാസഞ്ചര്‍, നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍, എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍, തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്. ഇത്രയും തീവണ്ടികള്‍ റദ്ദാക്കിയതിന്റെ ഭാഗമായി എറണാകുളം ജങ്ഷനില്‍ നിന്നും രാവിലെ ഏഴിന് പുറപ്പെടുന്ന ചെന്നൈ എഗ്‌മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസിന് സപ്തംബര്‍ രണ്ട്, നാല്, എട്ട് തിയ്യതികളിലും എറണാകുളം ജങ്ഷനില്‍ നിന്നു രാവിലെ 6.35ന് പുറപ്പെടുന്ന ചെന്നൈ എഗ്‌മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസിന് സപ്തംബര്‍ ഒമ്പത്, 11, 15, 16, 18, 22, 23, 25, 29, 30 ഒക്ടോബര്‍ രണ്ട്, ആറ് തിയ്യതികളിലും എറണാകുളത്തിനും ഗുരുവായൂരിനുമിടയിലുള്ള എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പ് അനുവദിച്ചതായി റെയില്‍വേ അറിയിച്ചു.
എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് റദ്ദാക്കുന്നതിന്റെ ഭാഗമായി നാഗര്‍കോവില്‍-മാംഗ്ലൂര്‍ ഏറനാട് എക്‌സ്പ്രസിന് അങ്കമാലി-കാലടി, ഇരിഞ്ഞാലക്കുട എന്നീ സ്റ്റേഷനുകളില്‍ സപ്തംബര്‍ രണ്ട്, നാല്, എട്ട്, ഒമ്പത്, 11, 15, 16, 18, 22, 23, 25, 29, 30, ഒക്ടോബര്‍ രണ്ട്, ആറ് തിയ്യതികളില്‍ രണ്ട് മിനിറ്റ് അധിക സ്റ്റോപ് അനുവദിച്ചു. ഇതു കൂടാതെ തിരുവനന്തപുരം, എറണാകുളം സ്റ്റേഷനുകളില്‍ നിന്നടക്കം യാത്ര ആരംഭിക്കുന്ന 50ഓളം എക്‌സ്പ്രസ് തീവണ്ടികള്‍ക്കും നിയന്ത്രണമുണ്ടായിരിക്കും. കൊച്ചുവേളി-മംഗ്ലൂരു ജങ്ഷന്‍-കൊച്ചുവേളി അന്ത്യോദയ പ്രതിവാര എക്‌സ്പ്രസിന് സപ്തംബര്‍ രണ്ടു മുതല്‍ 2019 മാര്‍ച്ച് ഒന്നുവരെ തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it