Editorial

തീവണ്ടി ഓടുന്നത് ആര്‍ക്കു വേണ്ടിയാണ്?



സപ്തംബര്‍ മധ്യത്തിലാണ് മുംബൈ-അഹ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും തറക്കല്ലിട്ടത്. ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് വരുന്നതെന്നും അത് ഇന്ത്യയില്‍ വികസനക്കുതിപ്പിനു സഹായിക്കും എന്നുമൊക്കെയാണ് പ്രധാനമന്ത്രി പറഞ്ഞത്. രണ്ടാഴ്ച കഴിഞ്ഞില്ല, എല്‍ഫിന്‍സ്റ്റണ്‍ റോഡിലെ റെയില്‍വേ ഓവര്‍ബ്രിഡ്ജില്‍ ജനക്കൂട്ടം തിക്കിത്തിരക്കിയുണ്ടായ അപകടത്തില്‍ 23 പേരാണ് കൊല്ലപ്പെട്ടത്. പഴഞ്ചനായ ഓവര്‍ബ്രിഡ്ജാണത്. വീതി വളരെ കുറവ്. തുരുമ്പിച്ച ഈ മേല്‍പ്പാലം തകര്‍ന്നുവീഴാന്‍ പോവുകയാണെന്ന് ഊഹാപോഹം പരന്നപ്പോഴാണ് ജനം തിക്കിത്തിരക്കി ആപത്തുണ്ടാക്കിയത്.  ഇന്ത്യയുടെ ഇന്നത്തെ വികസന പ്രതിസന്ധിയുടെ ഒരു നേര്‍ചിത്രമാണ് അതു വരച്ചുകാട്ടുന്നത്. ഒരുഭാഗത്ത് ഭരണാധികാരികള്‍ ലക്ഷം കോടികളുടെ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുന്നു. സൂപ്പര്‍സോണിക് വേഗത്തില്‍ ട്രെയിനുകള്‍ കുതിക്കുന്നതുകൊണ്ട് സാധാരണക്കാരന് ഒരു ഗുണവും കിട്ടാനില്ല. മധ്യവര്‍ഗക്കാര്‍ക്കും പണക്കാര്‍ക്കും വിമാനത്തിലെ സൗകര്യങ്ങളോടെ തീവണ്ടിയാത്രയും ലഭ്യമാവുന്നുവെന്ന് മാത്രം. എന്നാല്‍, അത്തരം പദ്ധതികള്‍ക്കു പണം കണ്ടെത്തുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് സാധാരണക്കാരുടെ ആവശ്യത്തിന് മേല്‍പ്പാലം പോലും പണിയാന്‍ തയ്യാറാവാത്തത്? എല്‍ഫിന്‍സ്റ്റണ്‍ റോഡിലെ മേല്‍പ്പാലത്തിന്റെ ശോചനീയാവസ്ഥ അധികാരികള്‍ക്ക് അറിയാത്തതായിരുന്നില്ല. തീവണ്ടി യാത്രികരും സ്ഥലത്തെ ജനപ്രതിനിധികളും വിഷയം നേരത്തെത്തന്നെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു അവിടെ ഒരു മേല്‍പ്പാലം പണിയാന്‍ ഉത്തരവും നല്‍കിയിരുന്നു. പക്ഷേ, അതിനു ടെന്‍ഡര്‍ വിളിക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു മാത്രം. ഇന്ത്യയിലെ പൊതുസേവനങ്ങളുടെ ഇന്നത്തെ ദയനീയാവസ്ഥയാണ് ഈ സംഭവവികാസങ്ങളില്‍ കാണാന്‍ കഴിയുന്നത്. രാജ്യത്തിന്റെ വികസനം സാധ്യമാവണമെങ്കില്‍ സാധാരണക്കാരായ ജനസഹസ്രങ്ങള്‍ക്കു ജോലി വേണം. അതു ചെയ്യാനായി തൊഴിലിടങ്ങളില്‍ കൃത്യസമയത്ത് എത്തിച്ചേരാന്‍ സൗകര്യങ്ങള്‍ വേണം. അതല്ലാതെ ശതകോടീശ്വരന്‍മാര്‍ക്കു മാത്രം സൗകര്യം ഒരുക്കാന്‍ കൂടുതല്‍ വിമാനത്താവളങ്ങളും ബുള്ളറ്റ് ട്രെയിനുകളും ഉണ്ടായാല്‍ മാത്രം പോരാ. പക്ഷേ, ഭരണാധികാരികള്‍ ഈ വരേണ്യവിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ക്കും സുഖസൗകര്യങ്ങള്‍ക്കും മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. വികസനരംഗത്തെ ഈ മേലാള-കീഴാള വൈരുധ്യം രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്കാണ് നയിച്ചുകൊണ്ടുപോവുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ദുഃസ്ഥിതി അതിനു കൃത്യമായ തെളിവുകള്‍ നല്‍കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്നത് റെയില്‍വേയെയാണ്. എന്നാല്‍, റെയില്‍ വികസനത്തില്‍ ഈ മഹാഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങളല്ല മുന്നില്‍വയ്ക്കപ്പെടുന്നത്. ഫലം, ദുരന്തങ്ങളുടെ ഘോഷയാത്രയാണ്. മുന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ രാജിയിലേക്കു നയിച്ചതും ഈ ദുഃസ്ഥിതിയാണ്. പക്ഷേ, രാജി കൊണ്ടു പരിഹരിക്കാവുന്നതല്ല പ്രശ്‌നങ്ങളെന്നു പുതിയ ദുരന്തം ചൂണ്ടിക്കാണിക്കുന്നു.
Next Story

RELATED STORIES

Share it