തീവണ്ടിയപകടത്തില്‍ നിന്നും തലനാരിഴയ്ക്കു രക്ഷപെട്ട അനുഭവം വിവരിച്ച് സചിന്‍

മുംബൈ: കുട്ടിക്കാലത്ത് താനും സുഹൃത്തുക്കളും കാണിച്ച അമിതാവേശം ഇന്നും ഭീതിയോടെയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സചിന്‍ ടെണ്ടുല്‍ക്കര്‍ ഓര്‍ക്കുന്നത്. അശ്രദ്ധമായി റെയില്‍വേ ട്രാക്ക് മുറിച്ചു കടന്നതിനെത്തുടര്‍ന്ന് തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും തങ്ങള്‍ രക്ഷപെട്ടതെന്നും സചിന്‍ ഓര്‍ത്തെടുത്തു. മുംബൈ റെയില്‍വേ പോലിസ് ആവിഷ്‌കരിച്ച പുതിയ പദ്ധതിയായ സമീപിന്റെ (സേഫ്റ്റി അലര്‍ട്ട് മെസേജസ് ഫോര്‍ പാസഞ്ചേഴ്‌സ്) ഉദ്ഘാടനചടങ്ങിനിടെയായിരുന്നു സചിന്റെ ഈ വെളിപ്പെടുത്തല്‍.
''എനിക്ക് 11 വയസ്സുള്ളപ്പോഴാണ് സംഭവം. സമപ്രായക്കാരായ അഞ്ചോ ആറോ കുട്ടികള്‍ക്കൊപ്പം സുഹൃത്തിന്റെ വീട്ടില്‍ ഉച്ചഭക്ഷണത്തിനു പോവാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു. രാവിലത്തെ പരിശീലനത്തിനുശേഷം ഒരു സിനിമ കൂടി കണ്ടിട്ട് സുഹൃത്തിന്റെ വീട്ടിലേക്കു പോവാമെന്നാണ് കരുതിയത്. എന്നാല്‍ സിനിമ കഴിഞ്ഞപ്പോള്‍ നേരം വൈകി. തുടര്‍ന്ന് റെയില്‍വേ ട്രാക്ക് മുറിച്ചു കടന്ന് പ്ലാറ്റ്‌ഫോമിലെത്തി ദാദറിലേക്കുള്ള ട്രെയിനില്‍ കയറാമെന്നു കരുതി ഞങ്ങള്‍ പാളം മുറിച്ചു കടന്നു. എന്നാല്‍ പകുതി വഴിയിലെത്തിയപ്പോഴാണ് സ്‌റ്റേഷനിലെ എല്ലാ ട്രാക്കിലൂടെയും ട്രെയിനുകള്‍ അതിവേഗം പാഞ്ഞ് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. എല്ലാവരുടേയും തോളില്‍ ക്രിക്കറ്റ് ബാഗ് ഉണ്ടായിരുന്നതിനാല്‍ ഓടുന്നതിനും ബുദ്ധിമുട്ടനുഭവപ്പെട്ടു. എല്ലാവരുടേയും ജീവിതം ആ പ്ലാറ്റ്‌ഫോമില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്''- സചിന്‍ വിവരിച്ചു.
അഞ്ച് മിനിറ്റ് നേരത്തെ എത്തുന്നതിനു വേണ്ടി ഒരിക്കലും റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുകയോ തിരക്കുള്ള ട്രെയിനില്‍ തൂങ്ങിക്കിടന്നു യാത്ര ചെയ്യുകയോ ചെയ്യരുതെന്നും സചിന്‍ ഉദ്ഘാടനച്ചടങ്ങിനെത്തിയ ട്രെയിന്‍ യാത്രക്കാരെ ഓര്‍മ്മിപ്പിച്ചു.
Next Story

RELATED STORIES

Share it