തീവണ്ടികളില്‍ റിസര്‍വ് ചെയ്തിട്ടും യാത്രക്കാരില്ല

കെ  പി   റയീസ്
വടകര: നിപാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ നിരവധി പേര്‍ മരിച്ചതോടെ മലബാര്‍ മേഖലയിലേക്കുള്ള യാത്രകള്‍ പലരും ഒഴിവാക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മറ്റു ജില്ലയില്‍ നിന്നുള്ളവര്‍ ഇവിടേക്കുള്ള യാത്രകള്‍ പലതും ഒഴിവാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്നു മംഗലാപുരത്തേക്ക് പോവുന്ന പല ട്രെയിനുകളിലും യാത്രക്കാര്‍ തീരേ കുറവായിരുന്നു. പല യാത്രക്കാരും യാത്രയ്ക്കായി നേരത്തേ തന്നെ റിസര്‍വേഷന്‍ ചെയ്തിരുന്നു. തത്കാല്‍ റിസര്‍വേഷന്‍ ചെയ്യാനായി പലരും ഒരു ദിവസം മുമ്പ് ഓണ്‍ലൈനില്‍ ചെക്ക് ചെയ്തപ്പോഴും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണുണ്ടായത്. മാത്രമല്ല, തത്കാല്‍ ആരംഭിക്കുന്ന 11 മണിക്ക് റിസര്‍വ് ചെയ്തപ്പോഴും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയായിരുന്നു. എന്നിട്ടും യാത്രാവേളയില്‍ പല കംപാര്‍ട്ട്‌മെന്റിലും യാത്രക്കാരുടെ എണ്ണം കുറഞ്ഞു.
റിസര്‍വ് ചെയ്തിട്ടും യാത്രക്കാര്‍ വരാതിരുന്നത് കണ്ടു ടിടിഇയോട് അന്വേഷിച്ചപ്പോഴാണ് മിക്കതും കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കുള്ള യാത്രക്കാരാണ് വരാതിരുന്നതെന്നു മനസ്സിലായത്. ഈ ജില്ലകളില്‍ തന്നെ ജോലി ചെയ്യുന്ന മറ്റു ജില്ലയില്‍ പെട്ട പലരും ലീവെടുത്തിരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. മാസ്‌ക് ധരിച്ചാണ് പലരും യാത്ര ചെയ്യുന്നത്. നിപാ വൈറസ് ബാധയ്ക്കു കാരണം വവ്വാലുകളല്ലെന്ന സ്ഥിരീകരണം വന്നതോടെ രോഗം പടരുന്നത് എങ്ങനെയെന്ന ആശങ്ക വീണ്ടും വര്‍ധി—ച്ചിരിക്കുകയാണ്. രോഗകാരണത്തെ കുറിച്ച് വ്യക്തമാവാത്ത സാഹചര്യം വന്നതോടെയാണ് രോഗം റിപോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലേക്ക് പോലും യാത്രകള്‍ ഒഴിവാക്കുന്നത്. ദീര്‍ഘദൂര ബസ്സുകളിലും അവസ്ഥ സമാനമാണ്. വടകരയില്‍ നിന്നു പേരാമ്പ്രയിലേക്ക് പോവുന്ന സ്വകാര്യ ബസ്സുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ യാത്രക്കാരില്ലാത്തതിനാല്‍ സര്‍വീസ് നിര്‍ത്തിവച്ചു. ചില ബസ്സുകള്‍ വടകരയില്‍ നിന്നെടുത്താല്‍ പേരാമ്പ്ര എത്തുന്നതിനു മുമ്പ് ബസ് കാലിയാവും. റമദാന്‍ ആരംഭിച്ചതോടെ മറ്റു പ്രദേശങ്ങളില്‍ നിന്നു നോമ്പ് തുറക്കായും മറ്റും ബന്ധുവീട്ടിലേക്ക് പോവുന്നതും ഇത്തവണ തീരെ കുറവാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. രോഗം ബാധിച്ച പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുന്നതു പോലെ തന്നെ രോഗീ പരിചരണം നടത്തിയവരെ ഒഴിവാക്കുന്ന പ്രവണതയും വര്‍ധിച്ചുവരുകയാണ്.
Next Story

RELATED STORIES

Share it