തീവണ്ടികളില്‍ ഇനി അലക്കിയ പുതപ്പുകള്‍

ന്യൂഡല്‍ഹി: കൂടുതല്‍ പണം നല്‍കി ഉയര്‍ന്ന ക്ലാസില്‍ സഞ്ചരിക്കുമ്പോള്‍ തീവണ്ടികളിലെ അലക്കാത്ത കമ്പിളിപ്പുതപ്പുകളുടെ ദുര്‍ഗന്ധം ഇനി സഹിക്കേണ്ടതില്ല. എസി കോച്ചുകളിലെ യാത്രക്കാര്‍ക്കു നല്‍കുന്ന കമ്പിളിപ്പുതപ്പുകള്‍ ഓരോ യാത്രയ്ക്കുശേഷവും അലക്കിനല്‍കാ ന്‍ തീരുമാനിച്ചതായി റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഇതിനുവേണ്ടി നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കമ്പിളിയും പരുത്തിയും ഉപയോഗിച്ച് രൂപകല്‍പന ചെയ്ത പുതപ്പുകളാണ് ഉപയോഗിക്കുകയെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. നിലവില്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് കമ്പിളിപ്പുതപ്പുകള്‍ അലക്കാറുള്ളത്. കമ്പിളിപ്പുതപ്പുകളെക്കുറിച്ച് യാത്രക്കാര്‍ക്കുള്ള പരാതി മാനിച്ചാണ് പുതപ്പുകള്‍ അലക്കാനുള്ള സംവിധാനം കൊണ്ടുവരുന്നത്. ആദ്യഘട്ടത്തില്‍ ചില പ്രധാന തീവണ്ടികളിലാണ് പദ്ധതി നടപ്പാക്കുന്നത്. തീവണ്ടികളില്‍ നല്‍കുന്ന ബെഡ്ഷീറ്റുകളുടെയും തലയണകളുടെയും നിറം മാറ്റുന്നതിനും കോച്ചുകള്‍ക്കകത്തെ കര്‍ട്ടനുകള്‍ പരിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനോടൊപ്പം ബെഡ്ഷീറ്റുകളും കമ്പിളിപ്പുതപ്പുകളും വിലയ്ക്ക് വാങ്ങാനുള്ള സൗകര്യം അടുത്തകാലത്ത് റെയില്‍വേ ഏര്‍പ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it