Kottayam Local

തീര്‍ത്ഥാടനത്തിന് ഒരുങ്ങുന്ന എരുമേലിയില്‍ മാലിന്യവും ഗതാഗതക്കുരുക്കും രൂക്ഷം



എരുമേലി: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് എരുമേലിയിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ കലക്ടര്‍ ബി എസ് തിരുമേനിയുടെ അധ്യക്ഷതയില്‍ ഏഴിന് യോഗം. രാവിലെ 10ന് എരുമേലി വലിയമ്പല ദേവസ്വം ഹാളിലാണ് യോഗം ചേരുക. എംപി, എംഎല്‍എ, ജില്ലാ പോലിസ് മേധാവി, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മാലിന്യ സംസ്‌കരണ സംവിധാനം എരുമേലി പഞ്ചായത്തിനില്ല. ഇതു സംബന്ധിച്ച് കലക്ടറുടെ നിര്‍ദേശ പ്രകാരം കോട്ടയം ആര്‍ഡിഒ രാംകുമാര്‍ കഴിഞ്ഞ ദിവസം എരുമേലിയിലെത്തി സംസ്‌കരണ കേന്ദ്രങ്ങളുടെ സ്ഥിതി വിലയിരുത്തിയിരുന്നു. ഏഴിന് യോഗത്തിനു മുമ്പ് കലക്ടര്‍ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്നറിയിച്ചിട്ടുണ്ട്.ഇതോടൊപ്പം കലക്ടര്‍ക്ക് എരുമേലിയിലെ പ്രധാന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് നല്‍കാന്‍ കാഞ്ഞിരപ്പള്ളി തഹസില്‍ദാറുടെ നേതൃത്വത്തില്‍ റവന്യൂ സംഘം ഇന്ന് എരുമേലിയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നുമുണ്ട്. മാലിന്യ സംസ്‌കരണം നിലച്ചതും തീര്‍ത്ഥാടന കാലത്ത് പേട്ടക്കവലയിലെ ഗതാഗതക്കുരുക്കിന് ഇതു വരെയും ബദല്‍ പരിഹാരം സാധ്യമാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതുമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പേട്ടക്കവലയില്‍ ക്ഷേത്രത്തിലേക്കും നൈനാര്‍ ജുമാ മസ്ജിദിലേക്കും റോഡ് മുറിച്ചുകടന്നുവേണം തീര്‍ത്ഥാടകരെത്താന്‍. ഇവിടെ തിക്കുംതിരക്കും ഗതാഗത സ്തംഭനവും ഒഴിവാക്കാന്‍ താല്‍ക്കാലിക മേല്‍പ്പാലമെങ്കിലും നിര്‍മിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നതാണ്. ചില സംഘടനകള്‍ എതിര്‍പ്പ്  ഉന്നയിക്കുന്നതാണ് തടസ്സം. ഇതു ചര്‍ച്ചയിലൂടെ പരിഹരിക്കാനാവുമെന്ന് നിര്‍ദേശമുണ്ട്. മേല്‍പ്പാലം സാധ്യമായാല്‍ തീര്‍ത്ഥാടന കാലത്തെ മണിക്കൂറുകളും കിലോമീറ്ററുകളും നീളുന്ന ഗതാഗത സ്തംഭനത്തിന് ശാശ്വത പരിഹാരമാവും. മാലിന്യ നിര്‍മാര്‍ജനത്തിന് തകര്‍ന്നുവീണ കൊടിത്തോട്ടം റോഡിലെ പ്ലാന്റും സംസ്‌കരണ മാര്‍ഗം ആവിഷ്‌കരിച്ചിട്ടില്ലാത്ത കമുകിന്‍കുഴിയിലെ യൂനിറ്റുമാണ് നിലവിലുള്ളത്. രണ്ടു കേന്ദ്രങ്ങളും കലക്ടര്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണം തീര്‍ത്ഥാടന കാലത്ത് പ്രതിസന്ധിയായി മാറാതിരിക്കാനുളള പരിഹാര മാര്‍ഗം യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഉടനെ ചെയ്യാന്‍ കഴിയുന്ന സംസ്‌കരണ മാര്‍ഗമാണു പരിഹാരമായി പരിഗണിക്കുക.മാലിന്യങ്ങള്‍ വര്‍ധിക്കാതിരിക്കാന്‍ നിയന്ത്രണ മാര്‍ഗങ്ങള്‍ ചര്‍ച്ചയാവും.
Next Story

RELATED STORIES

Share it