തീര്‍ത്ഥാടകര്‍ നെട്ടോട്ടമോടുന്നു; രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം നല്‍കാതെ കേന്ദ്ര ഹജ്ജ് കമ്മിറ്റി

കരിപ്പൂര്‍: സുപ്രിംകോടതിയുടെ നിര്‍ദേശത്തില്‍ ഹജ്ജിന് അനുമതി ലഭിച്ച അഞ്ചാം വര്‍ഷക്കാരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ദുരിതത്തിലാക്കുന്നു. അഞ്ചാംവര്‍ഷക്കാരില്‍ 65-69 വയസ്സ് പ്രായമുള്ളവര്‍ക്ക് അനുമതി നല്‍കാന്‍ ഒരുമാസം മുമ്പ് തന്നെ സുപ്രിംകോടതി നിര്‍ദേശിച്ചിട്ടും ഇവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത് വ്യാഴാഴ്ചയാണ്.
നാലുദിവസം മാത്രമാണ് രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചത്. ഇത് തീര്‍ത്ഥാടകരെ ദുരിതത്തിലാക്കുന്നു. പാസ്‌പോര്‍ട്ട്, ഫോട്ടോ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദിഷ്ട മാതൃകയിലുള്ള ഡിക്ലറേഷന്‍ ഫോം എന്നിവ സഹിതം 30നുള്ളില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നേരിട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. 30നു ശേഷം പാസ്‌പോര്‍ട്ട് സ്വീകരിക്കുന്നതല്ല. ഇതോടെ അവസരം റദ്ദാവും. ഇവര്‍ക്കുള്ള ഹജ്ജ് ക്വാട്ടയിലും അവ്യക്തതകളേറെയാണ്. സ്‌പെഷ്യല്‍ ഹജ്ജ് ക്വാട്ടയില്‍ 5,000 ഹജ്ജ് സീറ്റുകളില്‍ 3,677 സീറ്റുകള്‍ ഹജ്ജ് കമ്മിറ്റികള്‍ക്കും 1,323 ഹജ്ജ് സീറ്റുകള്‍ സ്വകാര്യ ഗ്രൂപ്പിനുമാണ് നല്‍കിയത്. ഹജ്ജ് കമ്മിറ്റികള്‍ക്ക് നല്‍കിയ സീറ്റില്‍ നിന്നാണ് അഞ്ചാം വര്‍ഷക്കാര്‍ക്ക് ക്വാട്ട നല്‍കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ക്വാട്ട കേരളം ഉള്‍െപ്പടെ 16 സംസ്ഥാനങ്ങള്‍ക്ക് മുസ്‌ലിം ജനസംഖ്യാ അനുപാതത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണു വീതിച്ചുനല്‍കിയത്. കേരളത്തിന് അഡീഷനല്‍ ക്വാട്ടയായി ലഭിച്ചത് ആകെ 299 സീറ്റുകളാണ്. അതേസമയം, അവസാന ഹജ്ജ് ക്വാട്ടയില്‍ അവസരം ലഭിച്ച 5,000 പേര്‍ക്ക് ഹജ്ജ് വേളയില്‍ മിനയ്ക്ക് പുറത്താണ് താമസം ഒരുക്കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it