തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികളില്‍ നിന്ന് പിന്‍മാറണം: മന്ത്രി

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികളില്‍ നിന്ന് വനം, ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍ പിന്‍മാറണമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  തീര്‍ത്ഥാടനം ആരംഭിച്ചതിനു ശേഷമുള്ള വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. ഭക്ഷ്യസുരക്ഷാ വകുപ്പ് ക്ഷേത്രത്തിലെ പ്രസാദം എടുത്ത് പരിശോധിച്ച സാഹചര്യം ഉണ്ടായി. മുന്‍കാലങ്ങളില്‍ ഇത്തരം നടപടികള്‍ ഉണ്ടായിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡിനെയും തീര്‍ത്ഥാടകരെയും ബുദ്ധിമുട്ടിക്കാത്ത പ്രവര്‍ത്തനങ്ങളാണ്  വകുപ്പുകളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. നിയമം അനുശാസിക്കുന്ന തരത്തിലുള്ള പരിശോധനകള്‍ നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടികളെടുക്കണം. എന്നാല്‍, ഇത്തരം നടപടികള്‍ ക്ഷേത്രത്തിലെ ദൈനംദിന കാര്യങ്ങളെയും ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരെയും ബുദ്ധിമുട്ടിക്കുന്ന തരത്തിലാവരുത്. ഭക്ഷ്യസുരക്ഷാ വകുപ്പിനെ സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഹില്‍ടോപ്പില്‍ വെളിച്ചക്കുറവുമൂലം മുമ്പ് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് ഒഴിവാക്കുന്നതിനായി കെഎസ്ഇബി താല്‍ക്കാലിക പോസ്റ്റ് സ്ഥാപിച്ചത് വനം വകുപ്പ് എടുത്തു മാറ്റിയ സംഭവം ഗൗരവമേറിയതാണ്. ഇത്തരം നടപടികള്‍ മൂലം തീര്‍ത്ഥാടകര്‍ക്ക് എന്തെങ്കിലും അപകടമുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ബന്ധപ്പെട്ട വനം വകുപ്പ്  ഉദ്യോഗസ്ഥനായിരിക്കുമെന്നും മന്ത്രി പറഞ്ഞു.  ജില്ലാ കലക്ടര്‍ ദുരന്തനിവാരണ നിയമം ഉപയോഗിച്ച് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഇതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്ത് നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു.  ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ പരസ്പരം പഴിചാരുന്നതുകൊണ്ട് കാര്യമില്ല. ജനങ്ങളുടെ വിലപ്പെട്ട ജീവന്‍ സംരക്ഷിക്കാനുള്ള മുന്‍കരുതലുകളാണ് ആവശ്യം. കോടിക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന സ്ഥലമെന്ന നിലയില്‍ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ശബരിമലയിലാവശ്യം. ഇതിനായി നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് പരമാവധി ഇളവുകള്‍ നല്‍കി തീര്‍ത്ഥാടനം സുഗമമാക്കുന്നതിനാണ് എല്ലാ വകുപ്പുകളും ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it