തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി വിദ്യാര്‍ഥി മരിച്ചു

കൊടകര: കൊടകര കൊളത്തൂരില്‍ ദേശീയപാതയിലൂടെ നടന്നുപോവുകയായിരുന്ന മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പാവറട്ടി വെണ്‍മേനാട് മൂക്കോല വീട്ടില്‍ വാസന്റെ മകന്‍ അക്ഷയ്(20) ആണ് മരിച്ചത്. ചിറ്റാട്ടുകര എളവള്ളി അരിമ്പൂരു വീട്ടില്‍ ജോണിയുടെ മകന്‍ ജെറിന്‍, എരുമപ്പെട്ടി കൊള്ളന്നൂര്‍ ഗീവറിന്റെ മകന്‍ ഷാലിന്‍, എരുമപ്പെട്ടി അന്തിക്കാട് വീട്ടില്‍ ജെയിംസ് മകന്‍ ഗബ്രിയേല്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. ഗബ്രിയേലിനെയും ഷാലിനെയും ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും ജെറിനെ കൊടകര ശാന്തി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരില്‍ ഗബ്രിയേലിന്റെ പരിക്ക് ഗുരുതരമാണ്. ജെറിനെ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം വിട്ടയച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടേമുക്കാലോടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്തേക്കുള്ള പ്രധാന പാതയില്‍ കൊളത്തൂര്‍ തൂപ്പന്‍കാവ് പാലത്തിനു സമീപമായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറിക്കു പുറകിലിടിച്ച് നിയന്ത്രണം വിട്ട ലോറിയാണ് നടന്നുപോയിരുന്ന തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് പാഞ്ഞു കയറിയത്. ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകളുമായി തമിഴ്‌നാട്ടില്‍ നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്നു ലോറി. ലോറിയുടെ പിന്‍ചക്രത്തിനടിയില്‍പ്പെട്ടാണ് അക്ഷയ് മരിച്ചത്.
അക്ഷയ് വെള്ളറക്കാട് തേജസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയാണ്. ബുധനാഴ്ച വൈകീട്ട് 5 മണിയോടെയാണ് സുഹൃത്തക്കള്‍ക്കൊപ്പം ഇവര്‍ പാവറട്ടിയില്‍ നിന്ന് മലയാറ്റൂരിലേക്ക് കാല്‍നടയായി പുറപ്പെട്ടത്. അപകടസമയം അതുവഴി വന്ന കൊടകര പോലിസും പട്രോളിങ് നടത്തുകയായിരുന്ന ഹൈവേ പോലിസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുതുക്കാട് നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ലോറി ഡ്രൈവര്‍ പൊള്ളാച്ചി സ്വദേശി പാണ്ഡിരാജിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇടിച്ച ലോറിയും കസ്റ്റഡിയിലെടുത്തു.
Next Story

RELATED STORIES

Share it