malappuram local

തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ മിനി പമ്പ ഒരുങ്ങി

മലപ്പുറം: കുറ്റിപ്പുറം പാലത്തിനടുത്ത് ശബരിമല തീര്‍്ത്ഥാടകരുടെ ഇടത്താവളമായ മിനിപമ്പയില്‍ തീര്‍ത്ഥാടകര്‍ക്കുള്ള എല്ലാ വിധ സൗകര്യങ്ങളും ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
കെ ടി ജലീല്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകള്‍ നിര്‍വഹിക്കേണ്ട ചുമതലകള്‍ ചര്‍ച്ച ചെയ്തു. 16 നു രാവിലെ 10ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എംഎല്‍എയും കലക്ടറും മറ്റ് ഉദ്യോഗസ്ഥരും മിനി പമ്പയിലെത്തും.
കടവില്‍ കുളിക്കാനിറങ്ങുന്ന തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കടവിനരികല്‍ സുരക്ഷാ വേലിയും 10 ലൈഫ് ഗാര്‍ഡുകളെയും ഡിടിപിസി നിയോഗിച്ചിട്ടുണ്ട്. തമിഴ്, കന്നട, തെലുങ്ക് ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. കടവില്‍ ഇറങ്ങാന്‍ പറ്റാത്തവര്‍ക്ക് ഷവര്‍ ബാത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 5,000 ഗാലന്‍ സംഭരണ ശേഷിയുള്ള ആറ് കുടിവെള്ള ടാങ്കുകളും സജ്ജമാക്കും. ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യവുമൊരുക്കും. പ്രദേശത്ത് ലൈറ്റിങ് സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 10 അസ്‌ക ലൈറ്റുകള്‍ കൂടി സ്ഥാപിക്കും.
പ്രദേശത്തെ കിണര്‍ വൃത്തിയാക്കുന്നതിനും വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിനും നിര്‍ദേശം നല്‍കി.
ഫയര്‍ ആന്റ് റെസ്‌ക്യുവിന്റെയും പോലിസിന്റെയും സുരക്ഷാ സംവിധാനങ്ങളും മിനി പമ്പയിലുണ്ടാവും. ആവശ്യമുള്ള വാഹനങ്ങളും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്‌കൂബാ സെറ്റുമടക്കം ഇരു വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ സുരക്ഷ ഉറപ്പാക്കും.
കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ് മിനി പമ്പയില്‍ നിന്നു എല്ലാ ദിവസവും വൈകീട്ട് പമ്പയിലേക്ക് സര്‍വീസ് നടത്തും.
യോഗത്തില്‍ എഡിഎം കെ രാധാകൃഷ്ണന്‍, തിരൂര്‍ സബ് കലക്ടര്‍ ജെ ഒ അരുണ്‍, ഡിസാസ്റ്റര്‍ മാനെജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ അബ്ദുള്‍ റഷീദ്, ഡിടിപിസി സെക്രട്ടറി വി ഉമ്മര്‍ കോയ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു..
Next Story

RELATED STORIES

Share it