Kottayam Local

തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്ക് ഓക്‌സിജന്‍ പാര്‍ലറുകള്‍ ഏര്‍പ്പെടുത്തി

എരുമേലി: കൊടുംകാട്ടിലൂടെ കല്ലും മുള്ളും താണ്ടി ശബരിമലയിലേക്കു പോവുന്ന സ്വാമിമാരില്‍ അവശരാവുന്നവര്‍ക്ക് പുതുജീവനും ആശ്വാസവുമായി ഓക്‌സിജന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തനം തുടങ്ങി. മൂന്നു വര്‍ഷം മുമ്പ് വരെ കാനനപാതയില്‍ ഓരോ തീര്‍ത്ഥാടന കാലത്തും ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം 40 മുതല്‍ 60 വരെയായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷമായി മരണനിരക്കിന്റെ പട്ടിക ശൂന്യമാണ്. യു വി ജോസ് കലക്ടറായിരിക്കെ ശബരിമല സീസണില്‍ എരുമേലിയിലെത്തിയ അദ്ദേഹം കാനനപാതയില്‍ ഹൃദയാഘാത മരണങ്ങള്‍ വര്‍ധിച്ചതറിഞ്ഞ് ഓക്‌സിജന്‍ പാര്‍ലറുകള്‍ ആരംഭിക്കാന്‍ ഫണ്ട് അനുവദിച്ചു. ഇതോടെയാണ് കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് മരണങ്ങളില്ലാതായത്. ഇത്തവണയും പാര്‍ലറുകള്‍ ആരംഭിക്കാന്‍ ആരോഗ്യ വകുപ്പ് പ്രത്യേകമായി നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
കാനനപാത ആരംഭിക്കുന്ന കോയിക്കക്കാവില്‍ ഓക്‌സിജന്‍ പാര്‍ലറും ആംബുലന്‍സ് സേവനവുമുണ്ട്. തുടര്‍ന്നുള്ള പാതയില്‍ മമ്പാടി, അഴുത എന്നിവിടങ്ങളില്‍ ഓക്‌സിജന്‍ പാര്‍ലറുകളും അഴുതയില്‍ ഡിസ്‌പെന്‍സറിയും ഇവ കൂടാതെ മൊബൈല്‍ മെഡിക്കല്‍ എയ്ഡ് യൂനിറ്റും തുടങ്ങിയിട്ടുണ്ട്. കാനനപാതയില്‍ അവശരാകുന്നവരെ സ്ട്രക്ചറില്‍ കിടത്തി പാര്‍ലറിലെത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുമുണ്ട്. ഓക്‌സിജന്‍ പാര്‍ലറുകളുടെയും പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളുടെയും ഉദ്ഘാടനം മെഡിക്കല്‍ ഓഫിസര്‍ ഡോ.പി വിനോദ് നിര്‍വഹിച്ചു. ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം വി ജോയി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി എം ജോസഫ്, ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്കുമാര്‍, പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം.
Next Story

RELATED STORIES

Share it