തീരുവകളും ഉപരോധങ്ങളും

ടി ജി ജേക്കബ്

ഡോണള്‍ഡ് ട്രംപ് അധികാരം ഏറ്റെടുത്ത ശേഷം നിരവധി രാജ്യങ്ങള്‍ക്കെതിരേ സാമ്പത്തിക ഉപരോധങ്ങളും പല രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിയിന്മേല്‍ അവ നിരുല്‍സാഹപ്പെടുത്തുന്ന തരത്തില്‍ വര്‍ധിച്ച തീരുവകളും അടിച്ചേല്‍പിക്കുന്നുണ്ട്. ഏറ്റവും അവസാനമായി, യൂറോപ്പിലെ ഏഴാമത്തെ സാമ്പത്തിക ശക്തിയായ തുര്‍ക്കിയുടെ കഴുത്ത് ഞെരിക്കാനുള്ള പുറപ്പാടാണ്.
അമേരിക്കയില്‍ നിന്നുതന്നെ ഇറങ്ങിയ ഒരു പുസ്തകം, ലോകവ്യാപകമായി ശ്രദ്ധിക്കപ്പെടാന്‍ എല്ലാ സാധ്യതകളുമുള്ള പുസ്തകം (ബോബ് വുഡ്‌വാര്‍ഡ്, ഫിയര്‍: ട്രംപ് ഇന്‍ ദ വൈറ്റ് ഹൗസ്) ട്രംപിനെ വരച്ചുകാട്ടുന്നത് ഒരു സൈക്കോപതിക് കേസായാണ്. പുസ്തക കര്‍ത്താവ് വളരെ പ്രശസ്തനായ, ആധികാരികത അവകാശപ്പെടാന്‍ കഴിയുന്ന, വാട്ടര്‍ഗേറ്റ് സ്‌കാന്‍ഡല്‍ പുറത്തുകൊണ്ടുവരുന്നതില്‍ സുപ്രധാന പങ്കുവഹിച്ച പത്രപ്രവര്‍ത്തകനാണ്. ട്രംപ് വൈറ്റ്ഹൗസ് ഭരണം (എന്നുവച്ചാല്‍ അമേരിക്കന്‍-ലോകഭരണം) നടത്തുന്നത് അത്യന്തം യുക്തിരഹിതമായാണെന്നും അദ്ദേഹത്തിന്റെ ഭാഷ തന്നെ വളരെ അപരിഷ്‌കൃതവും ഗുണ്ടാശൈലിയിലും ആണെന്നുമൊക്കെ ബോബ് എഴുതുന്നു. പല സുപ്രധാന ഫയലുകളും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ട്രംപില്‍ നിന്ന് ആസൂത്രിതമായി പുഴ്ത്തുന്നുണ്ടെന്നും എഴുതുന്നു. ഒക്കെക്കൂടി സമനില തെറ്റിയ ഭരണാധികാരിയാണ് ഈ ലോക വന്‍ശക്തിയുടെ കടിഞ്ഞാണ്‍ പിടിക്കുന്നത് എന്നാണ് പുസ്തകത്തിന്റെ അടിസ്ഥാന തീസിസ്.
അതേസമയം തന്നെ ട്രംപ് പറഞ്ഞ മറ്റൊരു കാര്യം വളരെ ശ്രദ്ധേയമാണ്. പ്രസിഡന്റിനെ ഇംപീച്ച് (വിചാരണ) ചെയ്യാനുള്ള നീക്കം ആദ്യമായി പുറത്തുവന്നപ്പോള്‍ അദ്ദേഹം പറഞ്ഞത്, അമേരിക്കന്‍ സമ്പദ്ഘടനയെ സംബന്ധിച്ചിടത്തോളം താന്‍ ചെയ്യുന്നതല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും അവശേഷിക്കുന്നില്ലെന്നാണ്. അതായത്, അമേരിക്കന്‍ സമ്പദ്ഘടന തകര്‍ന്നടിയാതിരിക്കണമെങ്കില്‍- ആ ഭീമന്‍ നിലനില്‍ക്കണമെങ്കില്‍- സാമ്രാജ്യത്വ ആഗോളവല്‍ക്കരണം വളരെ പ്രകടമായും നാണംകെട്ട രീതിയിലും, വളച്ചുതിരിച്ച് അമേരിക്കന്‍ മൂലധനത്തിന് നിലനില്‍ക്കാനുള്ള ഭൗതിക സാഹചര്യം ഏതു വിധേനയും ഉണ്ടാക്കണമെന്ന്.
സാമ്രാജ്യത്വ മൂലധനത്തിന്റെ നിലനില്‍പ് അതിന്റെ ഉല്‍പാദന-പ്രത്യുല്‍പാദന ശേഷിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. മൂലധനത്തിന്റെ ഉല്‍പാദനവും പ്രത്യുല്‍പാദനവും തടസ്സങ്ങളില്ലാതെ മുന്നോട്ടുപോയാല്‍ മാത്രമേ അതിന്റെ വ്യവസ്ഥ നിലനില്‍ക്കുകയുള്ളൂ. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങള്‍ തൊട്ട്, പ്രത്യേകിച്ചും ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിന്റെ അവസാനം തൊട്ട്, മൂലധന ഉല്‍പാദന-പ്രത്യുല്‍പാദന പ്രശ്‌നങ്ങള്‍ നാള്‍ക്കുനാള്‍ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. ഒന്നില്‍ കൂടുതല്‍ തവണ മൂലധന കച്ചവടക്കാരെ ജനങ്ങളുടെ പണം കൊണ്ട് രക്ഷിക്കേണ്ടിവന്നു. ഇത് ജനങ്ങള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
മൊത്തത്തില്‍ ഈ അവസ്ഥയെയാണല്ലോ ആഗോള സാമ്പത്തിക മാന്ദ്യം എന്നു വിളിക്കുന്നത്. ലോക സാമ്പത്തിക വ്യവസ്ഥയുടെ നെടുംതൂണും ഏറ്റവും പ്രബലവുമായ സമ്പദ്‌വ്യവസ്ഥയ്ക്കാണ് ഇതു മുഖ്യമായും സംഭവിക്കുന്നത്. ട്രംപ് അധികാരത്തില്‍ വരാനുള്ള കാരണം ഈ സ്ഥിതിക്ക് തടയിടുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനമാണ്. അയാള്‍ തന്നെ ബിസിനസുകാരനാണ്. നല്ലൊരു ശതമാനം ജനങ്ങള്‍ വാഗ്ദാനം വിശ്വസിക്കുന്നുണ്ട്, അതിനു വേണ്ടിയാണ് അദ്ദേഹം തീക്ഷ്ണമായ, യുക്തിരഹിതമെന്നു തോന്നാവുന്ന സാമ്പത്തിക നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന്. പക്ഷേ, ഈ മാന്ത്രിക വടി ഫലം തരുമോ എന്നത് മറ്റൊരു കാര്യം.
അതും ട്രംപിനു മാനസികസ്ഥിരത ഇല്ലെന്നു പറയുന്നതും രണ്ടും രണ്ടാണ്. ട്രംപ് ചെയ്യുന്നത് യുക്തിയില്ലായ്മയാണോ അല്ലയോ എന്നതല്ല കാര്യം. സാമ്രാജ്യത്വ മൂലധനത്തിന്റെ ശക്തിദുര്‍ഗത്തിന് മറ്റെന്തെങ്കിലും പോംവഴിയുണ്ടോ എന്നതാണ് കാര്യം. ട്രംപ് പറയുന്നത് മറ്റൊരു പോംവഴിയുമില്ല എന്നുതന്നെയാണ്. അദ്ദേഹം അങ്ങനെ പറയുന്നതില്‍ യാതൊരു യുക്തിയില്ലായ്മയും കാണാന്‍ കഴിയില്ല.
ഇറാന്റെ കാര്യമെടുക്കാം. എണ്ണയാണ് ആ രാജ്യത്തിന്റെ മുഖ്യസാമ്പത്തിക സ്രോതസ്സ്. ഇന്ത്യ പോലെയുള്ള വന്‍ എണ്ണകുടിയന്‍ രാജ്യങ്ങളുമായി എണ്ണക്കച്ചവടം നടത്തിയാണ് പിടിച്ചുനില്‍ക്കുന്നത്. മാത്രമല്ല, എണ്ണവ്യാപാരം ഡോളറില്‍ നിന്നു വേര്‍പെടുത്താനും കഴിയുന്നുണ്ട്. ട്രംപ് ഭരണകൂടം ഇറാനെ എണ്ണയില്‍ മുക്കിക്കൊല്ലാനുള്ള ശ്രമത്തിലാണിപ്പോള്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അന്ത്യശാസനം കൊടുത്തിരിക്കയാണ് ട്രംപ് ഭരണകൂടം. ഇറാനില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി നിര്‍ത്തണം. അല്ലെങ്കില്‍ ഇന്ത്യയെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും.
എന്താണിതിനു പിന്നില്‍? അമേരിക്ക എണ്ണക്കമ്മി രാജ്യമല്ല; മറിച്ചാണ്. അമേരിക്കന്‍ ഇന്ധന കുത്തകകള്‍ ബില്യണുകള്‍ ചെലവാക്കിയാണ് ഷെയ്ല്‍ വാതകം വന്‍തോതില്‍ ഊറ്റാന്‍ തുടങ്ങിയത്. അത് ദ്രാവകരൂപത്തിലാക്കാനും ശുദ്ധീകരിക്കാനും മറ്റുമുള്ള പുതിയ സാങ്കേതികവിദ്യകള്‍ക്കായി പിന്നെയും കുറേ ബില്യണുകള്‍ ചെലവായിക്കഴിഞ്ഞു. ലാഭകരമായി വില്‍പന നടത്താതെ ഒന്നും മുതലാവില്ല. നല്ല രീതിയില്‍ കച്ചവടം നടന്നില്ലെങ്കില്‍ ഈ ഭീമന്‍ വ്യവസായം കടപുഴകും.
ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ ഇന്ധനം ഉപയോഗിക്കരുതെന്നോ ഇന്ധന ഉപയോഗം വെട്ടിക്കുറയ്ക്കണമെന്നോ ട്രംപ് പറയുന്നില്ല. ഇറാനില്‍ നിന്ന് എണ്ണ വാങ്ങേണ്ട എന്നേ പറയുന്നുള്ളൂ. അമേരിക്കയില്‍ നിന്നു വാതകം വാങ്ങാമല്ലോ. അതു ഉല്‍പന്നങ്ങളാക്കാനുള്ള സാങ്കേതികവിദ്യകളും യന്ത്രങ്ങളും വാങ്ങാമല്ലോ. എണ്ണശുദ്ധീകരണ വ്യവസായം മൊത്തത്തില്‍ അഴിച്ചുപണിയാമല്ലോ- ഇത്രയേ പറയുന്നുള്ളൂ. ഇങ്ങനെയൊക്കെയാണ് ട്രംപ് ഭരണകൂടം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാന്‍ ശ്രമിക്കുന്നത്. ഇതിനെ ഭ്രാന്തെന്നു പറയുന്നവനാണ് ഭ്രാന്ത്.
ചൈനയോടെന്താണ് പറയുന്നത്? നിങ്ങള്‍ കുറേക്കാലമായി കുറഞ്ഞ കൂലിക്ക് അധ്വാനശേഷി സംഘടിപ്പിച്ച് ലോകം മുഴുവന്‍ കച്ചവടം നടത്തി കേമന്‍മാരായി വിലസുകയല്ലേ? അതു പറ്റില്ല. ആ ലാഭത്തിന്റെ വിഹിതം ഇവിടെയും വേണം. അതുകൊണ്ട് ഇങ്ങോട്ടു കയറ്റുമതി ചെയ്യണമെങ്കില്‍ അതിനു പറ്റിയ തീരുവ തന്നേ തീരൂ. അങ്ങനെ ട്രംപ് ഭരണകൂടം ചൈനീസ് സാധനങ്ങളുടെ മേലുള്ള തീരുവകള്‍ കുത്തനെ ഉയര്‍ത്തി. ചൈനയുമായുള്ള വ്യാപാരക്കമ്മി തുടച്ചുമാറ്റുകയാണ് പ്രഖ്യാപിത ലക്ഷ്യം.
ലോക വ്യാപാര സംഘടനയുടെ തത്ത്വങ്ങളോ സ്വതന്ത്ര വ്യാപാര സിദ്ധാന്തങ്ങളോ ഒന്നും ഇങ്ങോട്ട് എഴുന്നള്ളിക്കേണ്ടെന്നാണ് ട്രംപ് ചൈനയോടു പറഞ്ഞത്. ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളുമെന്ന്. അമേരിക്കന്‍ മൂലധനത്തിന്റെ താല്‍പര്യങ്ങള്‍ മാത്രം ലക്ഷ്യം വച്ച് ഒരു മറയും കൂടാതെ വാണിജ്യ മാനദണ്ഡങ്ങള്‍ വളച്ചൊടിക്കുകയാണ് ട്രംപ് ഭരണകൂടം ചെയ്യുന്നത്. വ്യാപാരയുദ്ധം മുന്നില്‍ക്കണ്ടുകൊണ്ടുള്ള ചെയ്തികളാണ് ഇതൊക്കെ. വ്യാപാരയുദ്ധമെങ്കില്‍ വ്യാപാരയുദ്ധം, അല്ലാതെ വേറെ മാര്‍ഗമില്ല എന്ന നിലപാടാണിത്. ഇതിലും യുക്തിയില്ലായ്മ ഒന്നുമില്ല. പ്രായോഗിക ബുദ്ധിയാണ് വെളിവാകുന്നത്. സാമ്രാജ്യത്വ മൂലധനത്തിന്റെ പ്രായോഗിക ബുദ്ധിയും യുക്തിയും.
95 ശതമാനത്തിലുപരി പ്രത്യക്ഷമായോ പരോക്ഷമായോ പട്ടാളവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞതാണ് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ. ഈ ഭൂമി മാത്രമല്ല, ഇതേ മാതിരി പല ഗോളങ്ങളെയും ധൂളീകരിക്കാനുള്ള ആയുധശേഖരം ലോകത്തു നിലവിലുണ്ട്. അമേരിക്കയാണ് ഈ ശേഖരത്തിന്റെ ഏറ്റവും വലിയ മുതലാളി. റഷ്യയും പിന്നാക്കമല്ല. ആയുധ നിര്‍മാണവും അവയ്ക്കുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതും ഇന്ന് ലോക സമ്പദ്‌വ്യവസ്ഥയുടെ നിര്‍ണായക ഘടകമാണ്. കാര്‍ഷിക വികസനം പോലും ഇപ്പോള്‍ ആയുധനിര്‍മാതാക്കളുടെ പിടിയിലാണ്. അമേരിക്കയില്‍ കാര്‍ഷിക മേഖല സമ്പദ്ഘടനയുടെ ഒരു ശതമാനം പോലും പങ്കില്ലാത്ത അവസ്ഥയിലാണിത്.
ഈ സാഹചര്യത്തില്‍ കാലഹരണപ്പെട്ട ആയുധ സാങ്കേതികവിദ്യകള്‍ കിട്ടുന്നു എന്നു പറഞ്ഞ് നെഗളിക്കാന്‍ കഴിയുന്ന സര്‍ക്കാരാണ് നമ്മുടേത്. അതൊക്കെ എങ്ങനെയെങ്കിലും ലാഭകരമായി കച്ചവടം നടത്തുകയെന്നതാണ് അമേരിക്കന്‍ ആവശ്യം. അതേ ഉല്‍പന്നങ്ങള്‍ റഷ്യയില്‍ നിന്നു വാങ്ങിയാല്‍ അത്രയും അമേരിക്കക്കു നഷ്ടം. ഇന്നത്തെ അവസ്ഥയില്‍ പരമാവധി കച്ചവടം നടത്തി സമ്പദ്ഘടനയെ പതനത്തില്‍ നിന്നു കരകയറ്റുക, അല്ലെങ്കില്‍ കുറഞ്ഞപക്ഷം പതനത്തിന്റെ ആക്കം പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ തന്നാല്‍ കഴിയുന്നവിധം സഹായിക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. അതില്‍ നിന്നു പറയത്തക്ക നേട്ടങ്ങളൊന്നുമില്ല. കോട്ടങ്ങള്‍ നിരവധിയുണ്ടുതാനും.
അമേരിക്കയുടെ ഉപഗ്രഹമായി, തെക്കനേഷ്യയില്‍ അവരുടെ പിണിയാളായി ഒരു ക്ലയന്റ് സ്‌റ്റേറ്റ് എന്ന സ്റ്റാറ്റസില്‍ നെഞ്ചും തള്ളിച്ചു നടക്കാമെന്നാണ് ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ സ്വപ്‌നം. ക്ലയന്റ് സ്റ്റേറ്റ് എന്ന നിലയില്‍ സ്ഥാപനവല്‍ക്കരിച്ചില്ലെങ്കില്‍ സാമ്പത്തികമായി ദ്രോഹിക്കുമെന്ന ഭീഷണിയും നിലവിലുണ്ട്. ി
Next Story

RELATED STORIES

Share it