തീരുമാനമെടുക്കാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കി

ന്യൂഡല്‍ഹി: പോലിസിലും സൈന്യത്തിലും പ്രവര്‍ത്തിക്കുന്ന മുസ്‌ലിംകള്‍ക്ക് വിശ്വാസത്തിന്റെ ഭാഗമായി താടി വളര്‍ത്താന്‍ അനുമതി നല്‍കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട നിലവിലെ നിയമം പരിഷ്‌കരിക്കണോ വേണ്ടയോ എന്നു തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
എന്നാല്‍, വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവും ജസ്റ്റിസ് അതിവ് റോയിയും അടങ്ങുന്ന ബെഞ്ച് തള്ളി. താടി വളര്‍ത്തിയതിന് ഇന്ത്യന്‍ വ്യോമസേനയില്‍നിന്നു പുറത്താക്കപ്പെട്ട അന്‍സാരി അഫ്താബ് അഹ്മദ് എന്നയാള്‍ക്കു വേണ്ടി അഭിഭാഷകനായ ഇര്‍ഷാദ് ഹനീഫ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. താടി വളര്‍ത്തിയതിന്റെ പേരില്‍ ജോലി നഷ്ടമാവുകയോ അച്ചടക്കനടപടിക്കു വിധേയമാവുകയോ ചെയ്ത ഏതാനുംപേര്‍ പലപ്പോഴായി നല്‍കിയ ഹരജികളിലെല്ലാം ഒന്നിച്ച് അന്തിമവാദം നടക്കുന്ന തിയ്യതി പ്രഖ്യാപിക്കണമെന്നും ഇര്‍ഷാദ് ഹനീഫ് ആവശ്യപ്പെട്ടിരുന്നു.
വിശ്വാസത്തിന്റെ ഭാഗമായി മുസ്‌ലിംകള്‍ക്കു താടി വളര്‍ത്താനുള്ള അവകാശം ഭരണഘടനയിലെ മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടുമോയെന്നതായിരുന്നു പ്രധാനമായും എച്ച് എല്‍ ദത്തു പരിശോധിച്ചത്. വിശ്വാസത്തിന്റെ ഭാഗമായി മുടിമുറിക്കാതെയും താടിവളര്‍ത്തിയും തലപ്പാവു ധരിച്ചും സിഖ് വിഭാഗത്തിന് സൈനികസേവനം നടത്താനുള്ള അവകാശം പരിശോധിച്ച കോടതി, അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം നിരസിച്ചു. ഇതേ വിഷയത്തിലുള്ള ഏതാനും ഹരജികള്‍ വര്‍ഷങ്ങളായി സുപ്രിംകോടതി മുമ്പാകെയുള്ളതിനാല്‍ അടിയന്തരമായി പരിഗണിക്കണമെന്ന ഇര്‍ഷാദ് ഹനീഫിന്റെ ആവശ്യത്തിനു പ്രസക്തിയില്ലെന്നു കോടതി വിലയിരുത്തി.
2008ലാണ് താടിവെട്ടാതിരുന്നതിന് അന്‍സാരി അഫ്താബിനെ വ്യോമസേനയില്‍നിന്നു പുറത്താക്കിയത്. ഇതിനെതിരേ സുപ്രിംകോടതിയെ സമീപിച്ച അദ്ദേഹത്തിന്റെ ഹരജിയില്‍ വ്യോമസേനയ്ക്കു കോടതി നോട്ടീസയച്ചിരുന്നു. എല്ലാ മുസ്‌ലിംകളും താടിവയ്ക്കാറില്ലെന്നും അതു സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന ഒരു അനുഷ്ഠാനം മാത്രമാണെന്നുമാണ് അന്ന് വ്യോമസേന കോടതിക്കു നല്‍കിയ വിശദീകരണം.
Next Story

RELATED STORIES

Share it