തീരുമാനമാവാതെ 31 ലക്ഷത്തിലധികം കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോടതികളില്‍ തീരുമാനമാവാതെ 2.2 കോടി കേസുകള്‍ കെട്ടിക്കിടക്കുന്നു. അതില്‍ 14 ശതമാനം കേസുകള്‍ (31,45,059) അടുത്ത വാദംകേള്‍ക്കാനുള്ള തിയ്യതി നിശ്ചയിക്കാത്തവയാണ്. ദേശീയ ജുഡീഷ്യല്‍ ഡാറ്റഗ്രിഡ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് ഈ വിവരം.
ഈ മാസം 24വരെ 2,20,75,329 കേസുകളാണ് വിവിധ കോടതികളില്‍ തീരുമാനംകാത്തു കഴിയുന്നത്. അടുത്ത വാദംകേള്‍ക്കല്‍ നിശ്ചയിക്കാത്തവയില്‍ 21,75,750 എണ്ണം ക്രിമിനല്‍ കേസുകളും 9,69,309 സിവില്‍ കേസുകളുമാണ്. ഗുജറാത്തിലാണ് ഇത്തരം കൂടുതല്‍ കേസുകളുള്ളത്. 20.46 ശതമാനം. പശ്ചിമബംഗാളില്‍ 14.96 ശതമാനവും മധ്യപ്രദേശില്‍ 13.13 ശതമാനവുമാണ് ഇത്തരം കേസുകളുടെ എണ്ണം. സുപ്രിംകോടതി അടുത്തിടെ വിളിച്ചുകൂട്ടിയ യോഗത്തില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ കുറയ്ക്കാനുള്ള ചില സംവിധാനങ്ങള്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കെട്ടിക്കിടക്കുന്ന രണ്ടു കോടി കേസുകളില്‍ 10 ശതമാനം 10 വര്‍ഷം വരെ പഴക്കമുള്ളവയാണ്.
Next Story

RELATED STORIES

Share it