thrissur local

തീരമേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്

തൃശൂര്‍: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തീരമേഖലയില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകളില്‍ ഏങ്ങണ്ടിയൂര്‍, ഏറിയാട് പ്രദേശങ്ങളിലായി നാലെണ്ണം ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. എറിയാട് മേഖലയില്‍ മൂന്നും, ഏങ്ങണ്ടിയൂരില്‍ ഒരു സ്‌കൂളിലുമായാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഇതില്‍ ഏറ്റവും കൂടുതല്‍ അന്തേവാസികള്‍ ഉള്ളത് എറിയാട് എഎംഐയുപി സ്‌കൂളിലാണ്. ഇവിടെ 70 ഓളം കുടുംബങ്ങളും, 400ലധികം ആളുകളും താമസിക്കുന്നുണ്ട്. എല്ലാ ക്യാംപുകളിലും ആരോഗ്യപ്രവര്‍ത്തകര്‍ സജീവമാണ്.
ക്യാംപുകളിലെ അന്തേവാസികള്‍ക്ക് ഭക്ഷണം, വസ്ത്രം, ശുദ്ധമായ കുടിവെള്ളം എന്നിവ ഉറപ്പാക്കികൊണ്ട് ജനപ്രതിനിധികളും, സന്നദ്ധപ്രവര്‍ത്തകരും കൂടെയുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും വരും ദിവസങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുവാന്‍ സാധ്യതയുള്ളതുകൊണ്ട് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ചുഴലിക്കാറ്റിനെതുടര്‍ന്ന് തീരങ്ങളിലേക്ക് വന്‍തോതില്‍ പ്ലാസ്റ്റിക് കുപ്പികള്‍, പാത്രങ്ങള്‍ എന്നിവ അടിഞ്ഞു കൂടിയിട്ടുള്ളതിനാല്‍ ഇനിയൊരു മഴ പെയ്താല്‍ വെള്ളം കെട്ടിനിന്ന് ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി മുതലായവ വരുന്നതിന് സാധ്യതയുണ്ട്.
സെപ്റ്റിക് ടാങ്കുകളില്‍ വെള്ളം നിറഞ്ഞ് പുറത്തേക്ക് ഒഴുകിയിട്ടുള്ളതിനാല്‍ വയറിളക്കം, കോളറ, ടൈഫോയ്ഡ് മുതലായ അസുഖങ്ങള്‍ക്കും സാധ്യത ഏറെയാണ്. പകര്‍ച്ച വ്യാധികള്‍ പടരുന്നത് ഒഴിവാക്കുന്നതിനായി തദ്ദേശ വാസികള്‍ പ്രതിരോധ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സുഹിത അറിയിച്ചു.
Next Story

RELATED STORIES

Share it