ernakulam local

തീരമേഖലയില്‍ കടലിന്റെ കലി; വീടുകള്‍ വെള്ളത്തില്‍

പള്ളുരുത്തി: ചെല്ലാനം തീരമേഖലയില്‍  കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. വീടുകളെല്ലാം  വെള്ളത്തിലായി. ജനജീവിതം ദുസ്സഹമാക്കുന്ന രീതിയില്‍ കടല്‍ക്കയറ്റവും ശക്തമായ കാറ്റും തുടരുകയാണ്. കടലിന്റെ കലി തുള്ളലില്‍ തീരജനത നട്ടം തിരിയുകയാണ്. ചെല്ലാനത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.
ചെല്ലാനം ലിയോ പബഌക് സ്‌ക്കൂള്‍, സെന്റ്് മേരീസ് സ്‌ക്കൂള്‍ എന്നിവടങ്ങളിലാണ് ദുരിതാശ്വാസ ക്യാംപ് തുറന്നത്. ഇവിടെ ആയിരത്തോളം പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്കാവശ്യമായ എല്ലാ സംവിധാനങ്ങളും റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ക്കാണ് ദുരിതാശ്വാസ ക്യാംപിന്റെ ചുമതല. വെള്ളം കയറിയതിനെ തുടര്‍ന്ന് വീടുകളിലും പരിസര പ്രദേശങ്ങളിലുമെല്ലാം ചെളി നിറഞ്ഞ് കിടക്കുന്ന സാഹചര്യമാണ്. ഇന്നലെ മഴ അല്‍പ്പം മാറി നിന്നതിനെ തുടര്‍ന്ന് വഴികളിലെ വെള്ളം അല്‍പ്പം ഇറങ്ങിയെങ്കിലും കടല്‍ക്കയറ്റത്തിന് ശമനമില്ലാത്ത സാഹചര്യമാണ്.
ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ ചെല്ലാനം ഹാര്‍ബറില്‍ കെട്ടിയിട്ടിരുന്ന മല്‍സ്യബന്ധന വള്ളങ്ങള്‍ ഒഴുകി പോയി. പിന്നീട് മല്‍സ്യതൊഴിലാളികള്‍ തന്നെ ഇവ കരയിലടുപ്പിച്ചു. പല വീടുകളിലേക്കും കയറാനാകാത്ത അവസ്ഥയാണ്. ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ നശിഞ്ഞ നിലയിലാണ്. രാത്രിയിലും  കടല്‍ക്കയറ്റം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. കമ്പിനിപ്പടി, ബസ്സാര്‍, വേളാങ്കണ്ണി , ഗണപതിക്കാട് പ്രദേശങ്ങളിലുള്ളവരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാംപിലുള്ളത്.
കടല്‍ക്കയറ്റം തടയുന്നതിനായി ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് സ്ഥാപിച്ച ജിയോ ട്യൂബുകളെല്ലാം കടല്‍ക്ഷോഭത്തില്‍ ഒലിച്ചുപോയി. ശനിയാഴ്ച രാവിലെയാണ് നേരിയ തോതില്‍ തീരത്ത് കടല്‍കയറി തുടങ്ങിയത്. കടല്‍ കരകവിഞ്ഞു വരുന്ന വെള്ളം ഒഴുകിപോകുന്ന വിജയം കനാല്‍ കടല്‍മണ്ണ് വീണ് നിറഞ്ഞതും കടല്‍ക്ഷോഭം രൂക്ഷമാകാന്‍ കാരണമായതായി
നാട്ടുകാര്‍ പറഞ്ഞു. ഒഴുക്കുചാലില്‍ നിന്നും മുന്‍ കാലങ്ങളില്‍ നാട്ടുകാര്‍ തന്നെ മണല്‍ മാറ്റി ആഴം വര്‍ദ്ധിപ്പിക്കാറുണ്ടായിരുന്നുവെങ്കിലും മണല്‍ നീക്കം ചെയ്യുന്നതിന് നിയന്ത്രണം വന്നതോടെ മണല്‍ നീക്കല്‍ ജോലികള്‍ തടസ്സപ്പെട്ടതായും
നാട്ടുകാര്‍ ആരോപിച്ചു. വരും ദിവസങ്ങളിലും കടല്‍കയറ്റം വര്‍ദ്ധിക്കുമെന്ന് ഇവര്‍ പറഞ്ഞു. അതേസമയം മറുവക്കാട്, കമ്പനി പടി എന്നിവടങ്ങളില്‍ കനാലുകളും തോടുകളും ആഴം കൂട്ടിയെങ്കിലും മണല്‍നീക്കം നടക്കാത്തതിനാല്‍ ഇത് ഫലം കണ്ടില്ല. മണല്‍ നീക്കം കാര്യക്ഷമമാക്കണമെന്നും ഇത് സംബന്ധിച്ച കൂലി വ്യവസ്ഥയില്‍ പ്രദേശവാസികളേയും ചുമതലപ്പെടുത്തണമെന്ന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
വൈപ്പിന്‍: നിലക്കാതെ പെയ്യുന്ന മഴയും കടല്‍ക്ഷോഭവും മൂലം  പുതുവൈപ്പ്, തെക്കന്‍മാലിപ്പുറം, ചാപ്പ, ആര്‍എംപി എന്നിവടങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ഇതേതുടര്‍ന്ന് മാലിപ്പുറം സെന്റ് പീറ്റേഴ്‌സ് എല്‍പി സ്‌കൂളിലും പുതുവൈപ്പ് സര്‍ക്കാര്‍ യുപി സ്‌കൂളിലും ക്യാംപുകള്‍ തുറന്നു. രണ്ടു ക്യാംപിലുമായി അറുപതോളം കുടുംബങ്ങളുണ്ട്.
എടവനക്കാട് ചാത്തങ്ങാട് ഞാറക്കല്‍ ആറാട്ടുവഴി, മുനമ്പം വേളാങ്കണ്ണി പള്ളി എന്നിവിടങ്ങളില്‍ ശക്തമായ കടല്‍കയറ്റമാണ് അനുഭവപ്പെട്ടത്. സാധാരണയില്‍ നിന്ന് വിഭിന്നമായി കടല്‍ക്ഷോഭത്തിന്റെ തീവ്രത കൂടുതലായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് മല്‍സ്യ ബന്ധനത്തിന് പോകുന്ന ചെറുവഞ്ചികളും മറ്റും തൊഴിലാളികള്‍ സുരക്ഷതമായ സ്ഥലങ്ങളിലേക്ക് മാറ്റി. തിരയടിച്ച് മണ്ണ് ഒലിച്ച് പോയതോടെ കടല്‍ ഭിത്തി തകര്‍ന്ന നിലയിലാണ്. കടല്‍ഭിത്തിക്കടിയിലൂടെയും മുകളിലൂടെയും കൂറ്റന്‍ തിരമാലകള്‍ കരയിലേക്ക് എത്തുകയായിരുന്നു. മണല്‍ ഭിത്തികള്‍ നിര്‍മിച്ചാണ് തീരദേശവാസികള്‍ വെള്ളം കയറുന്നതു തടയാന്‍ ശ്രമിച്ചതെങ്കിലും ഇത് ഫലവത്തായില്ല. മണല്‍വീണ് തീരദേശ റോഡ് സഞ്ചാരയോഗ്യമല്ലാതായി. രണ്ടു ദിവസമായി മഴ നിര്‍ത്താതെ പെയ്തതോടെ  വൈപ്പിന്‍കരയുടെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ട്. വീടുകള്‍ക്കു ചുറ്റുമുള്ള വെള്ളം തോടുകളിലേക്ക് പമ്പ് ചെയ്തു കളയേണ്ടിവരുന്നു. മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ വെള്ളക്കെട്ട് കൂടാനാണ് സാധ്യത.
മഴപെയ്തതോടെ വെള്ളം ഒഴിഞ്ഞു പോകാന്‍ സ്ഥലമില്ലാത്തതിനാല്‍ ഇടറോഡുകളും സംസ്ഥാനപാതയും വെള്ളത്തില്‍ മുങ്ങി. മഴകനത്തതോടെ ഞായറാഴ്ച രാത്രിയില്‍ത്തന്നെ വീടുകളില്‍ വെള്ളം കയറി. വൃദ്ധരും കുട്ടികളുമടക്കമുള്ള കുടുംബാംഗങ്ങള്‍ ബന്ധുവീടുകളില്‍ അഭയംതേടി.
പുതുവൈപ്പ് മേഖലയില്‍ നിന്നും വെള്ളം ഒഴുകിപ്പോകുന്ന ആര്‍എംപി തോട്ടിലെ ആഴക്കുറവും ഇടത്തോടുകള്‍ സ്വകാര്യ വ്യക്തികള്‍ വീതി കുറച്ച് കൈയേറിയതുമാണ് ഇത്ര വെള്ളക്കയറ്റത്തിനു കാരണം. വലിയതോതില്‍ മഴപെയ്തപ്പോള്‍ ഒഴുകി ആര്‍എംപി തോട്ടിലേക്ക് പോകുന്ന ഇടത്തോടുകളാണ് കൈയേറിയിട്ടുള്ളത്. ഈ തോടുകളിലെ വീതി കുറഞ്ഞ കലുങ്കുകളും വെള്ളം ഒഴുകിപ്പോകാന്‍ തടസ്സമായിട്ടുണ്ട്. എസ് ശര്‍മ എംഎല്‍എ ക്യാംപുകള്‍ സന്ദര്‍ശിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ സെബാസ്റ്റിയന്‍, വില്ലേജ് ഓഫിസര്‍മാരായ ബിന്ദു ചന്ദ്രന്‍, രാജീവ്, തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it